ടെൽ അവീവ്/ഗാസ
ഹമാസുമായുള്ള യുദ്ധം ആറുദിവസം പിന്നിട്ടപ്പോൾ ഗാസയിലെ ജനങ്ങൾക്കുനേരെ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ കൂടുതൽ ഊർജിതമാക്കി ഇസ്രയേൽ. ആരും ധാർമികത പ്രസംഗിക്കേണ്ടെന്നും ഗാസ മുനമ്പിൽ ഒരു മാനുഷിക പരിഗണനയുമുണ്ടാകില്ലെന്നും ഊര്ജമന്ത്രി ഇസ്രയേല് കാട്സ് വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കാതെ മേഖലയിലേക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും അനുവദിക്കില്ല. ഒരു വൈദ്യുതി സ്വിച്ചും ടാപ്പും പ്രവർത്തിക്കില്ലെന്ന് ഉറപ്പാക്കും–- കാട്സ് പറഞ്ഞു.
ഹമാസിനെ ഐഎസിനെയെന്നപോലെ നേരിടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോടൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നൽകുമെന്ന് ബ്ലിങ്കൻ പ്രഖ്യാപിച്ചു.
അതേസമയം, ഗാസയിലെ ആശുപത്രികൾ മോർച്ചറികളായി മാറുകയാണെന്ന് റെഡ് ക്രോസ് റീജണൽ ഡയറക്ടർ ഫാബ്രിസിയോ കാർബോണി പറഞ്ഞു. ഡീസൽ തീർന്നതോടെ ഗാസയിലെ ഏക വൈദ്യുതനിലയത്തിന്റെ പ്രവർത്തനം ബുധനാഴ്ചയോടെ നിലച്ചിരുന്നു. ഐസിയുവിലും വെന്റിലേറ്ററുകളിലുമുള്ള രോഗികളുടെ ശ്വാസംനിലയ്ക്കുന്ന സ്ഥിതിയാണ്. ശസ്ത്രക്രിയകളും ഡയാലിസിസുമടക്കം അവശ്യസേവനങ്ങളും നൽകാനാകുന്നില്ല. ഫോസ്ഫറസ് ബോംബാക്രമണങ്ങളിൽ പരിക്കേൽക്കുന്ന കുട്ടികളുൾപ്പെടെ ചികിത്സിക്കാനുള്ള മരുന്നോ ഉപകരണങ്ങളോ ലഭ്യമല്ല. ആശുപത്രികൾ പരിക്കേറ്റവരെയും മൃതദേഹങ്ങളെയുംകൊണ്ട് നിറഞ്ഞതായി സ്ഥലത്തുള്ള അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരെയും ഫീൽഡിലുള്ള റെഡ് ക്രോസ്, റെഡ് ക്രെസന്റ് പ്രവർത്തകരെയും വ്യാപകമായി ആക്രമിക്കുന്നു.
ഗാസയിൽ 450ലധികം കുട്ടികളും 250ലധികം സ്ത്രീകളുമാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. നുസറത്ത് ഉൾപ്പെടെ അഭയാർഥി ക്യാമ്പുകളിലേക്കും രൂക്ഷ വ്യോമാക്രമണമാണ്. വ്യാഴാഴ്ച മാത്രം 151 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1471 ആയി. 6000 പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 ആയി.
2 സിറിയൻ
വിമാനത്താവളങ്ങൾ ആക്രമിച്ച് ഇസ്രയേൽ
ഹമാസുമായുള്ള യുദ്ധത്തിനിടെ ഇസ്രയേൽ അയൽരാജ്യമായ സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളും കടന്നാക്രമിച്ചു. തലസ്ഥാനമായ ഡമാസ്കസിലെയും വടക്കൻ നഗരം ആലെപ്പോയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായിരുന്നു വ്യോമാക്രമണം. റൺവേകൾ തകർന്നതോടെ സിറിയയിലേക്കും അവിടെനിന്ന് പുറത്തേക്കുമുള്ള വിമാന സർവീസുകൾ മുടങ്ങി. ഇറാൻ വിദേശമന്ത്രി വെള്ളിയാഴ്ച സിറിയ സന്ദർശിക്കാനിരിക്കെയാണ് ആക്രമണം.കൂടാതെ ലബനനിൽ ബോംബാക്രമണവും നടത്തി. ഹിസ്ബുള്ളയുടെ ആക്രമണം നേരിടാൻ വടക്കൻ മേഖലയിൽ കൂടുതൽ സൈന്യത്തെയും വിന്യസിച്ചു. ഇരുരാജ്യങ്ങളിൽ നിന്നും തങ്ങൾക്ക് നേരെ അക്രമമുണ്ടായതിന്റെ തിരിച്ചടിയായാണ് വ്യോമാക്രമണമെന്നാണ് ഇസ്രയേലിന്റെ പ്രതികരണം.
സ്വതന്ത്ര പലസ്തീൻ: നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ
സ്വതന്ത്ര, പരമാധികാര, സുസ്ഥിര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണമെന്നതാണ് ഇന്ത്യയുടെ സുചിന്തിത നിലപാടെന്ന് വിദേശമന്ത്രാലയം. അതിരുകൾക്കുള്ളിൽ സുരക്ഷിതമായി ജീവിക്കാൻ പലസ്തീൻ ജനതയ്ക്ക് കഴിയണം. ഇതിനായി കക്ഷികൾ തമ്മിൽ നേരിട്ട് ചർച്ചകൾ നടക്കണം. ദീർഘകാലമായുള്ള ഈ നിലപാടിൽ ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ഗാസ ഭരിക്കുന്ന ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ബാഗ്ചി കൃത്യമായ ഉത്തരം നൽകിയില്ല. എന്നാൽ, ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ ഹമാസ് നടത്തിയത് ഭീകരാക്രമണമാണ്. ഇസ്രയേൽ യുദ്ധനിയമങ്ങൾ പാലിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് രാജ്യാന്തര മാനുഷിക നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് മറുപടി നൽകി. 18,000ഓളം ഇന്ത്യക്കാർ ഇസ്രയേലിലുണ്ട്. മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സഹായം നൽകും. ആദ്യവിമാനത്തിൽ 230 പേർ ഉണ്ടാകും. ഗാസയിൽ -പതിമൂന്നോളം ഇന്ത്യക്കാരുണ്ടെന്നും ബാഗ്ചി പറഞ്ഞു.