എസ്സെൻ നഗരം വേനലിന്റെ ഉല്ലാസത്തിലാണ്. ഉച്ചകഴിഞ്ഞതോടെ ആളുകൾ വന്ന് മൈതാനങ്ങളിലും പാർക്കുകളിലും നിറഞ്ഞു. വർഷത്തിൽ ഏറിയകാലവും മൂടിക്കെട്ടിയ വസ്ത്രവുമായി നടക്കാൻ വിധിക്കപ്പെട്ടവരാണല്ലോ യൂറോപ്യൻ ജനത. വെയിൽ വരുമ്പോൾ അതൊക്കെ അഴിച്ചുകളഞ്ഞ് അവർ ആശ്വസിക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
2022 ജൂൺ 17. ഇന്ന് ഞാൻ ഹരികൃഷ്ണന്റെ ബാഡ് ഡൊബറാനിൽനിന്ന് രാജയുടെ എസ്സെനിലേക്ക് തിരിച്ചുപോന്നു. അതിരാവിലെയായിരുന്നു റോസ്റ്റോക്കിൽനിന്നുള്ള വണ്ടി. ഹംബർഗ് വഴിയുള്ള അതിവേഗത്തീവണ്ടിയാണ്. I C E . ഹംബർഗ് കൂടാതെ ബ്രെമൻ, ഡോർട്ട്മുണ്ട് വഴിയാണ് യാത്ര. ആറുമണിക്കൂർ യാത്രാസമയം ഉണ്ട്.
ഈ റൂട്ടിൽ നേരിട്ടുള്ള വണ്ടികൾ കുറവാണ്. അതുകൊണ്ടാണ് യാത്രക്ക് പുലർച്ചസമയം തെരഞ്ഞെടുക്കേണ്ടിവന്നത്. ഹംബർഗ്വരെ ഹരികൃഷ്ണൻ കൂടെയുണ്ടായിരുന്നു. ഞങ്ങൾ റോസ്റ്റോക്ക് സ്റ്റേഷനിൽനിന്ന് പ്രഭാതഭക്ഷണം കഴിച്ചു. കൃത്യസമയം പാലിച്ച് വണ്ടി പുറപ്പെട്ടു. എനിക്കും ഹരിക്കും രണ്ടിടത്തായിരുന്നു സീറ്റ്. എന്റെയടുത്ത് ഒരു യൂറോപ്യൻ വൃദ്ധ. അരികിൽ ഒരു തവിട്ടുനിറക്കാരൻ പരദേശി വന്നിരുന്നതുകൊണ്ടോ എന്തോ അവർ അസ്വസ്ഥയായി കാണപ്പെട്ടു. പാഴ്സലായി കൊണ്ടുവന്നിരുന്ന ഭക്ഷണം നിരന്തരം കഴിച്ചുകൊണ്ടാണ് അവർ അസ്വസ്ഥതയെ നേരിട്ടത്.
യൂറോപ്യൻ തീവണ്ടികളിലെ എന്റെ അനുഭവം ഭക്ഷണത്തിന് മുട്ടുണ്ടാവില്ല എന്നതായിരുന്നു. പക്ഷേ ഇവിടെ സംഗതി പിഴച്ചു. ആദ്യഘട്ടത്തിൽ പാനീയങ്ങളും സ്നാക്സുമൊക്കെ വന്നിരുന്നു. ഞാനവ അവഗണിച്ചു. പക്ഷേ വിശന്നുതുടങ്ങിയപ്പോൾ ആരെയും കണ്ടില്ല. കുടിക്കാനുള്ള വെള്ളം കരുതാഞ്ഞത് അബദ്ധമായി. എവിടെയോ പാൻട്രി ഉണ്ടാവണം. അതെവിടെയാണെന്ന് നിശ്ചയമില്ല. കുറച്ചൊക്കെ ഞാൻ നടന്നുനോക്കി. ചോദിക്കാൻ ഭാഷ കൈവശമില്ലല്ലോ.
കംപാർട്ടുമെന്റിൽ ഒരു സംഘം യുവാക്കൾ ബഹളം വച്ചുകൊണ്ടിരുന്നു. എവിടേക്കോ വിനോദയാത്ര പോകുന്നവരാണ്. ഒരേ മട്ടിലുള്ള ടീഷർട്ട് ധരിച്ചിട്ടുണ്ട്. ബ്രെമൻവരെ അവരുണ്ടായിരുന്നതായാണ് ഓർമ. മുഴുവൻ സമയവും അവർ ബിയർ കുടിച്ചുകൊണ്ടിരുന്നു. പിന്നെ പാട്ടും സംഗീതവും. യൂറോപ്പിൽ പൊതുവെ മനുഷ്യർ നിശബ്ദരാണല്ലോ. പക്ഷേ സമ്മർ കടുത്തതോടെ ചില ഉല്ലാസബഹളങ്ങൾ ഉണ്ടാവാൻ തുടങ്ങിയിട്ടുണ്ട്. വെക്കേഷനുകളിലും അവധിദിനങ്ങളിലും ചില്ലറ ഒച്ചപ്പാടുകൾ പതിവുള്ളതാണ്. ലണ്ടൻ തെരുവുകൾ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ അലമ്പാവുന്നത് കണ്ടിട്ടുണ്ട്. ബാറുകൾക്കും റെസ്റ്റാറന്റുകൾക്കും അരികിലൂടെ പോവുമ്പോൾ സൂക്ഷിക്കണം. ചിലപ്പോൾ കൈയേറ്റത്തിനുതന്നെ വിധേയനായി എന്നു വരാം.
ഒരിക്കൽ അയർലൻഡിലെ ഡബ്ളിനിൽ ചില മലയാളി സുഹൃത്തുക്കളൊത്ത് നടക്കുമ്പോൾ ഉണ്ടായ അനുഭവം ഓർക്കുന്നു. ഒരു ഇന്ത്യൻ റെസ്റ്റാറന്റിൽനിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങി നടക്കുമ്പോൾ വഴിയിൽ നിൽക്കുന്ന ഒരു വെള്ളക്കിഴവൻ ഞങ്ങൾക്കുനേരെ കുരച്ചുചാടി. ശരിക്കും ഭയന്നുപോയി. കോട്ടയത്തുകാരനായ മനോജ് ജോൺ അന്നുപറഞ്ഞത് ഓർക്കുന്നു: ഇത് ഒരു മദ്യപന്റെ ഉന്മാദപ്രകടനം മാത്രമായി കാണണ്ട. അതിനു പിന്നിൽ വംശീയ വിദ്വേഷവും ഉണ്ട്.
