പത്തനംതിട്ട > കേന്ദ്ര സ്പൈസസ് ബോര്ഡിലെ നിയമന തട്ടിപ്പിലെ രണ്ടാംപ്രതിയായ ബിജെപി, യുവമോർച്ച നേതാവ് രാജേഷ് ഒളിവിൽ. ആരോഗ്യ വകുപ്പിലെ നിയമനത്തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖിൽ സജീവിന്റെ കൂട്ടാളിയായ യുവമോർച്ച നേതാവ് രാജേഷ് റാന്നി സ്വദേശിയാണ്. രാജേഷ് മറ്റൊരു തട്ടിപ്പ് കേസിലും പ്രതിയാണ്. ഓമല്ലൂർ സ്വദേശിയിൽ നിന്ന് 4,39,340 രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലും ഇയാൾ പ്രതിയാണ്.
നിയമനത്തട്ടിപ്പ് നടത്തിയത് കോഴിക്കോട്ടെ നാലംഗ സംഘമെന്നാണ് അഖില് സജീവിന്റെ മൊഴി. തിരുവനന്തപുരത്തെ ആള്മാറാട്ടത്തിന് പിന്നിലും ഇതേ സംഘമെന്നാണ് അഖില് പൊലീസിനോട് പറഞ്ഞത്. തിരുവന്തപുരം കന്റോണ്മെന്റ് പൊലീസും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും വെള്ളി രാത്രിയും അഖിലിനെ ചോദ്യം ചെയ്തതില് നിന്നാണ് കൂടുതല് വിവരം വെളിച്ചത്തായത്. എഐവൈഎഫ് നേതാവായിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിൻ രാജ്, അനുരൂപ് എന്നിവരാണ് കോഴിക്കോട്ടെ നാലംഗ സംഘമെന്നും അഖില് പറഞ്ഞു.
സംസ്ഥാന വ്യാപകമായി ഇവര് തട്ടിപ്പ് നടത്തി. സ്പൈസസ് ബോർഡിലെ നിയമനത്തിന് പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവ് രാജേഷിന്റെ അക്കൗണ്ടിലേക്കാണ്. അഖിൽ സജീവിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.