കോട്ടയം
സഹകരണമേഖലയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇ ഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നത് ഹൈക്കോടതി വിധിയിലൂടെ സ്ഥിരീകരിക്കപ്പെട്ടുവെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് ഇ ഡി കൈക്കൊണ്ട നടപടിക്കെതിരെ ഹൈക്കോടതി നീതിബോധത്തോടെ ഇടപെട്ടതിൽ സന്തോഷമുണ്ട്. വിധി സ്വാഗതാർഹമാണ്. 162 ആധാരങ്ങളാണ് കരുവന്നൂർ ബാങ്കിൽനിന്ന് ഇഡി എടുത്തുകൊണ്ടുപോയത്. 184.06 കോടി രൂപയുടെ വായ്പയാണ് ഈ ആധാരങ്ങൾവഴി നൽകിയിരുന്നത്. ഒട്ടേറെപ്പേർ വായ്പ തിരിച്ചടയ്ക്കാൻ തയ്യാറായെങ്കിലും ആധാരം ലഭിക്കാൻ സാധ്യതയില്ലെന്ന് വന്നതോടെ പണം അടയ്ക്കാതെ മടങ്ങി. ഇല്ലായിരുന്നെങ്കിൽ ഒട്ടേറെ പ്രശ്നങ്ങൾ നേരത്തേ പരിഹരിക്കപ്പെടുമായിരുന്നു. ആധാരം എടുത്തുകൊണ്ടു പോകേണ്ട ഒരു കാര്യവുമില്ല. ആവശ്യമെങ്കിൽ പകർപ്പ് എടുക്കാം. എന്നാൽ ബാങ്കിന്റെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് തടയുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഞങ്ങൾ പറഞ്ഞത് ഇപ്പോൾ വസ്തുതാപരമായി സ്ഥിരീകരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.
ബുധനാഴ്ച വിളിച്ചുചേർത്ത സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ ഓൺലൈൻ യോഗത്തിൽ മന്ത്രി പങ്കെടുത്തു. കരുവന്നൂർ ബാങ്കിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എടുത്ത നടപടികൾ അദ്ദേഹം വിശദീകരിച്ചു. 50 കോടി രൂപ ബാങ്കിന് പ്രയാസം കൂടാതെ ഉടൻ സമാഹരിക്കാൻ കഴിയും. ഇത് സാധ്യമാകുന്നതോടെ 70 ശതമാനം വരുന്ന ചെറുകിട നിക്ഷേപകരുടെ പണം പൂർണ്ണമായും തിരിച്ചുനൽകാനാകും. വലിയ നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനവും പലിശയും നൽകാനാകും. സഹകരണ ബാങ്കുകൾക്ക് പ്രതിസന്ധി വന്നാൽ പരിഹരിക്കാൻ സംരക്ഷണനിധി രൂപീകരിക്കുന്നത് സർക്കാർ ആലോചിക്കുന്നുണ്ട്. നിക്ഷേപകരുടെ ആശങ്കമാറ്റാനുള്ള നടപടി ഓരോ ബാങ്കും കൈക്കൊള്ളണം. സാധാരണക്കാർ അത്യാവശ്യങ്ങൾക്കായി ആശ്രയിക്കുന്ന ഈ മേഖലയെ സംരക്ഷിക്കാൻ രാഷ്ട്രീയവ്യത്യാസം മറന്ന് ഒരുമിച്ച് നിൽക്കണം. സംസ്ഥാനതലത്തിൽ പ്രമുഖ സഹകാരികളെ വിളിച്ച് കൂടിയാലോചന നടത്തിയിരുന്നു. ജില്ലാതലത്തിലും യോഗങ്ങൾ ചേരും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ അസോസിയേഷന്റെ സംസ്ഥാന യോഗം അടുത്തദിവസം കൊച്ചിയിൽ ചേരുമെന്നും മന്ത്രി അറിയിച്ചു.