തദ്ദേശീയരായ ഐറിഷ് ജനത ഇങ്ങനെ ഒരിക്കലും ചെയ്യില്ലെന്നും മനോജ് ചേർത്തുപറഞ്ഞു. ബ്രിട്ടീഷ് മേധാവിത്വത്തോട് ഒരേ സമയത്ത് പൊരുതിനിന്ന ജനതകൾ എന്ന നിലയിൽ അവർക്ക് ഇന്ത്യക്കാരോട് സ്നേഹമുണ്ട്. ഏതെങ്കിലും കുടിയേറ്റക്കാരനായിരിക്കും ആ വൃദ്ധൻ. ഒരു രാജ്യത്തെത്തുന്ന വിഭിന്ന കുടിയേറ്റക്കാർ തമ്മിൽ വൈരവും സംഘർഷവും പതിവാണ്.
നമ്മുടെ റോസ്റ്റോക്ക് എസ്സെൻ അതിവേഗവണ്ടി ഇപ്പോൾ വൈകിയാണ് ഓടുന്നത്. ഉച്ചക്ക് ഒരുമണിയോടെ എസ്സെനിൽ എത്തേണ്ടതാണ്. രാജയും നാദിയയും അവിടെ ഭക്ഷണമൊരുക്കി കാത്തിരിക്കുന്നു. വണ്ടി വൈകുന്തോറും വിശപ്പും ദാഹവും കൂടുമല്ലോ. മൂന്നുമണി കഴിഞ്ഞ് എസ്സെനിൽ എത്തിയപ്പോഴേക്കും ശരിക്കും ക്ഷീണിച്ചുപോയി. സ്റ്റേഷനിലെ തട്ടുകടയിൽനിന്ന് ഒരു എഗ്ഗ് സാൻവിച്ച് വാങ്ങിക്കഴിച്ച് ഊർജമുണ്ടാക്കിയശേഷമാണ് താമസസ്ഥലത്തേക്കുള്ള യു ബാനിൽ കയറിയത്.
എസ്സെൻ നഗരം വേനലിന്റെ ഉല്ലാസത്തിലാണ്. ഉച്ചകഴിഞ്ഞതോടെ ആളുകൾ വന്ന് മൈതാനങ്ങളിലും പാർക്കുകളിലും നിറഞ്ഞു. വർഷത്തിൽ ഏറിയകാലവും മൂടിക്കെട്ടിയ വസ്ത്രവുമായി നടക്കാൻ വിധിക്കപ്പെട്ടവരാണല്ലോ യൂറോപ്യൻ ജനത. വെയിൽ വരുമ്പോൾ അതൊക്കെ അഴിച്ചുകളഞ്ഞ് അവർ ആശ്വസിക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വേനൽവസ്ത്രങ്ങളുടെ വിപണി പൊടിപൊടിക്കുന്നുണ്ട്. നേർത്ത കമനീയമായ വസ്ത്രങ്ങൾ ധരിച്ചുനടക്കുന്നതിൽ സ്ത്രീകളും പുരുഷന്മാരും അഭിമാനം കൊണ്ടു. ഇവിടെ ഗ്രൂഗാപാർക്കിന് സമീപമുള്ള സ്വിമ്മിങ് പൂളിൽ പ്രവേശനത്തിനുവേണ്ടി ജനങ്ങൾ ക്യൂ നിൽക്കുകയാണ്. പൂളിനകത്തെ ജലോല്ലാസം ദൂരേക്ക് കേൾക്കാം.
എന്നാൽ എസ്സെൻ സെൻട്രൽ സ്റ്റേഷനുമുന്നിൽ പോർട്രെയിറ്റ് വരച്ചുകൊടുക്കാൻ ഇരിക്കുന്ന വൃദ്ധൻ വേനൽക്കാലം വന്നത് അറിഞ്ഞിട്ടില്ല. കട്ടികൂടിയ ഒരുപാട് വസ്ത്രങ്ങൾ മേൽക്കുമേൽ ധരിച്ചിട്ടാണ് അദ്ദേഹം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അവയെല്ലാം മുഷിഞ്ഞതും ജീർണിച്ചതുമാണ്.
പൊളിഞ്ഞുതുടങ്ങിയ ഷൂസ്. ചില മോഡൽ ചിത്രങ്ങൾ അദ്ദേഹം പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ ഒരു മാസത്തിനിടയിൽ പലവട്ടം അദ്ദേഹത്തെ കണ്ടു. ഒരിക്കൽപ്പോലും ഏതെങ്കിലും ഒരു ഉപഭോക്താവ് അദ്ദേഹത്തിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ഒരു ഇരുമ്പുകസേരയിൽ ഇരുന്ന് തല മുന്നിലേക്ക് താഴ്ത്തിയിട്ട് അദ്ദേഹം ഉറങ്ങുന്നതായിട്ടാണ് എപ്പോഴും കണ്ടിട്ടുള്ളത്.
ജർമനിയിൽനിന്ന് തിരിച്ചുവന്നശേഷം ഞാൻ ആദ്യമെഴുതിയ കഥയുടെ പേര് ‘ചിത്രമെഴുത്ത്’ എന്നാണ്. അതിലെ കഥാനായകനായ തിയോപ്പ എന്ന തിയോ ഫെഡരിച്ചിന് എസ്സെനിൽ കണ്ട പോർട്രെയിറ്റ് പെയിന്ററുടെ രൂപവും ഭാവവും വസ്ത്രവുമാണ് നൽകിയത്. വാർധക്യത്തിൽ ഒരു ശ്രീലങ്കൻ അഭയാർഥിയെ പ്രണയിച്ച ചിത്രകാരന്റെ കഥയാണ് അത്.
മ്യൂസിയം ഫോക്ക്വാങ് ഗാലറിയിൽ ശിൽപ്പത്തിനരികിൽ ലേഖകൻ
നവോത്ഥാന ജർമൻ ചിത്രകലയ്ക്ക് നീണ്ടചരിത്രവും പ്രസിദ്ധിയുമുണ്ട്. Albrecht Durer (1471‐1528)ൽനിന്ന് അത് തുടങ്ങുന്നു. ബർളിനിലുള്ള Akademie der Kunsteക്ക് (Acadamy of Art)1696 മുതലുള്ള ചരിത്രമുണ്ട്. ധാരാളം മ്യൂസിയങ്ങളും ഗ്യാലറികളും ജർമനിയിലെമ്പാടും ഉണ്ട്. എസ്സെനിലുള്ള മ്യൂസിയം ഫോക്ക്വാങ് സന്ദർശിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
ഈ ചിത്രകലാ മ്യൂസിയം രാജ താമസിക്കുന്ന വീടിന്റെ വളരെ അടുത്താണുള്ളത്. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുമ്പോഴെല്ലാം ഞാൻ അതിന്റെ മുന്നിലൂടെ പോകാറുണ്ട്. കയറിനോക്കാൻ മടിതോന്നി. ഒന്ന്, ഭാഷാപ്രശ്നം. രണ്ട്: ചിത്രകലാസ്വാദനത്തിൽ കുറച്ചുപിന്നിലുള്ള ഒരാളാണ് ഞാൻ. അധുനിക ചിത്രകലാകേന്ദ്രങ്ങൾ എനിക്കന്യമായ ലോകമാണ് എന്ന തോന്നൽ ഉണ്ട്.
