തിരുവനന്തപുരം
കെപിസിസി വിശാല എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന നേതാക്കൾക്കെതിരെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ അതിരൂക്ഷ വിമർശം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉന്നമിട്ട്. കേരളത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ തയ്യാറെടുക്കുന്ന കെ സി വേണുഗോപാലിന്റെ അരങ്ങേറ്റ കാഹളമായും വ്യാഴാഴ്ച നടന്ന യോഗത്തെ ചില കോൺഗ്രസ് നേതാക്കൾതന്നെ വിശേഷിപ്പിക്കുന്നുണ്ട്.
കേരള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്ന ‘ഹൈക്കമാൻഡ്’ ആയ വേണുഗോപാൽ പ്രധാന കാര്യങ്ങൾ ആന്റണിയുമായി ചർച്ച നടത്തുക പതിവാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ മുതിർന്ന നേതാക്കൾതന്നെ സതീശനെതിരെ പരാതിപ്പെട്ടിരുന്നു. ‘നയിക്കാൻ സതീശൻ പോരാ’ എന്ന ചിന്ത ശക്തമായാൽ സ്വാഭാവികമായും ഗുണം കിട്ടുക കെ സി വേണുഗോപാലിനായിരിക്കും. ഉമ്മൻചാണ്ടിയുടെ നിര്യാണശേഷം ആരാണ് ഒന്നാമൻ എന്നതിനുള്ള ഉത്തരം ഇനിയും രൂപപ്പെട്ടുവരേണ്ടതുണ്ട്. സഹിഷ്ണുതയും നേതൃപാടവവും ജനങ്ങളുടെ അംഗീകാരവുമുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിനെ വലയ്ക്കുന്നുമുണ്ട്. ഈ സാഹചര്യംകൂടി മുന്നിൽ കണ്ടാണ് ആന്റണിയുടെ അടി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
തന്ത്രങ്ങൾ മെനയാൻ ഏൽപ്പിച്ച സുനിൽ കനിഗോലുവിനെയും സംഘത്തെയും നിയന്ത്രിക്കുന്നത് വേണുഗോപാലാണ്. അവരുടെ റിപ്പോർട്ടാകട്ടെ സതീശനും ഒരു പരിധിവരെ കെ സുധാകരനും ചില സിറ്റിങ് എംപിമാർക്കും എതിരുമാണ്. പ്രതിപക്ഷ നേതാവിന് ജനങ്ങളുടെ മതിപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നില്ല, കെപിസിസി അധ്യക്ഷനടക്കമുള്ള സീനിയർ നേതാക്കളെ വിലമതിക്കുന്നില്ല, വാർത്താസമ്മേളനങ്ങൾ ആകർഷകമല്ല തുടങ്ങിയ പോരായ്മകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മികച്ച അവസരമുണ്ടായിട്ടും ഉപയോഗപ്പെടുത്താത്തതാണ് എംപിമാർക്കെതിരായ വിമർശം. കണ്ണൂർ കൂടാതെ ആലപ്പുഴയിലും ജയിക്കാൻ കഴിയുന്ന സ്ഥാനാർഥി വേണം, ഒഴിഞ്ഞേ മതിയാകൂ എന്ന് നിർബന്ധമുള്ളവർക്കും പകരക്കാരെ കണ്ടെത്തണം. ഇനിയൊരു നേതൃമാറ്റ സാഹചര്യമുണ്ടാക്കിയാൽ, എ കെ ആന്റണിയെ പണ്ട് ഡൽഹിയിൽനിന്ന് വിളിച്ചുകൊണ്ടുവന്നതുപോലെ, വരാൻ വേണുഗോപാൽ മാത്രമേയുള്ളൂവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാനജാഥ യുഡിഎഫ് നേതൃത്വം നടത്തിയാൽ മതിയെന്നും സഹകരണമേഖല മുൻനിർത്തി സർക്കാരിനെതിരായി സമരം ചെയ്യണമെന്നുമുള്ള നിർദേശങ്ങൾ വി ഡി സതീശൻ മുന്നോട്ടുവച്ചെങ്കിലും യുഡിഎഫും കെപിസിസിയും തള്ളിക്കളഞ്ഞു. ഇതും സതീശന് വലിയ തിരിച്ചടിയായി.