മാവേലിക്കര > ദുർമന്ത്രവാദം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സിഐയെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളെ 13 വർഷം തടവിനും 50,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി- 3 ജഡ്ജി എസ് എസ് സീന ഉത്തരവായി. ഉളവുക്കാട് വൻമേലിത്തറയിൽ ആതിര (ചിന്നു- 23) അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെയാണ് ശിക്ഷിച്ചത്.
ആലപ്പുഴ വനിത സെല്ലിൽ സിഐയായിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടിൽ മീനകുമാരിയെ(59)യാണ് ആക്രമിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഏഴുവർഷം ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുകയിൽ ഒരുലക്ഷം മീനകുമാരിക്ക് നൽകണം. 50,000 രൂപ സർക്കാരിൽ കെട്ടിവയ്ക്കണം.
2016 ഏപ്രിൽ 23ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പാലമേൽ പഞ്ചായത്തിലെ ഉളവുക്കാട് വൻമേലിൽ കോളനിനിവാസികളായ 51 പേർ കലക്ടർക്ക് നൽകിയ പരാതി അന്വേഷിക്കാനാണ് മീനകുമാരിയും വനിതാ സിവിൽ പൊലീസ് ഓഫീസർ ലേഖയും ഡ്രൈവർ ഉല്ലാസും എത്തിയത്. ആതിരയുടെ വീട്ടിലെത്തിയ മീനകുമാരി പരാതി വായിച്ചുകേൾപ്പിച്ചു. മന്ത്രവാദവും മറ്റും നിർത്തി വിദ്യാഭ്യാസം തുടരണമെന്ന് ആതിരയെ ഉപദേശിച്ചു. ഏപ്രിൽ 26ന് വനിതാ സെല്ലിൽ ഹാജരാകണമെന്നും പറഞ്ഞു. പെട്ടന്നാണ് പ്രതികളുടെ ആക്രമണം. പെരുവിരലിന് ഗുരുതര പരിക്കേറ്റ മീനകുമാരിയെ ലേഖയും ഉല്ലാസും രക്ഷപ്പെടുത്തുകയായിരുന്നു. ലേഖയും ആക്രമിക്കപ്പെട്ടു. മീനകുമാരിയെ ഉടൻ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്കുശേഷം 89 ദിവസം ജോലിക്ക് കയറാനാകാതെ ചകിത്സയിൽ തുടരേണ്ടിവന്നു.
നൂറനാട് പൊലീസിൽ പരാതി നൽകിയെങ്കിലും ആതിരയെ മാത്രം പ്രതിചേർത്താണ് പൊലീസ് ചാർജ് ഷീറ്റ് നൽകിയത്. ഉന്നത പൊലീസ് അധികാരികൾക്ക് നൽകിയ പരാതിയിൽ മാവേലിക്കര സിഐ പി ശ്രീകുമാർ 2017 സെപ്തംബർ രണ്ടിന് പുനരന്വേഷണം തുടങ്ങി. ശോഭനയെയും രോഹിണിയെയുംകൂടി പ്രതിചേർത്ത് കോടതിയിൽ ചാർജ്ഷീറ്റ് നൽകി. 21 സാക്ഷികളെ കേസിൽ വിസ്തരിച്ചു. പ്രോസിക്യൂഷനായി പി സന്തോഷ്, കെ സജികുമാർ, ഇ നാസറുദ്ദീൻ എന്നിവർ ഹാജരായി.
ശല്യം സഹിക്കാനാകാതെ നാട്ടുകാരുടെ പരാതി
മാവേലിക്കര > മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും പേരിലുള്ള ശല്യം അസഹ്യമായപ്പോഴാണ് നാട്ടുകാർ പരാതിയുമായി കലക്ടറെ സമീപിച്ചത്. ആതിര (ചിന്നു) പുതിയ ആൾദൈവം ചമഞ്ഞ് പൂജ, മന്ത്രവാദം, കൂടോത്രം, ബാധയൊഴിപ്പിക്കൽ എന്നീ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്നു എന്നായിരുന്നു നാട്ടുകാരുടെ നിവേദനം. സന്ധ്യാദീപം കൊളുത്തുന്നത് ആതിര പറയുന്ന സ്ഥലത്തല്ലെങ്കിൽ തട്ടിത്തെറിപ്പിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തി മർദിക്കുകയുംചെയ്യും.