കുറച്ചൊക്കെ അയിത്തം ബാക്കിനിന്ന ജീവിതപരിസരങ്ങളിൽ ബാല്യകാലം ചെലവഴിച്ചതുകൊണ്ടാവാം അപരിചിതലോകങ്ങളിലേക്ക് കയറിച്ചെല്ലാൻ (ഇടിച്ചുകയറാൻ) ഇന്നും മടിയുണ്ട്. കൗമാരകാലത്തെക്കുറിച്ച് ഞാൻ ഓർമിക്കുന്നു: നന്നായി വായിക്കുമായിരുന്നെങ്കിലും എഴുത്തിന്റെയും സാഹിത്യത്തിന്റെയും ലോകം അന്യമായിട്ടാണ് ഞാൻ കരുതിയിരുന്നത്. ടി വി കൊച്ചുബാവ എന്റെ നാട്ടുകാരനും ഏതാണ്ട് സമപ്രായക്കാരനുമാണ്.
അദ്ദേഹം അക്കാലത്ത് കാട്ടൂരിൽ പുനർജനി സ്റ്റഡിസർക്കിൾ എന്ന പേരിൽ ഒരു സാഹിത്യവേദിയുണ്ടാക്കി കഥ/കവിതാ വായനയും ചർച്ചകളും സംഘടിപ്പിച്ചിരുന്നു. കോവിലനും കുഞ്ഞുണ്ണിമാഷുമൊക്കെ അവയിൽ പങ്കെടുക്കാറുണ്ട്. കാട്ടൂരങ്ങാടിയിൽ പോകുമ്പോഴൊക്കെ ഞാനതിന്റെ കൈയെഴുത്തുപോസ്റ്ററുകൾ കാണും. അവിടേക്ക് പോണോ വേണ്ടയോ എന്നതിനെക്കുറിച്ച് തലപുകഞ്ഞ് ആലോചിച്ചിരുന്നു. അവസാനം പോകണ്ട എന്നാണ് തീരുമാനിച്ചത്. ഒരു രാഷ്ട്രീയപ്രവർത്തകനായ ഞാൻ (അന്ന് എന്നെ ഞാൻ അങ്ങനെയാണ് കണക്കാക്കിയിരുന്നത്; ചെറിയ മാറ്റത്തോടെ ഇന്നും) അവിടെ പോകേണ്ട കാര്യമില്ല.
പക്ഷേ ഇവിടെ മ്യൂസിയം ഫോക്ക്വാങ് എന്നെ കീഴ്പ്പെടുത്തി. സാമാന്യം വലിയ പ്രദർശനശാലയാണ്. മനോഹരമായ നിർമിതി. റിസപ്ഷനിൽ ഇരിക്കുന്ന മാന്യവനിതയോട് ഞാൻ ചോദിച്ചു: ഇംഗ്ലീഷിൽ സംസാരിക്കാമോ?
‘തീർച്ചയായും’ അവർ പറഞ്ഞു.
എൻട്രി ടിക്കറ്റിന്റെ കാര്യമാണ് അന്വേഷിച്ചത്. മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് അവർ പറഞ്ഞു. അതേസമയം അവിടെ ചില പ്രത്യേക പ്രദർശനങ്ങൾ നടക്കുന്നുണ്ട്. സമകാലിക കലാകാരന്മാരുടേതാണ്. അതിന് പണം നൽകണം. സന്തോഷത്തോടെ ഞാൻ പൊതു ചിത്രശാലയിലേക്ക് കടന്നു.
വാൻഗോഗിന്റെ പെയിന്റിങ്
ചിത്രങ്ങളും ശിൽപ്പങ്ങളുമുണ്ട്. 1922ൽ സ്ഥാപിക്കപ്പെട്ട ഈ മ്യൂസിയത്തിൽ കഴിഞ്ഞ രണ്ടുനൂറ്റാണ്ടിലെ ചിത്ര/ ശിൽപ്പങ്ങളുടെ ഭേദപ്പെട്ട കളക്ഷൻ ഉണ്ട്. ഫോട്ടോഗ്രാഫുകൾക്ക് പ്രത്യേകവിഭാഗം കണ്ടു. പ്രിയപ്പെട്ട ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ ചില ചിത്രങ്ങൾ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
1888‐89 കാലത്ത് വരച്ച The Garden of St. Pauls Hospital, Wheat field behind St. Paul’s Hospital with Creaper, Quay with men unloading sand barges എന്നീ ചിത്രങ്ങളാണ് അവിടെയുള്ളത്. കൂടാതെ കുടുംബസുഹൃത്ത് Armand Rouin പോർട്രെയിറ്റും.
നൂറ്റാണ്ടുകൾക്കുശേഷവും മഞ്ഞ ഗോതമ്പുപാടത്തെ വെയിലിന്റെ മൂർച്ച തെല്ലുപോലും കുറഞ്ഞിട്ടില്ല.കൊടുംചൂടിൽ പിശാചിനെപ്പോലെ കൊയ്തുതീർക്കാൻ പാടുപെടുന്ന രൂപത്തെ മരണമായിട്ടാണ് ഞാൻ ദർശിക്കുന്നതെന്ന് വാൻഗോഗ് തീയോക്ക് എഴുതുന്നുണ്ട്.
നൂറ്റാണ്ടുകൾക്കുശേഷവും മഞ്ഞ ഗോതമ്പുപാടത്തെ വെയിലിന്റെ മൂർച്ച തെല്ലുപോലും കുറഞ്ഞിട്ടില്ല.കൊടുംചൂടിൽ പിശാചിനെപ്പോലെ കൊയ്തുതീർക്കാൻ പാടുപെടുന്ന രൂപത്തെ മരണമായിട്ടാണ് ഞാൻ ദർശിക്കുന്നതെന്ന് വാൻഗോഗ് തീയോക്ക് എഴുതുന്നുണ്ട്. സെന്റ് പോൾസ് മെന്റൽ സാനിട്ടോറിയത്തിലെ ഒരു വർഷത്തോളം നീണ്ട താമസക്കാലത്താണ് വാൻഗോഗ് ആ ചിത്രം വരച്ചത്.
മ്യൂസിയം ഫോക്ക്വാങ് ഗാലറി
1853ൽ ഇന്നത്തെ നെതർലാൻഡിൽ ജനിച്ച വിൻസന്റ് വാൻഗോഗ് തന്റെ 35 കൊല്ലംമാത്രം നീണ്ട ജീവിതത്തിൽ ആയിരക്കണക്കിന്
വിൻസന്റ് വാൻഗോഗ്
ചിത്രങ്ങൾ വരച്ചു.
ജീവിതകാലത്ത് അവയിൽ ഒന്നു മാത്രമേ വിറ്റുപോയുള്ളു എന്നത് കലാലോകം എക്കാലത്തും ചർച്ച ചെയ്യുന്ന വിഷയമാണ്. ഗ്രാമീണ കർഷകജീവിതം ഏറ്റവും തീവ്രവും കലാത്മകവുമായി അടയാളപ്പെടുത്തപ്പെട്ടത് വാൻഗോഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ എന്ന ചിത്രത്തിലൂടെ ആയിരിക്കും.
