തിരുവനന്തപുരം
തൊഴിൽവകുപ്പിനുകീഴിലെ കിലെയിൽ അനധികൃത നിയമനം നടന്നുവെന്ന തരത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമായ ആരോപണമെന്ന് കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് പറഞ്ഞു. മന്ത്രി ഇടപെട്ട് ഇഷ്ടക്കാരായ 11 പേരെ കിലെയിൽ സ്ഥിരമായി നിയമിച്ചുവെന്നാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, വർഷങ്ങളായി ജോലിചെയ്യുന്നവർക്ക് താൽക്കാലികക്കാരായി തുടരാനുള്ള അനുവാദംമാത്രമാണ് സർക്കാരിൽനിന്ന് ലഭിച്ചത്.
കോൺഗ്രസ് നേതാവ് ഫിലിപ്പ് തോമസ് കിലെ ചെയർമാനായിരുന്ന 2013 മുതൽ പലപ്പോഴായി കരാർ അടിസ്ഥാനത്തിൽ കിലെയിൽ തുടരുന്ന മൂന്ന് പേരുടെയും എട്ട് ദിവസവേതനക്കാരുടെയും താൽക്കാലിക നിയമനം അംഗീകരിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയത്. കിലെയിൽ ആറ് സ്ഥിരം ജീവനക്കാരും മൂന്ന് ഡെപ്യൂട്ടേഷൻകാരും മൂന്ന് കരാർ ജീവനക്കാരും പത്ത് ദിവസവേതനക്കാരും ഉൾപ്പെടെ 22 പേരാണുള്ളത്. കിലെയുടെ സ്ഥിരം ജീവനക്കാരുടെ അനുവദനീയമായ എണ്ണം 10 മാത്രമാണ്. സർക്കാരിന്റെ ഏതു വകുപ്പിലെയും പോലെ ആവശ്യമുണ്ടെങ്കിൽ ജീവനക്കാരെ താൽക്കാലികക്കാരായോ, ദിവസവേതന അടിസ്ഥാനത്തിലോ നിയമിക്കാൻ വകുപ്പുമേധാവിക്ക് അനുവാദമുണ്ട്. എന്നാൽ, കിലെയിൽ ഇതുവരെ താൽക്കാലിക നിയമനങ്ങളിൽ കൃത്യമായ മാർഗരേഖ ഉണ്ടായിരുന്നില്ല. 2019ൽ ധനവകുപ്പ് ഇറക്കിയ സർക്കുലർ പ്രകാരം രണ്ട് വർഷംവരെമാത്രമേ താൽക്കാലികക്കാരെ നിലനിർത്താനാകൂ. നിയമനം നീട്ടണമെങ്കിൽ സർക്കാരിന്റെ അനുവാദം വേണം. സെപ്തംബർ 20ന് തൊഴിൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് നിലവിൽ കൺസോളിഡേറ്റഡ് പേയിലും ദിവസവേതനാടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും നിയമിക്കപ്പെട്ട ജീവനക്കാരുടെ താൽക്കാലിക നിയമന നടപടി സാധൂകരിച്ചുകൊണ്ടുള്ള ഉത്തരവുമാത്രമാണ്. ഭാവിയിൽ താൽക്കാലികക്കാരെ നിയോഗിക്കേണ്ടി വന്നാൽ സർക്കാർ ഉത്തരവുകളിലെ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നടത്താൻ പാടുള്ളൂവെന്നും ഉത്തരവിലുണ്ട്. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചും നുണകൾ ആവർത്തിച്ചും കിലെയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ എൻ ഗോപിനാഥ് പ്രസ്താവനയിൽ പറഞ്ഞു.