കൊടുമണ്
‘ആർഎസ്എസിനും മോദി, അദാനി കൂട്ടുകെട്ടിനുമെതിരായി വാർത്തകൊടുത്തു. അംബാനിയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളെ പുറത്തു കൊണ്ടുവന്നു, കർഷകസമരം സത്യസന്ധമായി റിപ്പോർട്ട് ചെയ്തു. അത് രാജ്യത്തിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വമാണ്. അതാണ് നിര്വഹിച്ചത്’ ന്യൂസ് ക്ലിക്ക് മുൻ റിപ്പോർട്ടർ അനുഷ പോള് ദേശാഭിമാനിയോട് പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഗോഡ്ഫാദറായ അദാനിയെ സംരക്ഷിക്കുന്ന ആർഎസ്എസും ബിജെപിയും ഇത്തിരിപ്പോന്ന ഒരു ന്യൂസ് ഏജൻസിയെ ഭയപ്പെടുന്നത് സത്യസന്ധമായ വാർത്തകൾ ലോകം അറിയരുതെന്നതു കൊണ്ടാണ്. അതിനാണ് ന്യൂസ് ക്ലിക്കിനും ജീവനക്കാർക്കുമെതിരെ കേന്ദ്രസർക്കാർ പ്രതികാര നടപടി എടുക്കുന്നത്. പൊലീസ് നടപടിയെ ഭയക്കുന്നില്ലെന്നും അനുഷ പറഞ്ഞു.
ന്യൂസ് ക്ലിക്ക് ആവശ്യത്തിനുള്ള ഉപകരണങ്ങൾ പോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. മൊബൈൽ ഫോണ് ഉപയോഗിച്ചാണ് പലപ്പോഴും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. 2021 ൽ അഞ്ച് ദിവസം പരിശോധന നടത്തിയെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതൊന്നും അവർക്ക് ലഭിച്ചില്ല. നേരായ മാർഗത്തിലുള്ള വരുമാനം മാത്രമാണുള്ളതെന്ന് റിസർവ് ബാങ്ക് ഉറപ്പുവരുത്തിയതാണെന്നും അനുഷ പറഞ്ഞു.