അധികാര ഭീകരത കലയോട് ചെയ്യുന്ന അനീതിയെക്കുറിച്ച് നാം ഇന്ത്യയിൽ ചർച്ച ചെയ്യുകയാണല്ലോ? ജർമനിയിലെ നാസിഭരണം കലയോട് ചെയ്തതെന്ത് എന്ന് സ്വാഭാവികമായും ഞാൻ അന്വേഷിച്ചു. ചിത്രകലയിൽ അവർ വിശേഷാൽ ഇടപെട്ടതിന്റെ തെളിവുകൾ മ്യൂസിയം ഫോക്ക്വാങ്ങിൽ നിന്നുതന്നെ ലഭിച്ചു.
Degenerate Art എന്നു മുദ്രയടിച്ച് ഇവിടത്തെ ആയിരക്കണക്കിന് ചിത്രങ്ങൾ
നാസി ഭരണകൂടം കത്തിച്ചു കളഞ്ഞുവത്രെ! ക്യൂബിസ്റ്റ്, എക്സ്പ്രഷനിസ്റ്റ്, സർറിയലിസ്റ്റ്, ഇംപ്രഷനിസ്റ്റ് ശൈലിയിലുള്ള അമൂർത്ത ചിത്രങ്ങളെയാണ് Degenerate Art ആയി വിശേഷിപ്പിച്ചത്. ‘മോശപ്പെട്ട’ ചിത്രങ്ങൾ കണ്ടെത്താൻവേണ്ടി ഹിറ്റ്ലറുടെ ‘അമിത്ഷ’യായ ജോസഫ് ഗീബൽസ് ഒരു കമീഷനെത്തന്നെ നിയോഗിച്ചിരുന്നു. കലാ സാംസ്കാരിക പോഷണത്തിനുള്ള സർക്കാർ ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചായിരിക്കും ചിത്രങ്ങൾ കത്തിക്കാനുള്ള പെട്രോൾ വാങ്ങിച്ചത്.
മലാല യൂസഫ്സായി
അമിതാധികാരികൾ പ്രത്യേകിച്ചും മതരാഷ്ട്രവാദം ഉന്നയിച്ച് അധികാരം പിടിച്ചെടുക്കുന്ന ഭീകരർ കലയോടും സംഗീതത്തോടും ചെയ്യുന്ന കൊടുംക്രൂരതയുടെ ഭീതിജനകമായ ചിത്രം ലോകത്തിനുമുന്നിൽ വരച്ചുകാട്ടിയത് നൊബേൽ സമ്മാനിതയായ പെൺകുട്ടി മലാല യൂസഫ്സായി ആണ്. ‘I am Malala’ എന്നാണ് അവളുടെ ആത്മകഥയുടെ പേര്. പഠിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണല്ലോ സ്കൂൾ ബസ്സിൽ കടന്നുചെന്ന് താലിബാൻ വളന്റിയർമാർ അവളെ വെടിവച്ചത്. ആരാണ് മലാല? (Who is Malala?) എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ആ കുഞ്ഞിന് സമയം കിട്ടിയില്ല. പിന്നീട് മാസങ്ങൾക്കുശേഷം ബോധം വന്നപ്പാൾ അവൾ ഉച്ചരിച്ചത് ആ മറുപടിയാണ്. I am Malala. ഒരു ആത്മകഥക്ക് ഇതിൽപ്പരം മികച്ച പേര് എവിടന്ന് കിട്ടാനാണ്?
അവൾ എഴുതുന്നു: ഞങ്ങളുടെ സാത്ത് താഴ്വര പിടിച്ചെടുത്ത താലിബാൻകാർ അവിടെ സംഗീതം നിരോധിച്ചു. വീടുകളിൽ കടന്നുചെന്ന് അവർ സംഗീതോപകരണങ്ങൾ വയലിൻ, തബല, ഗിത്താർ, പിയാനോ, മ്യൂസിക് സിസ്റ്റങ്ങൾ, ടേപ്പ് റെക്കാർഡർ കാസറ്റുകൾ പിടിച്ചെടുത്ത് പുറത്തെ തെരുവിൽ കൂട്ടിയിട്ടു കത്തിച്ചു. പിന്നീട് തെരുവിൽ എകെ 47 തോക്കുമായി അവർ റോന്തുചുറ്റി. ആരെങ്കിലും സ്വയമറിയാതെ ഒരു മൂളിപ്പാട്ട് പാടുന്നുണ്ടോ എന്നന്വേഷിക്കാനായി.
‘കരുണയുടെ മതം’ എന്ന് നാരായണഗുരു വിശേഷിപ്പിച്ച മതത്തിന്റെ പേരിലാണ് ഇതൊക്കെ എന്നോർക്കണം. മതത്തിന്റെ കുഴപ്പമല്ല അത്. എല്ലാ മതങ്ങളും പ്രത്യേകമായ ചില മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പ്രവർത്തനമാരംഭിച്ചത് എന്ന് ഗുരു പറയുന്നുണ്ട്. സത്യം, ധർമം, അഹിംസ, സഹിഷ്ണുത, ദയ എന്നിങ്ങനെ. പക്ഷേ അധികാരാരോഹണത്തിനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുമ്പോൾ എല്ലാ മതങ്ങളും ഒരേ ഒരു ദർശനത്തിലേക്ക് ചുരുങ്ങുന്നതാണ് നമ്മുടെ അനുഭവം. അത് ഹിംസയുടെ ദർശനമാണ്.
ഈ അവസരത്തിൽ ചിത്രകലയെക്കുറിച്ച് ഒരു സംഗതി കൂടി പറഞ്ഞുവയ്ക്കട്ടെ: കലയുടെ ഏറ്റവും ആദിമമായ രൂപങ്ങൾ സംഗീതവും ചിത്രകലയുമാണ്. എന്നിട്ടും ഏറെ ജനാധിപത്യമുന്നേറ്റങ്ങൾ നടന്ന കേരളത്തിൽ ചിത്രകലാസ്വാദനം പിറകോട്ടു പോയതെന്തുകൊണ്ടാണ്? സംഗീതം മാത്രമല്ല, ഏറ്റവും ചുരുങ്ങിയ കാലത്തെ ചരിത്രവും ഏറെ പരിമിതികളുമുള്ള സാഹിത്യംപോലും ചിത്രകലയെ പിന്നിലാക്കി ജനകീയമായതെന്തുകൊണ്ട്? ലോകപ്രശസ്തരായ നിരവധി ചിത്രകാരന്മാർ മലയാളികളായുണ്ട്. അവരിൽ പലരും വിദേശത്താണ് താമസിക്കുന്നത്. എങ്ങനെയാണ് നമ്മുടെ ചിത്രകല ജനങ്ങളിൽ നിന്നകന്ന് വിദേശത്തേക്കും വിജനമായ ഗ്യാലറികളിലേക്കും നക്ഷത്ര ഹോട്ടലുകളിലേക്കും ഒരു പറ്റം ക്രിട്ടിക്കുകളിലേക്കുമായി പരിമിതപ്പെട്ടത്?
