ലഖ്നൗ > ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലും കംഗാരുപ്പടയ്ക്ക് തോൽവി. 134 റണ്ണിനാണ് രണ്ടാം മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയ അടിയറവ് പറഞ്ഞത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ ഓസീസിന്റെ ലോകകപ്പ് മോഹങ്ങൾക്ക് വൻതിരിച്ചടിയായി വമ്പൻ തോൽകി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 311 റണ്ണാണ് അടിച്ചുകൂട്ടിയത്. ഓസീസിന്റെ മറുപടി 40.5 ഓവറിൽ 177ന് അവസാനിച്ചു. തുടർച്ചയായ രണ്ടാംകളിയിലും സെഞ്ചുറി നേടിയ ക്വിന്റൺ ഡി കോക്കാണ് (106 പന്തിൽ 109) മാൻ ഓഫ് ദി മാച്ച്. ഡി കോക്കും ക്യാപ്റ്റൻ ടെംബ ബവുമയും (35) ഒന്നാം വിക്കറ്റിൽ 108 റൺ കൂട്ടുകെട്ടുണ്ടാക്കി. മധ്യനിരയിൽ എയ്ദൻ മാർക്രം (44 പന്തിൽ 56) സ്കോർ ഉയർത്തി.
മറുപടി ബാറ്റിങ്ങിൽ ഓസീസിനെ ദക്ഷിണാഫ്രിക്കൻ പേസർമാർ വിറപ്പിച്ചു. മൂന്ന് വിക്കറ്റുമായി കഗീസോ റബാദ അവരുടെ അടിവേരിളക്കി. മാർകോ ജാൻസെൺ രണ്ട് വിക്കറ്റെടുത്തു. ലുൻഗി എൻഗിഡി എട്ടോവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ 18 റൺ മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. സ്പിന്നർമാരായ കേശവ് മഹാരാജിനും ടബ്രിയസ് ഷംസിക്കും രണ്ട് വിക്കറ്റ് കിട്ടി.പതിനാറിന് ശ്രീലങ്കയുമായാണ് ഓസീസിന്റെ അടുത്ത കളി. ദക്ഷിണാഫ്രിക്ക 17ന് നെതർലൻഡ്സുമായി കളിക്കും.