അടൂർ > ജനശക്തിയിൽ കനാൽ നിർമിച്ച നാടിന് ജനശക്തി നഗറെന്ന് പേര്. മണക്കാല – ചിറ്റാണിമുക്ക് റോഡുവശത്തുള്ള ചെറിയ ജങ്ഷനാണ് ജനശക്തി യജ്ഞത്തിന്റെ ചരിത്രം പറയുന്നത്. അടൂർ- ശാസ്താംകോട്ട റോഡിൽ രണ്ടര കിലോമീറ്റർ പിന്നിടുമ്പോൾ ഇടതുവശത്ത് കല്ലട പദ്ധതിയുടെ കനാൽ നിറഞ്ഞൊഴുകുന്നതു കാണാം. മൊത്തം 69.75 കിലോമീറ്റർ നീളം. ഇവിടം മുതൽ നെല്ലിമുകൾ വരെ കനാൽ വെട്ടിയത് സംസ്ഥാനമാകെയുള്ള ജനത. ശ്രമദാനത്തിലൂടെ ജനങ്ങൾ കനാൽ കുഴിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളില്ലാത്ത കാലത്ത് പണിയായുധങ്ങൾ കൊണ്ട് കൂറ്റൻ കനാൽ പണിതു. പാറശാല മുതൽ കാസർകോട് വരെയുള്ള മനുഷ്യരുടെ വിയർപ്പ് മണക്കാലയുടെ മണ്ണിൽ വീണ കാലം.
1966-ൽ നിർമാണം തുടങ്ങിയ കല്ലട ജലസേചന പദ്ധതി നാലാം പഞ്ചവത്സര പദ്ധതിയിൽ അവഗണിക്കപ്പെട്ടു. ഫണ്ടില്ലാതെ പണി പാതി വഴിയിൽ നിന്നു. സി അച്യുതമേനോൻ മുഖ്യമന്ത്രിയും കെ കരുണാകരൻ ആഭ്യന്തര മന്ത്രിയുമായുള്ള കാലം. ശ്രമദാനത്തിലൂടെ രാഷ്ട്രീയ, സാമുദായിക, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കനാൽ വെട്ടാനായിരുന്നു സർക്കാർ തീരുമാനം. ശ്രമദാനം 1976 ഡിസംബർ 27ന് തുടങ്ങി. താമസം, ചികിത്സ എന്നിവ സർക്കാർ നൽകി. പണിയായുധങ്ങളും കൊടുത്തു. സന്നദ്ധ ഭടൻമാർക്കുള്ള ഭക്ഷണവും യാത്രാച്ചെലവും അതത് സംഘടനകളുടെ ഉത്തരവാദിത്വമായിരുന്നു. ഒരു വികസന പദ്ധതിക്ക് ജനങ്ങളൊന്നിച്ച് പ്രതിഫലമില്ലാതെ പണിയെടുക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭമായിരുന്നു ജനശക്തിയജ്ഞം.
മണക്കാല ജങ്ഷന് തെക്ക് ഇപ്പോൾ ഗവ. പോളിടെക്നിക് നിൽക്കുന്ന ഭാഗത്തായിരുന്നു കനാൽ ഏരിയ തുടങ്ങുന്നത്. രാവിലെ 6.30-ന് പണി തുടങ്ങും. തൊഴിൽ പരിചയമില്ലാത്തവരായിട്ടും കൂട്ടായ്മയുടെ പണിയായുധങ്ങളുമായി ജനങ്ങൾ അധ്വാനത്തിന്റെ പുതുചരിത്രമെഴുതി. 11.30-ന് പണി നിർത്തും. രണ്ടുവരെ വിശ്രമം കഴിഞ്ഞ് വീണ്ടും തുടങ്ങുന്ന അധ്വാനം വൈകിട്ട് 6.30 വരെ നീളും.