18. മടക്കം
മുണ്ടൂർ കൃഷ്ണൻകുട്ടി
ജർമനിയിലെ ഇത്തവണത്തെ യാത്രാദിനങ്ങൾ തീരുകയാണ്. ഈ ഘട്ടത്തിലെ സന്തോഷം കൂട്ടത്തിലെ ഏറ്റവും പുതിയ അംഗം ഷെറിൽ കൂടി ഇവിടെ എത്തി എന്നതാണ്. ഹരികൃഷ്ണന്റെ ജീവിതപങ്കാളി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ ഗവേഷണം നടത്തുന്ന അവൾ പഠനത്തിന്റെ ഇടവേളയിലാണ് ജർമനിയിലെത്തിയത്. കുറച്ചൊരു പരിശ്രമത്തിന്റെ ഫലമായിട്ടാണ് വിസ കിട്ടിയത്. കോവിഡ്മൂലം ജർമനിയുടെ അന്താരാഷ്ട്രസേവനങ്ങൾ മന്ദഗതിയിലായിരുന്നു. Spouse(ഭാര്യ / ഭർത്താവ്) വിസക്ക് കുറച്ചു കടമ്പകളുണ്ട്. ജർമൻ ഭാഷ പ്രാഥമികതലത്തിൽ പഠിച്ചിരിക്കണം. എംബസിയിലോ കോൺസുലേറ്റിലോ ചെന്ന് അഭിമുഖത്തിൽ പങ്കെടുക്കണം.
ഒരാഴ്ച മുമ്പ് ബാഡ് ഡൊബറാനിലെത്തിയ ഷെറിൽ ഇന്നലെ ഹരികൃഷ്ണനുമൊത്ത് എസ്സെനിലെത്തി. അങ്ങനെ കുടുംബം ഇവിടെ പൂർണമായി. അങ്ങനെ പറയാനാവില്ലല്ലോ. ഒരാൾ ബാക്കിയുണ്ട്. മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥയെ (മൂന്നാമതൊരാൾ) മുൻനിർത്തി ആറാമതൊരാൾ എന്നു പറയാം.
മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായ ‘മൂന്നാമതൊരാൾ’ ജീവിതത്തിന്റെ രണ്ടുഘട്ടങ്ങളിൽ രണ്ടുരീതിയിലാണ് ഞാൻ വായിച്ചത്. ആദ്യഘട്ടത്തിലെ വായനയിൽ കഥനടക്കുന്ന ജീവിതപരിസരം എന്നെ ആവേശഭരിതനാക്കിയിരുന്നു. ‘ആലിൻ ചുവട്ടിൽ ബസ്സിറങ്ങുമ്പോൾ…’ എന്നാണല്ലോ തുടങ്ങുന്നത്. ഈ ആലിൻചോടും പരിസരവും എനിക്കു സുപരിചിതമാണ്.
മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായ ‘മൂന്നാമതൊരാൾ’ ജീവിതത്തിന്റെ രണ്ടുഘട്ടങ്ങളിൽ രണ്ടുരീതിയിലാണ് ഞാൻ വായിച്ചത്. ആദ്യഘട്ടത്തിലെ വായനയിൽ കഥനടക്കുന്ന ജീവിതപരിസരം എന്നെ ആവേശഭരിതനാക്കിയിരുന്നു. ‘ആലിൻ ചുവട്ടിൽ ബസ്സിറങ്ങുമ്പോൾ…’ എന്നാണല്ലോ തുടങ്ങുന്നത്. ഈ ആലിൻചോടും പരിസരവും എനിക്കു സുപരിചിതമാണ്. കുമരംചിറ ക്ഷേത്രവും കാറളം എന്ന ഗ്രാമവും ജീവിതത്തിന്റെ ഭാഗമാണ്. കൃഷ്ണൻകുട്ടി മാഷ്ടെ ചില ബന്ധുക്കൾ എന്റെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു.
രണ്ടാംഘട്ടത്തിൽ ജീവിതംകൊണ്ടാണ് ആ കഥ വായിച്ചത്. വായിക്കുന്നവൻ മാറുമ്പോൾ കഥയും മാറുന്നു. സ്നേഹത്തോടെ കൂടെനിന്നവർ എവിടേക്കാണ് വിട്ടുപോകുന്നത്? നമ്മുടെ മനസ്സിലേക്കാണെന്ന് നിത്യചൈതന്യയതി എഴുതിയിട്ടുണ്ട്. രഞ്ജിനിയുടെ രോഗകാലത്തെ മുൻനിർത്തി ഞാൻ രണ്ടു കഥകൾ എഴുതിയിട്ടുണ്ട്. ‘മഴകൊള്ളുന്ന മരങ്ങൾ’, ‘പതിനഞ്ചു വർഷങ്ങൾക്കുശേഷം’ എന്നിങ്ങനെ. ആശുപത്രി സന്ദർശനവുമായി ബന്ധപ്പെട്ടവയാണ്. എറണാകുളത്തെ ലേക്ഷോർ ആശുപത്രിയുടെ അന്തരീക്ഷം.
ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഓങ്കോളജി വിഭാഗം. നിരത്തിയിട്ട കസേരകൾ. ആദ്യകാലത്ത് അവിടെ ഹിന്ദു / ക്രിസ്ത്യൻ / മുസ്ലിം പ്രാർഥനാമുറികൾ ഉണ്ടായിരുന്നു. ഏതാണ്ട് പതിനഞ്ച് വർഷക്കാലം ചികിത്സക്കും ചെക്കപ്പിനുമായി ഞങ്ങൾ അവിടം സന്ദർശിച്ചു. അവിടത്തെ നീണ്ട കാത്തിരിപ്പുകൾ ജീവിതത്തെ സംബന്ധിച്ച് ഒരു പുതിയ വെളിച്ചം എനിക്കു തന്നിട്ടുണ്ട്. ഒരു പുസ്തകത്തിലും ഇല്ലാത്തത്. ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്തത്.
ഓർമയിൽ മായാതെ നിൽക്കുന്ന ഒരു സന്ദർഭം പതിനഞ്ചുവർഷങ്ങൾക്ക് മുമ്പുള്ളതാണ്. രംഗം തൃശൂരിലെ ദയ ഹോസ്പിറ്റൽ. അവിടെ നടത്തിയ സ്കാനിങ്ങിലാണ് അവളുടെ കാലിൽ ഒരു മുഴയുള്ളതായി കണ്ടത്. ഡോക്ടർ അപ്പോൾ തന്നെ നീഡിൽ ബയോപ്സി സ്പെസിമൻ എടുത്തു. പത്തോളജി ലാബിൽനിന്നുള്ള റിസൽറ്റ് കിട്ടാൻ കുറച്ചുദിവസം വൈകിയിരുന്നു. റിപ്പോർട്ട് കൈയിൽ തരുമ്പോൾ
ഡോ. വി പി ഗംഗാധരൻ
ലാബിലെ സ്ത്രീ എന്നോട് ചോദിച്ചു:
‘ആരാണ് രോഗി?’
