ആലുവ
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്കി കാര്‍ഷിക മേഖലയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പോഷകസമൃദ്ധി മിഷന് രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പോഷകസമൃദ്ധി മിഷന്റെ ഭാഗമായി ചെറുധാന്യങ്ങളുടെ കൃഷിയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാൻ ഐസിഎആര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസര്‍ച്ചുമായി ധാരണപത്രം ഒപ്പുവച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘പോഷകസമൃദ്ധമായ സുരക്ഷിത ഭക്ഷണം’ എന്ന ലക്ഷ്യത്തോടെ ഉൽപ്പാദനമേഖലമുതല് വിപണനമേഖലവരെ സമഗ്രമായി സംയോജിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് പോഷകസമൃദ്ധി മിഷന്റെ ലക്ഷ്യം. കൃഷിവകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസർച്ചുമായുള്ള ധാരണപത്രം കൃഷിവകുപ്പ് ഡയറക്ടർ കെ എസ് അഞ്ജുവും ഐഐഎംആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബി ദയാകർ റാവുവും ഒപ്പുവച്ചു. ചെറുധാന്യങ്ങളുടെ സംസ്കരണം, മൂല്യവര്‍ധന, വിപണനം, ബ്രാൻഡിങ് എന്നീ മേഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസര്‍ച്ച്, കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായ 2023ൽ വിളവൈവിധ്യവല്ക്കരണത്തിലൂടെ റാഗി, ചാമ, തിന, വരഗ്, പനിവരഗ്, മണിച്ചോളം, ബജ്റ, കുതിരവാലി എന്നീ ചെറുധാന്യകൃഷികളുടെ വിസ്തൃതി വര്‍ധിപ്പിച്ച് ഉൽപ്പാദനം വർധിപ്പിക്കും. ചെറുധാന്യ സംസ്കരണ യൂണിറ്റ് ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന മില്ലെറ്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായി 742 ഹെക്ടറില്‍ ജൈവ സര്ട്ടിഫിക്കേഷന് ലഭിച്ചു. ചെറുധാന്യ സംസ്കരണകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.
സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കേരള അഗ്രോ ബ്രാന്‍ഡിനുകീഴില്‍ വിവിധ ഓണ്‍ലൈന്‍/ഓഫ്ലൈന് പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കും. മില്ലെറ്റ് കഫേകള്‍ ആരംഭിക്കും. ചെറുകിട മില്ലെറ്റ് സംസ്കരണ യൂണിറ്റുകള്‍ തുടങ്ങാൻ സാമ്പത്തികസഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.