കൊച്ചി> വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ അപേക്ഷകന് എന്തെങ്കിലും മറുപടി അല്ല, വ്യക്തമായ വിവരമാണ് ലഭിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ എ അബ്ദുൾ ഹക്കീം പറഞ്ഞു. വിവരാവകാശനിയമത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ‘വിവരാവകാശനിയമം എന്ത്, എന്തിന്, എങ്ങനെ’ എന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ വിവരം നൽകിയാൽ മതിയെന്ന നിലപാട് ശരിയല്ല. അപ്പോൾത്തന്നെയോ അഞ്ചുദിവസത്തിനുള്ളിലോ വിവരം നൽകാൻ സാധിക്കണം. അപേക്ഷകന് വിവരം നൽകുന്നതിനുപകരം എങ്ങനെ നൽകാതിരിക്കാം എന്നതിലാണ് പല ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വിവരാവകാശനിയമം കൃത്യമായി നടപ്പാക്കിയില്ലെങ്കിൽ കൃത്യമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ആർടിഐ കേരള ഫെഡറേഷൻ, ചാവറ കൾച്ചറൽ സെന്റർ, ആന്റികറപ്ഷൻ പീപ്പിൾ മൂവ്മെന്റ്, എസ്എച്ച് കോളേജ്, കേരള മീഡിയ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമീഷൻ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു അധ്യക്ഷനായി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, അഭിഭാഷകരായ ജോസ് എബ്രഹാം, ശശി കിഴക്കട എന്നിവർ സംസാരിച്ചു.