‘ഭാര്യയാണ്’.
തുടർന്ന് അവരുടെ മുഖത്തുനിന്ന് എന്റെ ഭാവിജീവിതം വായിച്ചെടുക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല. റിപ്പോർട്ട് കൈയിൽവച്ച് സന്ദർശകർക്കുള്ള കസേരയിൽ ഞാൻ കുറേസമയം ഇരുന്നു. ജീവിതത്തെക്കുറിച്ച് ഏറ്റവുമധികം ചിന്തിച്ചിട്ടുണ്ടാവുക ആ നിമിഷങ്ങളിലാണ്.
വീട്ടിൽച്ചെന്ന് ഞാൻ രഞ്ജിനിയോട് പറഞ്ഞു.
‘ചെറിയ പ്രശ്നമുണ്ടെന്നാണ് റിപ്പോർട്ടിൽ കാണുന്നത്’.
അവൾ പറഞ്ഞു:
‘ഓ, അങ്ങനെയാണല്ലേ? സാരമില്ല. ചികിത്സിക്കാമല്ലോ. നമുക്ക് റിഇംപേഴ്സ്മെന്റ് കിട്ടും. ചികിത്സിക്കാൻ പണവും സൗകര്യവുമില്ലാത്ത എത്രയോ പേരുണ്ട്?’
സത്യം പറഞ്ഞാൽ ഈ ആത്മവിശ്വാസമാണ് പതിനഞ്ചുകൊല്ലക്കാലം രോഗത്തെ അകറ്റിനിർത്തിയത്. രണ്ടു സർജറി; കീമോയും റേഡിയേഷനും വേണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ആദ്യത്തെ പത്തുവർഷക്കാലം ഒരു ഗുളികപോലും കഴിക്കേണ്ടി വന്നില്ല. മൂന്നുമാസത്തിലൊരിക്കൽ ചെക്കപ്പിന് ഹാജരായിരുന്നു. ചില സമയങ്ങളിൽ ഞങ്ങൾക്കത് ഉല്ലാസയാത്രയായി മാറി. പല സുഹൃത്തുക്കളേയും അവിടെവച്ചു കണ്ടു. പല ജീവിതനാടകങ്ങൾക്കും സാക്ഷിയായി.
ടി ഗോപി
ഒരാളെക്കുറിച്ചുമാത്രം എഴുതാമെന്നു കരുതുന്നു. അത് പ്രിയപ്പെട്ട കവിയും നോവലിസ്റ്റുമായ ടി ഗോപിയാണ്. തീരെ അവശമായ സ്ഥിതിയിലായിരിക്കും അദ്ദേഹത്തെ ലേക്ഷോറിൽവച്ച് ഞങ്ങൾ കാണുക. കീമോതെറാപ്പിക്ക് വരുന്നതാണ്. പക്ഷേ അതുകഴിഞ്ഞ് ഒരാഴ്ചക്കകം കേരളത്തിലെ ഏതെങ്കിലും ഒരു സാംസ്കാരിക സമ്മേളനസ്ഥലത്തുവച്ച് ഞാൻ ഗോപിയെ കാണും. അത്യന്തം ഉഷാറോടെയും ഊർജത്തോടെയും തന്റെ പുസ്തകങ്ങളുമായി എത്തിയിരിക്കുകയാണ്. പുസ്തകങ്ങൾ വിറ്റു കിട്ടുന്ന പണംകൊണ്ടാണ് അദ്ദേഹം തന്റെ ചികിത്സാച്ചെലവ് നിർവഹിച്ചിരുന്നത്.
ഇന്ന് ഗോപി നമ്മോടൊപ്പമില്ല. ‘ഹിഗ്വിറ്റയുടെ രണ്ടാംവരവ്’ എന്ന കാവ്യപുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ‘അതിജീവനങ്ങൾ’ എന്ന കവിതയിലെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ:
‘അറ്റങ്ങൾ അനവധിയുണ്ട്
കൂട്ടിമുട്ടിക്കാൻ കൈകൾ രണ്ടേയുള്ളു.
സാഹസം സഹിക്കവയ്യാഞ്ഞിട്ടാണ്
ജീവിതത്തെ ഉപേക്ഷിക്കാമെന്നുവച്ചത്.
ജീവിതമോ നിഴൽപോലെ പിന്നാലെ.
കരഞ്ഞുകൊണ്ട് ചിലപ്പോൾ മുന്നാലെയും’.
എസ്സെനിലേക്ക് ഷെറിൽ വന്ന വിശേഷമാണല്ലോ പറഞ്ഞത്. അവളൊന്നിച്ച് ഞങ്ങൾ ചില യാത്രകൾ നടത്തി. ക്രെഫെൽഡ് (Krefeld), ഡ്യുസൽഡോർഫ് (Dusseldorf) എന്നീ നഗരങ്ങളിലേക്കാണ് പോയത്. രണ്ടും റൈൻനദിയുടെ തീരദേശങ്ങളാണ്. സമ്പന്നമായ ഭൂതകാലത്തെ ഓർമിച്ച് ക്രെഫെൽഡിനെ ‘വെൽവെറ്റ് ആൻഡ് സിൽക്ക് സിറ്റി’ എന്നു പറയാറുണ്ടത്രെ. ജർമനിയിൽ ജൂതരുടെ സജീവ സാന്നിധ്യമുണ്ടായിരുന്ന നഗരമാണിത്.
ധാരാളം സിനഗോഗുകളും ജൂതവിദ്യാകേന്ദ്രങ്ങളും ഉണ്ടായിരുന്നു. നാസിഭരണകാലത്ത് അതെല്ലാം ആക്രമിക്കപ്പെട്ടു. 1938ൽ നടന്ന വംശഹത്യ അറിയപ്പെടുന്നത് ക്രിസ്റ്റൽനാച്ച് (Kristallnacht) എന്ന പേരിലാണ്. ഗുജറാത്ത് വംശഹത്യ പോലെത്തന്നെ. ‘ഹിറ്റ്ലർ യൂത്ത്’ അഴിഞ്ഞാടി. അധികാരികൾ നോക്കിനിന്നു. ജൂതപ്പള്ളികളുടെ ജനൽച്ചില്ലുകൾ തകർന്ന് തെരുവിൽ ചിതറിക്കിടന്നതിനെ സ്മരിച്ചാണ് ക്രിസ്റ്റൽനാച്ച് എന്ന പേരുവന്നത്.
