ബാഗ്ദാദ്
ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങൾ വെള്ളിയാഴ്ച പ്രകടനം നടത്തി. ഇറാഖിലെ ബാഗ്ദാദിൽ പലസ്തീന് ഐക്യദാർഢ്യവുമായി ജനം തെരുവിലിറങ്ങി. ‘അധിനിവേശം വേണ്ട, അമേരിക്ക വേണ്ട’ എന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭകർ താഹിർ സ്ക്വയറിൽ ഒത്തുചേർന്നു.
പലസ്തീൻ, ഇറാഖ് പതാകകൾ വീശുകയും ഇസ്രയേൽ പതാക കത്തിക്കുകയും ചെയ്തു. യെമൻ തലസ്ഥാനമായ സനയിൽ, യെമൻ, പലസ്തീൻ പതാകകൾ വീശിയായിരുന്നു പ്രകടനം. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്തോനേഷ്യയിലും മലേഷ്യയിലെ ക്വാലാലംപുരിലും റോമിലും പലസ്തീന് ഐക്യദാർഢ്യമായി പ്രാർഥന നടന്നു.
ജർമനിയിലും ഫ്രാൻസിലും പലസ്തീൻ അനുകൂലറാലികൾ നിരോധിച്ചു. ഇസ്രയേൽ––ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട ‘നിയമവിരുദ്ധമായ ഉള്ളടക്കത്തെക്കുറിച്ചും’ വിദ്വേഷ പ്രസംഗത്തെക്കുറിച്ചും വിവരം നൽകാൻ യൂറോപ്യൻ യൂണിയൻ സമൂഹമാധ്യമം എക്സിനോട് ആവശ്യപ്പെട്ടു.