ഗാസ
കഴിഞ്ഞ 15 വർഷം ഇസ്രയേൽ–- പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലുകാരെക്കാൾ 20 ഇരട്ടി പലസ്തീൻകാർ കൊല്ലപ്പെട്ടതായി കണക്കുകൾ. 2008 മുതൽ 2023 സെപ്തംബർവരെ സംഘർഷത്തിൽ 6407 പലസ്തീൻകാരും 308 ഇസ്രയേലുകാരും കൊല്ലപ്പെട്ടു. അതേസമയം, കഴിഞ്ഞ 15 വർഷത്തിൽ കൊല്ലപ്പെട്ട ഇസ്രയേലുകാരുടെ എണ്ണത്തിന്റെ നാലിരട്ടി ഹമാസിന്റെ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ച ഇസ്രയേലുകാരുടെ എണ്ണം 1200 കടന്നിരുന്നു.
2008 ഡിസംബർമുതൽ 2009 ജനുവരിവരെ 22 ദിവസം നീണ്ട സംഘർഷം 13 ഇസ്രയേലുകാരുടെ ജീവനെടുത്തപ്പോൾ അതിന്റെ നൂറിരട്ടി പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്–- 1400ലധികം. കൊല്ലപ്പെട്ട ഇസ്രയേലുകാരിൽ മൂന്നിലൊന്നും സ്വന്തം ഭാഗത്തുനിന്നുള്ള വെടിയേറ്റായിരുന്നു മരിച്ചത്. 2014ൽ ഏഴ് ആഴ്ച നീണ്ട ഏറ്റുമുട്ടലിൽ 2310 പലസ്തീൻകാരും 73 ഇസ്രയേലികളും കൊല്ലപ്പെട്ടു. അവരിൽ 67 പേർ സൈനികരായിരുന്നു. പലസ്തീൻപക്ഷത്ത് കൊല്ലപ്പെട്ടവരിൽ 551 കുട്ടികളും 299 സ്ത്രീകളുമുണ്ടായിരുന്നു.
2021 മേയിൽ ഇസ്രയേൽ ജെറുസലേമിൽ അൽ അഖ്സ പള്ളിയിലേക്കുള്ള ദമാസ്കസ് ഗേറ്റിൽ ലോഹവേലി സ്ഥാപിച്ച് പ്രവേശനം തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ഇസ്രയേലിൽ മലയാളി സൗമ്യ സന്തോഷടക്കം 12 പേർ കൊല്ലപ്പെട്ടു. 11 ദിവസം നീണ്ട സംഘർഷത്തിൽ 349 പലസ്തീൻകാരും കൊല്ലപ്പെട്ടു. 2008 മുതൽ 2020 വരെ നടന്ന സംഘർഷത്തിൽ 5590 പലസ്തീന്കാരും 251 ഇസ്രയേലുകാരും കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്.