തൃശൂർ
തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ അധികാര പരിധിയിൽവരാത്ത കാര്യങ്ങൾ. സഹകരണ ബാങ്ക് പ്രസിഡന്റിന് അതിലെ അക്കൗണ്ടുകളുടെ വിവരങ്ങൾ സൂക്ഷിക്കാനോ കൈമാറാനോ അധികാരമില്ല. എല്ലാ രേഖകളുടേയും സൂക്ഷിപ്പുകാരൻ സെക്രട്ടറിയാണ്.
സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടാൽ നൽകാമെന്നിരിക്കെ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ എം കെ കണ്ണനോട് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടതിൽ ദുരൂഹതയുണ്ട്. തൃശൂർ സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥർ സെപ്തംബർ 18 ന് രാവിലെ മുതൽ 19ന് പുലർച്ചവരെ റെയ്ഡ് നടത്തിയിരുന്നു. മുഴുവൻ വിവരങ്ങളും ശേഖരിക്കുകയും ചെയ്തു. പിന്നീട് സെക്രട്ടറിയെയും ചോദ്യം ചെയ്തു. ഇപ്പോൾ ആവശ്യപ്പെടുന്നത് ബാങ്കിലെ ബിനാമി വായ്പകളെകുറിച്ചാണ്. ആരുടെ വായ്പാ വിവരങ്ങളാണ് ആവശ്യമെങ്കിൽ അതാണ് ചോദിക്കേണ്ടത്. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിൽ പ്രതിയായ പി സതീഷ്കുമാറിന് തൃശൂർ സഹകരണ ബാങ്കിലും അക്കൗണ്ടുണ്ടായിരുന്നു. അതിൽ രണ്ടായിരം രൂപയാണുള്ളത്. 20 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നത് അടച്ചുതീർത്തു. ഇതിനു പുറമെ എസ് ടി ജ്വല്ലറി ഉടമയുടെ അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു. ഇതൊക്കെ സൂക്ഷിക്കുക പ്രസിഡന്റിന്റെ ചുമതലയല്ല. വ്യക്തിപരമായ, ആവശ്യപ്പെട്ട വിവരങ്ങൾ ഇഡിക്ക് നൽകി . കുടുംബത്തിന്റെ സ്വത്ത്, ബാങ്ക് ഇടപാട് വിവരങ്ങളും കൈമാറി. ഇ മെയിൽ മുഖേന നൽകാമെന്ന് അറിയിച്ചെങ്കിലും ദൂതൻ വഴി വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഒരാളെ നേരിട്ട് അയച്ച് കൈമാറുകയായിരുന്നെന്ന് എം കെ കണ്ണൻ പറഞ്ഞു. ഇവയൊന്നിലും പോരായ്മ ചൂണ്ടിക്കാട്ടാത്ത ഇഡി, എം കെ കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് മാധ്യമങ്ങൾക്ക് നൽകിയ വിവരം.
ബാങ്കിൽനിന്ന് എന്തൊക്കെ വിവരങ്ങൾ വേണമെന്ന് ഇഡി ഇതുവരെ കത്ത് നൽകിയിട്ടില്ല. ബിനാമി വായ്പകൾ ഒന്നുമില്ലാത്ത ബാങ്കിൽനിന്ന് എന്ത് വിവരങ്ങളാണ് ഇഡിക്ക് വേണ്ടതെന്ന് വ്യക്തമാക്കുന്നില്ലെന്നും കണ്ണൻ പറഞ്ഞു.