ലഖ്നൗ
റെക്കോഡ് പ്രകടനത്തിന്റെ ആവേശവുമായി ലോകകപ്പിലെ രണ്ടാംമത്സരത്തിന് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നു. ആദ്യകളിയിൽ ലോകകപ്പിലെ ഏറ്റവും മികച്ച ടീം സ്കോറായ 428ൽ എത്തുമ്പോഴേക്ക് 14 സിക്സറും 45 ബൗണ്ടറിയുമാണ് ആഫ്രിക്കക്കാർ അടിച്ചുകൂട്ടിയത്. ശ്രീലങ്കയ്ക്കെതിരെ 102 റണ്ണിന്റെ വമ്പൻ ജയവും നേടി. ഇന്ത്യയോടേറ്റ ആറ് വിക്കറ്റ് തോൽവി മറന്ന് വിജയവഴിയിൽ തിരിച്ചെത്താൻ കൊതിക്കുന്ന ഓസ്ട്രേലിയയാണ് എതിരാളി. പകൽ രണ്ടിന് ലഖ്നൗവിലാണ് മത്സരം.
ക്വിന്റൺ ഡി കോക്ക്, റാസി വാൻഡെർ ദുസെൻ, എയ്ദൻ മാർക്രം എന്നിവരുടെ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ ഒരുക്കിയത്. 49 പന്തിൽ മൂന്നക്കം കടന്ന മാർക്രം ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കും ഉടമയായി. ബൗളിങ്ങിൽ മാർകോ ജാൻസന്റെ ധാരാളിത്തമാണ് ടീം നേരിടുന്ന വെല്ലുവിളി. ആദ്യകളിയിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ ജാൻസൻ വിട്ടുകൊടുത്തത് 92 റണ്ണാണ്.
ബാറ്റർമാർ താളംകണ്ടെത്താത്തതാണ് ഓസീസിന്റെ പ്രതിസന്ധി. ഓപ്പണർ ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത് എന്നിവർ മാത്രമാണ് ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പരിചയസമ്പന്നനായ പേസർ സ്റ്റാർക്ക് നയിക്കുന്ന ബൗളിങ് നിര കരുത്തുറ്റതാണ്.