തിരുവനന്തപുരം > ഒരു വ്യവസായമെന്ന രൂപത്തിൽ തോട്ടം മേഖലയിൽ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയർത്തുന്നതിനുള്ള നിയമപരമായ സാധ്യതകൾ ആലോചിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവൽകരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി (ഐഐഎം കോഴിക്കോട്) ധാരണാപത്രം ഒപ്പുവച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങൾക്കായി ഭരണാനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവൽക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്താൻ തുക വകയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ ക്ഷണിച്ച് സാങ്കേതിക-വിദഗ്ധ സമിതി മൂല്യനിർണയം നടത്തി കോഴിക്കോട് ഐഐഎമ്മിനെ തെരഞ്ഞെടുത്തത്.
മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്ലാന്റേഷൻസ് സ്പെഷ്യൽ ഓഫീസർ എസ് ഹരികിഷോറും കോഴിക്കോട് ഐഐഎമ്മിലെ മെന്റർ പ്രൊഫ. ആനന്ദകുട്ടനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, പ്ലാന്റേഴ്സ് അസോസിയേഷൻ സെക്രട്ടറി അജിത്കുമാർ, കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫ. എസ് വെങ്കട്ടരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. അശുതോഷ് സർക്കാർ, പ്ലാൻറേഷൻ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡോ. കെ എസ് കൃപകുമാർ എന്നിവർ പങ്കെടുത്തു.
ചിത്രം: തോട്ടങ്ങളുടെ വൈവിധ്യവൽക്കരണത്തെ കുറിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും ഐഐഎം കോഴിക്കോടുമായുള്ള ധാരണാപത്രം മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ പ്ലാന്റേഷൻസ് സ്പെഷ്യൽ ഓഫീസർ എസ് ഹരികിഷോറും ഐഐഎം മെന്റർ പ്രൊഫ ആനന്ദകുട്ടനും കൈമാറുന്നു.