ഹാങ്ചൗ
നാട്ടിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ചൈനയ്ക്ക് എതിരില്ലായിരുന്നു. ട്രാക്കിലും ഫീൽഡിലും ഗെയിംസ് ഇനങ്ങളിലും സർവാധിപത്യം പുലർത്തി. 201 സ്വർണവും 111 വെള്ളിയും 71 വെങ്കലവുമാണ് സമ്പാദ്യം. ഏഷ്യൻ ഗെയിംസിൽ സുവർണനേട്ടം 200 കടക്കുന്നത് ആദ്യം. ആകെ മെഡൽ 383. 2010ൽ ഗാങ്ചൗ ഗെയിംസിൽ 199 സ്വർണമടക്കം 416 മെഡലായിരുന്നു.
ഇക്കുറി രണ്ടാംസ്ഥാനം നേടിയ ജപ്പാന് 20 സ്വർണം ഉൾപ്പെടെ 188 മെഡലാണ്. ദക്ഷിണകൊറിയ 42 സ്വർണത്തോടെ 190 മെഡൽ നേടി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായി 11–-ാംതവണയാണ് ചൈന മെഡൽനേട്ടത്തിൽ ഒന്നാമതെത്തുന്നത്. നാലുപതിറ്റാണ്ടായി തുടരുന്ന ആധിപത്യം. 1982ൽ ന്യൂഡൽഹി ഗെയിംസിലാണ് ജപ്പാനെ പിന്തള്ളി ചൈന ഒന്നാമതെത്തിയത്. ആ വർഷം 61 സ്വർണമടക്കം 153 മെഡലായിരുന്നു. പിന്നീട് നടന്ന പത്ത് ഗെയിംസിലും കിരീടം വിട്ടുകൊടുത്തില്ല. ടോക്യോ ഒളിമ്പിക്സിൽ ഒറ്റ സ്വർണ വ്യത്യാസത്തിൽ അമേരിക്കയെ വിറപ്പിച്ച് രണ്ടാമതെത്തിയ ചൈനയ്ക്ക് ഏഷ്യയിൽ എതിരാളികളില്ല.
കഴിഞ്ഞതവണ ജക്കാർത്ത ഗെയിംസിൽ 132 സ്വർണവും 92 വെള്ളിയും 65 വെങ്കലവുമടക്കം 289 മെഡലായിരുന്നു. ഇക്കുറി 94 മെഡൽ അധികം കിട്ടി. സ്വർണത്തിലാണ് വൻ നേട്ടം. കഴിഞ്ഞതവണത്തെക്കാൾ 69 എണ്ണം കൂടുതൽ. ജപ്പാന്റെ സ്വർണം 75ൽനിന്ന് 52 ആയി കുറഞ്ഞു. മെഡൽകുതിപ്പിന് വഴിയൊരുക്കിയത് അത്ലറ്റിക്സും നീന്തലും ഷൂട്ടിങ്ങുമാണ്. നീന്തലിൽ 28 സ്വർണമടക്കം 58 മെഡൽ. അത്ലറ്റിക്സിൽ 19 സ്വർണത്തോടെ 39 മെഡൽ വാരി. ഷൂട്ടർമാർ വെടിവച്ചിട്ടത് 16 സ്വർണം ഉൾപ്പെടെ 29 മെഡൽ.
അടുത്തവർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിൽ അമേരിക്കയെ മറികടക്കുകയാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ അത് അസാധ്യമല്ല.
അടുത്ത ഏഷ്യൻ ഗെയിംസ് ജാപ്പനീസ് നഗരമായ നഗോയയിൽ 2026ലാണ്. 2022ൽ നടക്കേണ്ട ഗെയിംസാണ് 2023ൽ ഹാങ്ചൗവിൽ നടന്നത്. കോവിഡുമൂലം ഒരുവർഷത്തേക്ക് നീട്ടുകയായിരുന്നു. ഉദ്ഘാടനച്ചടങ്ങുപോലെ ഡിജിറ്റൽ വിസ്മയമൊരുക്കിയാണ് ഹാങ്ചൗ ഗെയിംസിനെ യാത്രയാക്കിയത്. ഒന്നരമണിക്കൂർ നീണ്ട കലാവിരുന്നാണ് ഒരുക്കിയത്.