ഒരു ദിവസം രണ്ടായിരം പേരുമായി യജ്ഞം രണ്ടുമാസം നീണ്ടു. അന്നത്തെ കാലത്ത് 15 ലക്ഷം രൂപ മതിപ്പുള്ള ജോലിയാണ് നടന്നത്. 3.5 കിലോമീറ്റർ നീളത്തിൽ 15000 ഘനമീറ്റർ മണ്ണ് നീക്കം ചെയ്തു. മൂന്നു റീച്ചുകളായി തിരിച്ച് രാഷ്ടീയ പാർടികൾ നിർമാണ ചുമതല ഏറ്റെടുത്തു. ജെടിഎസിലും വടക്കടത്തുകാവ് യു പി സ്കൂളിലും താമസ സൗകര്യമൊരുക്കി. ശ്രമദാനഭൂമിയോട് ചേർന്ന് നാല് ഷെഡുകൾ കെട്ടി താമസിച്ചു. “ജനശക്തി നഗർ’ എന്ന ബോർഡ് വച്ച ബസുകളിൽ കൂട്ടായ്മയുടെ പാട്ടും പാടി വന്നവർ രണ്ടും മൂന്നും ദിവസത്തെ ശ്രമദാനത്തിന് ശേഷം മടങ്ങും. പകരം പുതിയ സംഘം വരും. സ്ഥലത്ത് ആളൊഴിയാതെ അങ്ങനെ രണ്ടു മാസം പോയതറിഞ്ഞില്ല.
സന്നദ്ധ പ്രവർത്തകർക്കായി ഇവിടെ ഒരു ചെറുനഗരം പണിതു. താൽക്കാലികമായി കെഐപി ഓഫീസ് ക്രമീകരിച്ചു. പ്രധാന ഉദ്യോഗസ്ഥർക്കായി ക്യാമ്പ് ഓഫീസുമുണ്ടാക്കി. കൺട്രോൾ റൂം തുറന്നു. മണക്കാലയിൽ ആദ്യമായി സർക്കാർ ഡിസ്പെൻസറി വന്നു. സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് പനി ഗുളികയും വിറ്റാമിൻ,- അയൺ ഗുളികകളും വിതരണം ചെയ്തു.
കെഐപി വാഹനങ്ങൾക്കായി താൽകാലിക ഡിപ്പോ, ജീവനക്കാർക്കായി കാന്റീൻ എന്നിവയും തുറന്നു. എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികൾ നടന്നു. ഇതിനായി പ്രത്യേക വേദിയുമുണ്ടാക്കി. തെയ്യം, തിറ, കുമ്മാട്ടി തുടങ്ങി തെക്കൻ കേരളത്തിന് കേട്ടറിവ് മാത്രമുണ്ടായിരുന്ന അനുഷ്ഠാന കലകൾ ഇവിടെ നിറഞ്ഞാടി.
ജനശക്തി യജ്ഞം നടക്കുമ്പോൾ ഡോ. കെ ജി അടിയോടിയായിരുന്നു ജലസേചന മന്ത്രി. മണക്കാലയിൽ താൽക്കാലികമായി മന്ത്രിയുടെ കാര്യാലയം തുറന്നു. ഗവർണർ വാഞ്ചു, കേന്ദ്ര ആഭ്യന്തര മന്ത്രി ബ്രഹ്മാനന്ദ റെഡ്ഡി, കേന്ദ്രമന്ത്രി വി എ സെയ്തുമുഹമ്മദ്, തുടങ്ങി ഒട്ടേറെ നേതാക്കൾ ജനശക്തി യജ്ഞ വളണ്ടിയർമാരെ അഭിസംബോധന ചെയ്യാനെത്തി. ഏതാണ്ട് മുഴുവൻ സമയവും ഡോ. കെ ജി അടിയോടി ഇവിടെയായിരുന്നു. ജങ്ഷന് ജനശക്തി നഗർ എന്ന് പേര് വീണതല്ലാതെ പേരിനപ്പുറം ഓർമ്മിക്കപ്പെടാനുള്ള മറ്റൊന്നും ഇവിടെയില്ലെന്ന പരാതി നാട്ടുകാർക്കുണ്ട്. യജ്ഞ സ്മാരകമായി സാംസ്കാരിക സമുച്ചയം നിർമിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.