കൊച്ചി
കോടതിയിൽ ഇരിക്കുന്നത് ഭരണഘടനാ ചുമതല നിർവഹിക്കുന്ന ജഡ്ജിമാരാണെന്നും ആരും അവിടേക്ക് തൊഴുകൈയോടെ വരേണ്ടതില്ലെന്നും ഹൈക്കോടതി. ഹർജിയുമായി വരുന്നവർ ഔചിത്യം പാലിക്കണമെന്നും കോടതി നിർദേശിച്ചു. ശബ്ദശല്യത്തെക്കുറിച്ച് പരാതി പറയാൻ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച ശേഷം അസഭ്യം പറഞ്ഞ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴുകൈയോടെ കോടതിയിലെത്തിയ ആലപ്പുഴ സ്വദേശിനിയോടാണ് കോടതി ഇത് വിശദീകരിച്ചത്.
ഹർജി പരിഗണിച്ച കോടതി കേസ് റദ്ദാക്കി. കേസെടുത്ത സാഹചര്യം അന്വേഷിക്കാൻ ആലപ്പുഴ പൊലീസ് മേധാവിയോട് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു.
പരാതി പറയാൻ വിളിച്ചപ്പോൾ ഇൻസ്പെക്ടർ അസഭ്യം പറഞ്ഞെന്ന് കംപ്ലെയിന്റ് അതോറിറ്റിക്കും ഉന്നതപൊലീസ് ഉദ്യോഗസ്ഥർക്കും ഹർജിക്കാരിയാണ് ആദ്യം പരാതി നൽകിയത്. ഇതിനുശേഷമാണ് പൊലീസ് പരാതിക്കാരിക്കെതിരെ കേസെടുത്തത്. ഇത് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞെന്ന ആരോപണം വിശ്വസനീയമല്ല. ഇൻസ്പെക്ടർക്കെതിരെ വേറെയും പരാതികളുണ്ടെന്നും സർവീസിലുണ്ടെങ്കിൽ വകുപ്പുതല അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.