ബംഗളൂരു
പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ മണികണ്ഠ ഹൊബ്ലിദറിന് ദേശീയ റെക്കോഡ്. ബംഗളൂരുവിൽ ആരംഭിച്ച ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റിലാണ് നേട്ടം. സെമിയിൽ 10.23 സെക്കൻഡിൽ ഓടിയാണ് ഇരുപത്തൊന്നുകാരൻ റെക്കോഡിട്ടത്. 2016ൽ അമിയ മല്ലിക്ക് കുറിച്ച 10.26 സെക്കൻഡ് സമയം തിരുത്തി. കർണാടകക്കാരനായ മണികണ്ഠ സർവീസസിനുവേണ്ടിയാണ് മത്സരിക്കുന്നത്.
പുരുഷ, വനിതാ വേഗക്കാരെ നിശ്ചയിക്കുന്ന 100 മീറ്റർ ഫൈനൽ ഇന്ന് നടക്കും. പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിൽ മഹാരാഷ്ട്രയുടെ ദിനേഷും വനിതകളിൽ ഹിമാചലിന്റെ സീമയും സ്വർണം നേടി. ഹാമർത്രോയിൽ പൊലീസ് താരം അൻമോൾ കൗർ 60.19 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി.
രണ്ടാം ദിനം ഏഴിനങ്ങളിലാണ് ഫൈനൽ. വനിതകളുടെ 100 മീറ്റർ ഹർഡിൽസ്, ലോങ്ജമ്പ്, ഷോട്ട്പുട്ട് എന്നിവയില മെഡൽ നിശ്ചയിക്കും. പുരുഷന്മാരുടെ 100 മീറ്റർ ഹർഡിൽസ്, ഡിസ്കസ്ത്രോ എന്നിവയുമുണ്ട്.