മറയൂർ > രാജ്യത്തെ സുവർണഗ്രാമത്തിന്റെ സുന്ദരകാഴ്ചകൾ സമ്മാനിച്ച് കാന്തല്ലൂർ ജീപ്പ് സഫാരി. കൊളോണിയൽ ഭരണകാലത്ത് സുഗന്ധവ്യഞ്ചനങ്ങൾ മൂന്നാർ– ഉദുമലപേട്ടയ നോർത്തേൺ ഔട്ട് ലെറ്റ് റോഡ് വഴിയാണ് കൊണ്ടുപോയിരുന്നത്. നോർത്തേൺ ഔട്ട് ലെറ്റ് റോഡിന്റെ മറയൂരിൽനിന്ന് 16 കിലോമീറ്റർ സഞ്ചരിച്ചാൽ കാന്തല്ലൂരിലെത്താം. ഗ്രാമീണ ജീവിതത്തിന്റെയും പച്ചക്കറി പാടങ്ങളുടെയും കൃഷി ജീവിതചര്യയാക്കി മാറ്റിയ ഗ്രാമീണജീവിത തുടിപ്പുകൾ കാണാൻ കാന്തല്ലൂരിലെ ജീപ്പ് സഫാരി നടത്തിയാൽ മാത്രമേ പൂർണമാകൂ. ഓഫ് റോഡ് എന്ന് പറയുമെങ്കിലും കുട്ടികൾക്കും സ്ത്രീകൾക്കും ആസ്വദിക്കാവുന്നരീതിയിലാണ് ജീപ്പുകളുടെ ഓട്ടം.
ഒരുക്കുന്നത് സുരക്ഷിതയാത്ര
കച്ചാരം വെള്ളച്ചാട്ടവും ഭ്രമരം വ്യൂപോയിന്റും, ഒറ്റമല കയറ്റവും ആസ്വദിക്കണമെങ്കിൽ കാന്തല്ലൂരിലെ ജീപ്പുകൾ കൂടിയേതീരൂ. 130 ജീപ്പുകളാണ് കാന്തല്ലൂരിൽ സഞ്ചാരികളെ ഉൾപ്രദേശങ്ങളിൽ എത്തിക്കുന്നത്. കന്നുകലികളെ ഉപയോഗിച്ച് നിലം ഉഴവടിക്കുന്നതും കലപ്പ ഉപയോഗിച്ചുള്ള പരമ്പരാഗത കൃഷിയുമെല്ലാം കാണാൻ സാധിക്കും. വെള്ളച്ചാട്ടങ്ങളിലെ അപകടങ്ങളും അമിതവേഗതയും ഒഴിവാക്കി സുരക്ഷിതമായാണ് സഞ്ചാരികളെ റിസോട്ടിൽനിന്നും കൂട്ടിക്കൊണ്ടുപോയി തിരികെ എത്തിക്കുന്നത്.
സർക്കാർ ഉത്തരവാദിത്വ ടൂറിസവും ഗ്രാമീണ ടൂറിസവും പ്രോത്സാഹിപ്പിച്ചതോടെ ജീപ്പുകളിൽ ഉൾപ്രദേശത്തെ തോട്ടങ്ങളിലും മറ്റും സഞ്ചാരികളെ എത്തിക്കാം. ഇവിടങ്ങളിൽ കർഷകരുടെ ഉൽപ്പന്നങ്ങളും മറ്റും സഞ്ചാരികൾക്ക് വിൽപ്പന നടത്താൻ സാധിക്കും. ഒരു ദിവസം കാന്തല്ലൂരിന്റെ ഉൾനാടൻ ഗ്രാമങ്ങളെല്ലാം കണ്ടുമടങ്ങുന്നതിന് 3000 മുതൽ 3500 രൂപവരെയാണ് ഈടാക്കുന്നത്. ഒമ്പതുപേർക്ക് വരെ സഞ്ചരിക്കാം. വാഹന ഉടമകൾക്കും ജീപ്പ് ഡ്രൈവർമാർക്കും പരിശീലനം നൽകി ഗ്രീൻ കാന്തല്ലൂർ സ്റ്റിക്കർ പതിച്ചു. നൂറിലധികം കുടുംബങ്ങളാണ് വിനോദ സഞ്ചാരമേഖലയിലെ ജീപ്പ് സഫാരിയെമാത്രം ആശ്രയിച്ച് ജീവിക്കുന്നത്.