രണ്ടാം ലോകയുദ്ധകാലത്ത് 1941 ഡിസംബർ 11ന് ക്രെഫെൽഡിൽനിന്ന് ആയിരത്തിലധികം ജൂതന്മാരെ സ്കോർടോവ (Skortova) റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭക്ഷണവും വസ്ത്രവുമില്ലാതെ തണുപ്പിൽ നരകിച്ച ഇവരെ പിന്നീട് റുംബുല കൂട്ടക്കൊലയിൽ (Rumbula Massacre) ഇല്ലാതാക്കി. 25,000 പേരെയാണ് ആ ഒറ്റ ദിവസം തീർത്തത്.
നാസി അധിനിവേശ യൂറോപ്പിൽ ആറുമില്യൻ ജൂതജനതയെയാണ് ഹോളോകാസ്റ്റിലൂടെ ഹിറ്റ്ലർ വകവരുത്തിയത്. ഹോളോകാസ്റ്റ് എന്ന പദത്തിന്റെ അർഥം Burnt Offering (യാഗത്തിനുള്ള ഹോമം) എന്നാണ്.
നാസി അധിനിവേശ യൂറോപ്പിൽ ആറുമില്യൻ ജൂതജനതയെയാണ് ഹോളോകാസ്റ്റിലൂടെ ഹിറ്റ്ലർ വകവരുത്തിയത്. ഹോളോകാസ്റ്റ് എന്ന പദത്തിന്റെ അർഥം Burnt Offering (യാഗത്തിനുള്ള ഹോമം) എന്നാണ്. പുതിയ പാർലമെന്റ് മന്ദിരത്തിനകത്ത് നരേന്ദ്രമോദി ഹോമം നടത്തുന്നത് കണ്ടപ്പോൾ ഹോളോകാസ്റ്റിനെ ഓർമിച്ചു.
ക്രെഫെൽഡിൽ ഒരു ബൊട്ടാണിക്കൽ ഗാർഡനും മൃഗശാലയുമുണ്ട്. പക്ഷേ ഞങ്ങൾ ചുരുങ്ങിയ സന്ദർശനസമയം ഒരു സിനിമ കാണാനാണ് ചെലവഴിച്ചത്. ക്രെഫെൽഡ് സിനിമാക്സിൽ കമൽഹാസന്റെ ‘വിക്രം’ എന്ന തമിഴ് സിനിമ കളിക്കുന്നുണ്ടായിരുന്നു. മെയിൻ റെയിൽവേ സ്റ്റേഷനടുത്താണ് ഈ തിയേറ്റർ. നാദിയ ഉൾപ്പെടെയുള്ളവർക്കെല്ലാം സിനിമ ഇഷ്ടപ്പെട്ടു. ഞാൻ സിനിമയെക്കുറിച്ച് ഇവിടെ എഴുതുന്നില്ല. തമിഴരടക്കം വലിയൊരു ഇന്ത്യൻസമൂഹം സിനിമ കാണാൻ എത്തിയിരുന്നു.
ഇന്ത്യൻ സിനിമകൾ ജർമൻജനത ഇഷ്ടപ്പെടുന്നുണ്ടെന്ന് ഈ യാത്രയിൽ ഞാൻ മനസ്സിലാക്കി. തദ്ദേശീയർ മാത്രമല്ല; ആഫ്രിക്ക, അറബ്, പഴയ സോവിയറ്റ് യൂണിയൻ മേഖലകളിൽനിന്ന് വന്നവർക്ക് ഹിന്ദിസിനിമ പ്രിയപ്പെട്ടതാണ്. ഹിന്ദി സീരിയലുകളും മൊഴിമാറ്റംചെയ്ത് അവർ ആസ്വദിക്കുന്നുണ്ട്. ഒരുപക്ഷേ ഷാരൂഖ് ഖാൻ ആയിരിക്കും ജർമനിയിൽ ഏറ്റവുമധികം അറിയപ്പെടുന്ന ഇന്ത്യക്കാരൻ.
ഡ്യൂസൽഡോർഫിലേക്ക് പോയത് അവിടത്തെ പ്രസിദ്ധമായ അക്വാമ്യൂസിയം (Aquazoo Lobbecke Museum) കാണാനാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ജലജീവിതങ്ങളെ അവയുടെ സ്വാഭാവികസാഹചര്യം ഒരുക്കി പരിപാലിച്ച് പ്രദർശിപ്പിക്കുന്ന ഒരു മഹാസംരംഭമാണത്. ഡ്യുസൽഡോർഫ് ജില്ലാഭരണകൂടം നേരിട്ട് നടത്തുന്ന മ്യൂസിയം. സൂക്ഷ്മജീവികളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഇവിടെ വലിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഡ്യൂസൽഡോർഫ് ജർമനിയിലെ പ്രധാന നഗരങ്ങളിലൊന്നാണ്. ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമായ നോർത്ത് റൈൻവെസ്റ്റ് ഫാലിയയുടെ തലസ്ഥാനവുമാണ്. ഫ്രങ്ക്ഫർട്ട്, മ്യൂണിച്ച്, ബർളിൻ കഴിഞ്ഞാൽ പിന്നത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് ഡ്യുസൽഡോർഫിലുള്ളത്.
ഡ്യൂസൽഡോർഫ് ജർമനിയിലെ പ്രധാന നഗരങ്ങളിലൊന്നാണ്. ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമായ നോർത്ത് റൈൻവെസ്റ്റ് ഫാലിയയുടെ തലസ്ഥാനവുമാണ്. ഫ്രങ്ക്ഫർട്ട്, മ്യൂണിച്ച്, ബർളിൻ കഴിഞ്ഞാൽ പിന്നത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് ഡ്യുസൽഡോർഫിലുള്ളത്. എസ്സെനിൽനിന്ന് അടുത്തായതുകൊണ്ട് അടുത്തയാത്രക്ക് (2023 സെപ്തംബർ) ഞാൻ ബുക്ക് ചെയ്തിരിക്കുന്നത് ഇങ്ങോട്ടാണ്.
ഡ്യൂസൽഡോർഫിൽ എനിക്ക് സന്തോഷകരമായത് റൈനിന്റെ ദർശനമാണ്. വിശ്വപ്രസിദ്ധമായ ഒരു നദിയെക്കൂടി അടുത്തുനിന്ന് കാണാൻ കഴിഞ്ഞു. ആൽപ്സിന്റെ സ്വിസ് മേഖലയിൽനിന്ന് ഒഴുകി വരുന്ന റൈൻ ഡ്യൂസൽഡോർഫിൽവച്ച് അസാമാന്യ സൗന്ദര്യം കൈവരിക്കുന്നു. സ്വിസ് മുതൽ നെതർലാൻഡ് വരെയുള്ള യൂറോപ്യൻ പ്രകൃതിയെ സമ്പന്നമാക്കിക്കൊണ്ടാണ് റൈനിന്റെ പ്രവാഹം. നഗരപ്രാന്തത്തിലെ കൃഷിയിടങ്ങൾ പ്രകടിപ്പിക്കുന്ന ഹരിതഭംഗി വിവരണാതീതമാണ്.
