ഫ്ലോറിഡ
ബെന്നു ഛിന്നഗ്രഹത്തിൽനിന്നുള്ള സാമ്പിളിൽ കാർബണിന്റെയും ജലത്തിന്റെയും വൻ സാന്നിധ്യം. സാമ്പിളിന്റെ ചിത്രം നാസ പുറത്തുവിട്ടു. കഴിഞ്ഞ മാസം അവസാനമാണ് ഒസിറിക്സ് റെക്സ് ദൗത്യത്തിന്റെ ഭാഗമായി സാമ്പിളടങ്ങിയ പേടകം ഭൂമിയിലെത്തിയത്. ആദിമ സൗരയൂഥത്തിന്റെ ഫോസിലുമായി എത്തിയ പേടകം തുറന്നുനടത്തിയ പ്രാഥമിക പഠനത്തിലാണ് കണ്ടെത്തൽ. കളിമണ്ണിന്റെ സ്വഭാവമുള്ള ബെന്നുവിന്റെ പ്രതലത്തെപ്പറ്റി പഠനം തുടരുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ഇതുവരെ ലഭിച്ചതിൽവച്ച് ഏറ്റവും വലിയ കാർബൺ സമ്പന്നമായ ഛിന്നഗ്രഹ സാമ്പിളാണിത്. ഭാവി ഗവേഷണങ്ങൾക്ക് മുതൽക്കൂട്ടാകുമിതെന്നും അദ്ദേഹം പറഞ്ഞു.
250 ഗ്രാം ഭാരമുള്ള സാമ്പിളുകളാണ് ഒസിറിക്സ് റെക്സ് ശേഖരിച്ചത്. സൗരയൂഥത്തെപ്പറ്റി പഠിക്കാൻ 2016 സെപ്തംബർ 8നാണ് ഒസിറിക്സ് റെക്സ് നാസ വിക്ഷേപിച്ചത്. 2018 ഡിസംബറിൽ ബെന്നുവിന്റെ ഭ്രമണപഥത്തിലെത്തി. തുടർന്ന് ഛിന്നഗ്രഹത്തെ ചുറ്റുകയായിരുന്ന പേടകം നിരവധി വിവരം ലഭ്യമാക്കി. 2020ൽ ബെന്നുവിലിറങ്ങാതെ യന്ത്രക്കൈ ഉപയോഗിച്ച് സാമ്പിൾ ശേഖരിച്ചു. തുടർന്ന് മടങ്ങി.