വനിത സിഐയെ ആക്രമിച്ച കേസിലെ പ്രതികളായ ആതിര, ശോഭന, രോഹിണി
ബിരുദവിദ്യാർഥിയായ ആതിരയെ ദൈവവേഷം കെട്ടിച്ചത് ചില സാമൂഹ്യവിരുദ്ധരായിരുന്നു. പൂജയുടെ പേരിൽ ഇവർ മദ്യവും മറ്റും കഴിക്കുന്നതിനും പണപ്പിരിവ് നടത്തുന്നു. ആതിരയുടെ നിർദേശപ്രകാരം മറ്റു ചിലർ വീടുകളിൽ കയറി ശല്യമുണ്ടാക്കുകയും ആൾരൂപങ്ങൾ കണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയുംചെയ്തു. സൗഹാർദത്തിലും സമാധാനമായും കഴിഞ്ഞ പ്രദേശവാസികൾക്കിടെ കുഴപ്പമുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ നിർത്താൻ കലക്ടറുടെ ഇടപെടലുണ്ടാകണമെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു. ആതിരയ്ക്ക് ശിക്ഷ ലഭിച്ചതിൽ നാട്ടുകാർ ആശ്വാസത്തിലാണ്.
സത്യം ജയിച്ചു
മാവേലിക്കര > ഒടുവിൽ സത്യം ജയിച്ചെന്ന് കേസിലെ വാദി മീനകുമാരി ഫോണിലൂടെ പ്രതികരിച്ചു. 2020 മെയ്മാസം സർവീസിൽനിന്ന് വിരമിച്ച് മലപ്പുറം ചേലാമ്പ്രയിലെ വീട്ടിൽ വിശ്രമിക്കുകയാണ് മീനകുമാരി. വലിയ ആശ്വാസം തോന്നുന്നെന്ന് അവർ പറഞ്ഞു. സംഭവത്തിന് ഏതാനും ദിവസം മുമ്പാണ് തൃശൂരിൽനിന്ന് സ്ഥലംമാറിയെത്തി ആലപ്പുഴ വനിതാ സെൽ സിഐ ആയി ചുമതലയേറ്റത്. പാലമേൽ എന്ന് കേട്ടിട്ടേയുള്ളു. മാവേലിക്കരയിലേക്ക് വരുന്നതുതന്നെ ആദ്യമായാണ്. കലക്ടർ നേരിട്ട് വിളിച്ചുപറഞ്ഞ ഉടൻ അന്വേഷണത്തിനിറങ്ങി.
സ്ഥലത്തെത്തി ആതിരയോട് സംസാരിച്ച് നിൽക്കുന്നതിനിടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായപ്പോൾ പകച്ചുപോയി. ചികിത്സയും വിശ്രമവും മറ്റുമായി മൂന്നു മാസത്തോളം ജോലിക്ക് പോകാനായില്ല. ഒന്നാം പ്രതി റിമാൻഡ് കഴിഞ്ഞ് ജയിലിന് പുറത്തിറങ്ങിയ ശേഷം കള്ളക്കേസുകൾ കൊടുക്കാൻ തുടങ്ങി. ഞാൻ അവരെ ആക്രമിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മറ്റും കാണിച്ച് വിവിധ കമീഷനുകളിൽ പ്രതികൾ കൊടുത്ത വ്യാജപരാതികൾ നിലനിന്നില്ല. പുനരന്വേഷണത്തിൽ മാവേലിക്കര സിഐ പി ശ്രീകുമാർ കാട്ടിയ മികവും പ്രോസിക്യൂഷന്റെ ഇടപെടലുമാണ് കേസിനെ വിജയത്തിലെത്തിച്ചത്. എല്ലാവരോടും നന്ദിയുണ്ടെന്നും മീനകുമാരി പറഞ്ഞു.
പൊലീസും പ്രോസിക്യൂഷനും ഉണര്ന്നുപ്രവര്ത്തിച്ചു
ആക്രമിക്കപ്പെട്ട വനിത സിഐ മീനകുമാരി, കേസിൽ പുനരന്വേഷണം നടത്തിയ സിഐ പി ശ്രീകുമാർ
മാവേലിക്കര > മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ദുരന്തങ്ങളിൽനിന്ന് ഒരു നാടിനെ രക്ഷിച്ചത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കൃത്യമായ ഇടപെടൽ. മാവേലിക്കര സിഐയായിരുന്ന പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പുനരന്വേഷണത്തിലാണ് എല്ലാ പ്രതികളും കുടുങ്ങിയത്. കേരളത്തിൽ പലയിടങ്ങളിലും മന്ത്രവാദത്തിന്റെ പേരിൽ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയ കാലത്താണ് നൂറനാട്ടും ഇത്തരം സംഭവങ്ങൾക്ക് കളമൊരുങ്ങിയത്. ആദ്യഘട്ടത്തിൽ നൂറനാട് പൊലീസ് ആതിരയെ മാത്രം പ്രതിചേർത്ത് കേസിന്റെ ഗൗരവം കുറച്ചെങ്കിലും പുനരന്വേഷണത്തിൽ കൃത്യമായി പൊലീസ് ഇടപെട്ടു. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയി. പ്രോസിക്യൂഷന്റെ സമർഥമായ ഇടപെടൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി.