കൊച്ചി> സൈബർ ലോകത്ത് കുട്ടികൾ സുരക്ഷിതരല്ലെന്ന് നമ്മെ ഓർമപ്പെടുത്തുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനുകീഴിലുള്ള ബ്യൂറോ ഓഫ് ഇന്റർനാഷണൽ നാർകോട്ടിക് ആൻഡ് ലോ എൻഫോഴ്സ്മെന്റ് അഫയേഴ്സ് ആഗോള നയരൂപീകരണവിഭാഗം മേധാവി റോബർട്ട് ലെവെൻതാൽ. കൊക്കൂൺ സൈബർ സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കുട്ടികൾക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ വർധിക്കുകയാണ്. അതിന് രാജ്യാതിർത്തികളില്ല. അന്താരാഷ്ട്ര ഏജൻസിയായ നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൻഡ്രൻ (എൻസിഎംഇസി) കണക്കുകൾപ്രകാരം 2019-മായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കാലമായ 2020-ൽ ഓൺലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ 97 ശതമാനം വർധിച്ചു.
2022-ൽ അമേരിക്കയിൽ കുട്ടികൾക്കെതിരെയുണ്ടായ സൈബർ ലൈംഗികാതിക്രമ കേസുകൾ എഫ്ബിഐ കണ്ടെത്തിയ 3000 ഇരകളിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. സാമ്പത്തികനേട്ടം വാഗ്ദാനം ചെയ്തുള്ള ചൂഷണമായിരുന്നു ഏറിയതും. സൈബർ ഇടങ്ങളിൽ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നത് കുട്ടികളാണെന്ന ബോധ്യമുൾക്കൊണ്ട് വിശാലമായ കർമപദ്ധതി രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സൈബർ നുഴഞ്ഞുകയറ്റം വഴി 2025-ഓടെ ലോകമെമ്പാടും പത്തരലക്ഷം കോടി രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്. ഇത് എല്ലാ മേഖലകളെയും ബാധിക്കുമെന്നും റോബർട്ട് ലെവെൻതാൽ പറയുന്നു.