തൃശൂർ
അസുഖംമൂലം മരണപ്പെട്ട കരുവന്നൂർ തേലപ്പിള്ളി കൊളങ്ങാട്ടുപറമ്പിൽ ശശിയുടെ പേരിൽ കരുവന്നൂർ സഹകരണ ബാങ്കിലെ അക്കൗണ്ടിലുള്ളത് 6439 രൂപ മാത്രം. ഇദ്ദേഹത്തിന്റെ കുടുംബത്തിന് 13 ലക്ഷത്തോളം രൂപ ബാങ്കിൽ നിക്ഷേപമുണ്ട്. ഇത് കാലാവധി കഴിയാത്ത സ്ഥിരനിക്ഷേപമാണ്. ദീർഘനാളായി കിടപ്പിലായ ശശി, വീഴ്ചയെത്തുടർന്ന് പരിക്കേറ്റ് ആഗസ്ത് 22 നാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. വീട്ടുകാരുടെ അപേക്ഷയെത്തുടർന്ന് 15 ദിവസത്തിനകം 1.90 ലക്ഷം രൂപ നൽകി.
ആഗസ്ത് 30 ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി. അന്നുമുതൽ സെപ്തംബർ 30 വരെ പാലിയേറ്റീവ് കേന്ദ്രത്തിലായിരുന്നു. എന്നാൽ, ഇക്കാലയളവിൽ പണം ആവശ്യപ്പെട്ട് കുടുംബക്കാരോ, സഹോദരിയോ ബാങ്കിനെ സമീപിച്ചിട്ടില്ലെന്ന് കരുവന്നൂർ സഹകരണ ബാങ്ക് അഡ്മനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി കെ ചന്ദ്രശേഖരൻ പറഞ്ഞു. ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. അക്കൗണ്ടിൽ പണമുണ്ടായിട്ടും ചികിത്സയ്ക്ക് പണം നൽകാതെ രോഗി മരിച്ചെന്ന് പ്രചരിപ്പിച്ച് ബാങ്കിനെ വീണ്ടും അപമാനിക്കാനാണ് ഇത്തരം നാടകങ്ങളെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
സെപ്തംബർ 30 ന് പാലിയേറ്റീവ് കേന്ദ്രത്തിൽനിന്ന് വീട്ടിലേക്ക് മാറ്റിയ ശശി അന്നുതന്നെ മരിച്ചു. ശശിയുടേയും കുടുംബത്തിന്റേയും പേരിലുള്ള നിക്ഷേപത്തിൽനിന്ന് വിവിധ കാലങ്ങളിലായി ആറുലക്ഷം രൂപ അനുവദിച്ചിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തുമാത്രം മൂന്ന് ഘട്ടമായാണ് 1.90 ലക്ഷം രൂപ നൽകിയത്. ആഗസ്ത് 23ന് 50,000 രൂപ, സെപ്തംബർ ഒന്നിന് ഒരുലക്ഷം, 14 ന് 40,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. ബാങ്കിനെതിരെ വാർത്തകൾ വന്ന് പ്രവർത്തനം പ്രതിസന്ധിയിലായ ഘട്ടത്തിൽ എല്ലാ നിക്ഷേപകരും നൽകിയതുപോലെ ശശിയുടെ കുടുംബവും നിക്ഷേപം പിൻവലിക്കാൻ കത്ത് നൽകിയിരുന്നു. ഇതുപ്രകാരം 2022 മാർച്ച് മുതൽ എല്ലാമാസവും 10,000 രൂപവീതം അനുവദിച്ചു. ഇതിനു പുറമെ 2022 ഡിസംബർ എട്ടിന് 1,22,800, 2023 മെയ് രണ്ടിന് ഒരു ലക്ഷം, ആഗസ്ത് രണ്ടിന് 20,000 രൂപ എന്നിങ്ങനെയും നൽകി.