നദീതീരം (Rhine River Promenade) പൂർണമായും വിനോദസഞ്ചാരികൾക്കായി ക്രമീകരിച്ചിരിക്കുന്നു. നീണ്ട നടപ്പാതകൾ.
റൈൻ നദിക്കരയിൽ വിനോദസഞ്ചാരികൾക്കായി ഒരുക്കിയ നടപ്പാതകൾ
ഇരുന്ന് പുഴ കാണാനുള്ള പടവുകൾ. വെയിൽ കായാനുള്ള ഇടങ്ങളും. സഞ്ചാരികളെ ആകർഷിക്കാനുള്ള കലാപ്രകടനങ്ങളുമുണ്ട്. പാവപ്പെട്ട കലാകാരന്മാർ ഫിഡിലും അക്കോർഡിയനും മറ്റും വായിച്ച് പണം ശേഖരിക്കുന്നു.
യൂറോപ്പിലെ പൊതുകാഴ്ചയായ പോർട്രെയിറ്റ് വരപ്പുകാരുമുണ്ട്. പിന്നെ വിവിധ തലങ്ങളിലുള്ള യാചകർ. എന്തൊക്കെയോ കടലാസിൽ എഴുതി പ്രദർശിപ്പിച്ച് അവർ മുഖം താഴ്ത്തി ഇരിക്കുന്നു. ഒരാൾ മുട്ടുകുത്തി കുനിഞ്ഞ് മുഖം ഭൂമിയോട് ചേർത്തുവച്ചാണ് ഇരിക്കുന്നത്. യജമാനന്റെ ദൈന്യപ്രകടനത്തിന് സാക്ഷിയായി നായയുമുണ്ട്.
ഭക്ഷണശാലകളാണ് മറ്റൊന്ന്. ഇപ്പോൾ ടൂറിസത്തിന്റെ മുഖ്യ ആകർഷണം ഭക്ഷണമാണല്ലോ. ബിയർ കഴിച്ചുകൊണ്ട് നദീതീരത്ത് ഇരിക്കുക എന്നത് പ്രധാന സംഗതിയാണെന്ന് തോന്നുന്നു.
ഡ്യൂസൽഡോർഫിന്റെ അഭിമാനമായ ദേശീയപാനീയം അൾട്ട്ബീർ (Altbier) ആണ്. നദിയിൽ ചുറ്റിക്കറങ്ങാനുള്ള നൗകകളുണ്ട്. ചെറുതും വലുതുമായ ബോട്ടുകളും വലിയ ക്രൂയിസുകളും. എങ്ങും ഉല്ലാസകരമായ അന്തരീക്ഷം.
നദികളുമായുള്ള എന്റെ ഹൃദയബന്ധത്തെക്കുറിച്ച് എഴുതിയിരുന്നുവല്ലോ. മഹാനദികളിൽ ഏറെയൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. വിജയവാഡക്കടുത്തുവച്ച് കൃഷ്ണാനദി കണ്ടു. കൊൽക്കത്തയിലെ ബേലൂരിൽവച്ച് ഹുഗ്ലി. ഡൽഹിയിലെ യമുന. ബംഗാളി നോവലുകളിലൂടെ മനസ്സിൽ കടന്ന പത്മയും മേഘ്നയും നേരിൽ കാണാനായിട്ടില്ല.
നദികളുമായുള്ള എന്റെ ഹൃദയബന്ധത്തെക്കുറിച്ച് എഴുതിയിരുന്നുവല്ലോ. മഹാനദികളിൽ ഏറെയൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. വിജയവാഡക്കടുത്തുവച്ച് കൃഷ്ണാനദി കണ്ടു. കൊൽക്കത്തയിലെ ബേലൂരിൽവച്ച് ഹുഗ്ലി. ഡൽഹിയിലെ യമുന. ബംഗാളി നോവലുകളിലൂടെ മനസ്സിൽ കടന്ന പത്മയും മേഘ്നയും നേരിൽ കാണാനായിട്ടില്ല.
പല നഗരങ്ങളും നദികളുടെ വരദാനങ്ങളാണ്. എന്നാൽ വളർത്തിയെടുത്ത നദികളെ അഴുക്കുചാലായി മാറ്റിയ നഗരങ്ങളേയും കാണാം. ചെന്നൈ പട്ടണത്തിനരികിലെ കൂവം നദിയുടെ അവസ്ഥ ഓർക്കുക.
ഹഡ്സൺ നദിക്കരയിലെ ഡോബ്സ് ഫെറി (ന്യൂയോർക്ക്)
ന്യൂയോർക്ക് സന്ദർശനക്കാലത്ത് ഹഡ്സൺ നദി കാണാൻ കഴിഞ്ഞു. നദിക്കരയിലെ ഡോബ്സ്ഫെറിയിൽ സുഹൃത്തുക്കളായ രേണുകയുടെയും സുരേഷ്ബാബുവിന്റെയും വീട്ടിൽ കുറച്ചുദിവസം താമസിക്കുകയുണ്ടായി. ഹഡ്സണിലെ കടത്തുകാരനും മത്സ്യത്തൊഴിലാളിയുമായിരുന്ന വില്യംഡോബ്സിൽ നിന്നാണത്രെ ഡോബ്സ്ഫെറി എന്ന പേര് ഉണ്ടായത്. പത്മാനദിയിലെ മുക്കുവനെ അപ്പോൾ ഓർത്തു.
* * * *
2022 ജൂൺ 24ന് ജർമനിയിൽനിന്ന് മടങ്ങി. കരളിന്നിരുൾ നീക്കുന്ന മന്ദസ്മിതരശ്മികൾ; നരജീവിതമാകുന്ന വേദനയ്ക്കുള്ള ഔഷധങ്ങൾ ഇവിടെയായതുകൊണ്ട് ശിഷ്ടജീവിതകാലത്ത് ഇനിയും വരേണ്ടി വന്നേക്കാം. ഫ്രങ്ക്ഫർട്ടിൽ നിന്നായിരുന്നു വിമാനം. രാജ യാത്രയാക്കാൻ വന്നിരുന്നു. ചെന്നപ്പോൾ ഒരുകാര്യം മനസ്സിലായി. ഇറങ്ങിയതുപോലെ എളുപ്പമല്ല കയറ്റം. കോവിഡിന്റെ നിയന്ത്രണങ്ങൾ അവസാനിച്ചിരുന്നില്ല. സ്റ്റാഫിന്റെ കുറവ് ജർമനിയിലെ വിമാനത്താവളങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് വാർത്തയുണ്ടായിരുന്നു. അതേസമയം കർശനമായ സെക്യൂരിറ്റി പരിശോധനകളും. ബാഗുകൾ തുറന്നുകാണിക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലായിടത്തും നീണ്ട ക്യൂ.
പതിവുപോലെ ദോഹ വഴി കൊച്ചിൻ എയർപോർട്ടിലേക്ക്.
(അവസാനിച്ചു)