ആലുവ/പത്തനംതിട്ട
ഇസ്രയേലിൽ യുദ്ധഭൂമിയിൽ കുടുങ്ങിയ രണ്ട് മലയാളി തീർഥാടക സംഘങ്ങൾ ഞായർ വൈകിട്ട് ആറിന് ഈജിപ്ത് അതിർത്തിയായ താബയിലെത്തി. അതിർത്തിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബസിൽ പുറപ്പെട്ടാൽ ആറുമണിക്കൂർകൊണ്ട് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ എത്തും. കെയ്റോയിൽനിന്നാകും ഇവർ ഇന്ത്യയിലേക്ക് മടങ്ങുക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പെരുമ്പാവൂർ സ്വദേശി സി എം മൗലവിയുടെ നേതൃത്വത്തിൽ പുറപ്പെട്ട 45 പേരും മുംബൈ മലയാളികൾ ഉൾപ്പെട്ട 38 അംഗ സംഘവുമാണ് സുരക്ഷിതരായി അതിർത്തി കടന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒക്ടോബർ മൂന്നിനാണ് സ്ത്രീകൾ ഉൾപ്പെടെ 45 പേർ പുറപ്പെട്ടത്. ശനിയാഴ്ച ഈജിപ്തിലേക്കുള്ള യാത്ര 70 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് യുദ്ധം തുടങ്ങിയത്. ഇതോടെ യാത്ര ഇസ്രയേല്‍ സേന തടഞ്ഞു. വിസ കാലാവധി തീര്‍ന്നതിനാല്‍ ഉടന്‍ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടു. 15 മിനിറ്റിനകം ഉദ്യോഗസ്ഥരെത്തി സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി.
ഹോട്ടലിൽ എത്തിയശേഷം കോണ്‍സുലേറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇ–-മെയില്‍ അയച്ചിരുന്നു. വിവരം നോര്‍ക്കയ്ക്ക് കൈമാറിയെന്നും ഉടൻ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മറുപടി ലഭിച്ചതായി യാത്രാ സംഘാംഗം പറഞ്ഞു.സംഘത്തിലെ അധ്യാപകൻ പഠിപ്പിച്ച വിദ്യാര്‍ഥി ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനാണ്. അദ്ദേഹവും സഹായിച്ചു. ഞായർ പകൽ ഇന്ത്യന്‍ സമയം ഒന്നരയോടെ ഇസ്രയേൽ സൈന്യത്തിന്റെ അകമ്പടിയിൽ ഈജിപ്തിലേക്ക് റോഡുമാര്‍ഗം യാത്ര പുനരാരംഭിച്ചു.
മുംബൈയിൽ സ്ഥിരതാമസക്കാരായ മലയാളികളുൾപ്പെടെ 38 പേർ ഒക്ടോബർ രണ്ടിനാണ് 11 ദിവസത്തെ തീർഥാടനത്തിന് പോയത്. പത്തനംതിട്ട ഇരവിപേരൂർ നെല്ലാട് സ്വദേശി മനുവിന്റെ ഉടമസ്ഥതയിൽ മുംബൈയിലുള്ള സീത ഹോളിഡേയ്സ് മുഖേനയായിരുന്നു യാത്ര. മനുവും മാർത്തോമ സഭയിലെ രണ്ട് വൈദികരും ഉൾപ്പെട്ട സംഘം ഞായർ രാവിലെ ബത്ലഹേമിൽനിന്ന് വിമാനത്തിൽ കെയ്റോയിലേക്ക് പോകാനായിരുന്നു പരിപാടി. യുദ്ധം തുടങ്ങി യാത്ര മുടങ്ങിയതോടെ കുടുങ്ങിയ സംഘം ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഞായർ രാവിലെ പത്തിനാണ് ബത്ലഹേമിൽനിന്ന് പുറപ്പെട്ടത്.