കീവ്
ഉക്രയ്നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം. വെള്ളിയാഴ്ച ഖർകീവ് പ്രദേശത്തുണ്ടായ ആക്രമണത്തിൽ 10 വയസുകാരനും മുത്തശ്ശിയും കൊല്ലപ്പെട്ടു. 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ 52 പേർ മരിച്ചു. ഖർകീവ് പ്രദേശത്തെ റോസ ഗ്രാമത്തിലെ കഫെയിൽ വ്യാഴാഴ്ച പകൽ 10.15നായിരുന്നു ആക്രമണം. സമീപത്തെ കടയിൽ ഉണ്ടായിരുന്നവരും കൊല്ലപ്പെട്ടു. റഷ്യയുടെ 24 ഡ്രോൺ നശിപ്പിച്ചതായി ഉക്രയ്ൻ അവകാശപ്പെട്ടു.
ഇതിനിടെ ഇറാനിൽനിന്ന് പിടിച്ചെടുത്ത 11 ലക്ഷം വെടിയുണ്ടകൾ അമേരിക്ക ഉക്രയ്ന് നൽകി. ഇവ ഡിസംബറിൽ യമനിലേക്ക് പോവുകയായിരുന്ന കപ്പലിൽനിന്ന് കണ്ടുകെട്ടിയതാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. ഇതിനകം 20 കോടിയിലധികം ബുള്ളറ്റുകളും ഗ്രനേഡുകളും അമേരിക്ക ഉക്രയ്ന് നൽകിയിട്ടുണ്ട്.