കൊച്ചി
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക ഫോബ്സ് ഇന്ത്യ പുറത്തിറക്കിയപ്പോൾ മലയാളി വ്യവസായികൾക്ക് മുന്നേറ്റം. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ എന്നിവർ ധനികരായ മലയാളികളുടെ പട്ടികയിൽ ആദ്യ മൂന്നുസ്ഥാനം നേടി.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 9200 കോടി ഡോളർ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായി. കഴിഞ്ഞവർഷം ഒന്നാംസ്ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 6800 കോടി ഡോളർ ആസ്തിയുമായി രണ്ടാംസ്ഥാനത്താണ്.
2023ലെ പട്ടികപ്രകാരം 710 കോടി ഡോളറാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 27-ാംസ്ഥാനത്തുള്ള എം എ യൂസഫലിയുടെ ആസ്തി. കഴിഞ്ഞവർഷം 540 കോടി ഡോളറുമായി 35-ാംസ്ഥാനത്തായിരുന്നു. 440 കോടി ഡോളറാണ് രണ്ടാംസ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ ആസ്തി. കഴിഞ്ഞവർഷം 69-ാം സ്ഥാനത്തായിരുന്ന ഇദ്ദേഹം, ഈവർഷം 50-ാംസ്ഥാനത്തേക്ക് ഉയർന്നു. 370 കോടി ഡോളർ ആസ്തിയോടെയാണ് ഡോ. ഷംഷീർ വയലിൽ പട്ടികയിൽ 57-ാംസ്ഥാനത്തെത്തിയത്.
ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ –67, ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള– 69, ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി– 78 എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റുമലയാളി വ്യവസായികൾ. 490 കോടി ഡോളർ ആസ്തിയുമായി മുത്തൂറ്റ് കുടുംബം 43-ാംസ്ഥാനത്തെത്തി. മുൻവർഷങ്ങളിൽ പട്ടികയിലുണ്ടായ ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും പട്ടികയിൽനിന്ന് പുറത്തായി.