ജറുസലേം > ഇസ്രയേലും പലസ്തീനും തമ്മിൽ നടക്കുന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 200ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. 1600ലധികം പേർക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. രാവിലെ ഹമാസ് നടത്തിയ ആക്രമണത്തിന് പകരമായി ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്.
പലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന സായുധ സംഘമായ ഹമാസ് ശനി പുലർച്ചെയോടെയാണ് ഇസ്രയേലിലേക്ക് ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയത്. ഹമാസ് നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40ആയി. 500 ഓളം പേർക്ക് പരിക്കേറ്റു. പലയിടങ്ങളിലും ഇസ്രയേൽ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. നുഴഞ്ഞുകയറിയ ഹമാസിന്റെ ആളുകൾ ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. 35 ഇസ്രയേൽ സൈനികരെ ബന്ധികളാക്കിയെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഇസ്രയേലിനെതിരെ ഓപ്പറേഷൻ അൽ-അഖ്സ ഫ്ളഡ് ആരംഭിച്ചതായും ഹമാസ് പ്രഖ്യാപിച്ചു.
ഇതൊരു യുദ്ധമാണെന്നും യുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്നും ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് വലിയ വില നൽകേണ്ടിവരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. യുദ്ധത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് അമേരിക്ക അറിയിച്ചു. ഹമാസിന്റെ ആക്രമണങ്ങളെ അപലപിക്കുന്നതായും ഇസ്രയേൽ സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നതായും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് പറഞ്ഞു.