‘ക്രിക്കറ്റ് കേവലമൊരു കളിയല്ല, വേനൽക്കാലസൂര്യനു താഴെ നിന്നുകൊണ്ടുള്ള തപസ്സാണ്’ എന്ന് പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്തൊരു കളിക്കാരൻ അഭിപ്രായപ്പെട്ടത് ക്രിക്കറ്റ് ഏടുകളിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ കളിക്കാരൻ ആരുമായിരിക്കാം. രഞ്ജിത് സിങ്ജിയോ, ഡബ്ലിയു.ജി.ഗ്രേസോ, ഡോൺ ബ്രാഡ്മാനോ, ഗാരി സോബേ ഴ്സോ, വിവിയൻ റിച്ചാർഡ്സോ, സുനിൽ ഗാവസ്കറോ, കപിൽദേവോ, സച്ചിൻ ടെണ്ടൂൽക്കറോ, സ്റ്റീവ് വോയോ, സനത് ജയസൂര്യയോ അങ്ങനെ ആരുമാകാം അത്. അടിമുടി അനിശ്ചിതത്വം നിറഞ്ഞ ഒരു കളിയെ ജീവ ശ്വാസമായി കണ്ട നൂറു കണക്കിന് കളിക്കാരിൽ ആരുടെയോ വാക്കുകളിൽ ക്രിക്കറ്റിന്റെ സ്വത്വം തുടിച്ചു നിൽക്കുന്നു.
ജോർജ് ബെർണാഡ് ഷാ
“പതിനൊന്നു വിഡ്ഢികൾ കളിക്കുന്നു, മറ്റൊരു പതിനാ രായിരം വിഡ്ഢികളിരുന്ന് അതു കാണുന്നു, അതാണ് ക്രിക്കറ്റ് കളി”. പറഞ്ഞത് ചില്ലറക്കാരനല്ല. സാക്ഷാൽ ജോർജ് ബെർണാഡ് ഷായുടെ വാക്കുകളാണ്. ബെർണാഡ് ഷായുടെ കാലത്തെ വിഡ്ഢികളല്ല കളിക്കുന്നവരും കാണികളും എന്ന് ഇരുപതാം നൂറ്റാണ്ട് തെളിയിച്ചുവെങ്കിലും മാറ്റങ്ങളുടെ കാലത്തും അങ്ങനെ ചിന്തിക്കുന്നവരുണ്ടെന്നതിന് മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ വാക്കുകൾ സാക്ഷ്യമാകുന്നു:
“ക്രിക്കറ്റിനെപ്പറ്റി എനിക്കൊന്നുമറിയില്ല, പക്ഷേ സച്ചിൻ ടെണ്ടൂൽക്കർ ബാറ്റു ചെയ്യുമ്പോൾ ഞാൻ ക്രിക്കറ്റ് കളി കാണാറുണ്ട്. അത് സച്ചിന്റെ കളി കാണണമെന്നുള്ള ആഗ്രഹം കൊണ്ടോ ക്രിക്കറ്റിനോടുള്ള താൽപ്പര്യം കൊണ്ടോ അല്ല. സച്ചിൻ ബാറ്റു ചെയ്യുമ്പോൾ എന്തു കൊണ്ട് എന്റെ രാജ്യത്തിന്റെ ഉൽപ്പാദനം അഞ്ചു ശതമാനം കുറയുന്നു എന്നറിയുന്നതിന് വേണ്ടിയാണ്.”
സച്ചിൻ
ഒബാമയുടെ വാക്കുകൾ അമേരിക്കൻ സാമ്പത്തിക ശാസ്ത്രം ക്രിക്കറ്റ് എന്ന കായികവിനോദത്തെ തള്ളിപ്പറയുന്നു എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. കളിയോ കാണികളോ അല്ല, എന്തിനെയും ഏതിനെയും ലാഭക്കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രം കാണുന്ന ‘അമേരിക്കൻവേ’ ആണ് ക്രിക്കറ്റ് എന്ന കായിക വിനോദത്തെ ഭരണകൂടത്തിൽ നിന്നുപോലും അകറ്റിനിർത്തുവാൻ പ്രേരിപ്പിക്കുന്നത് എന്നതാണ് യാഥാർഥ്യം. ഇവിടെ ഘടനാപരമായി ക്രിക്കറ്റുമായി ഏറെ സാമ്യമുള്ള ബേസ്ബോൾ അമേരിക്കൻ ജനതയെ ഒന്നിപ്പിക്കുന്ന കായികാഘോഷമാണെന്നതിനെക്കാൾ അമേരിക്കൻ സാമ്പത്തിക ഘടനയുടെ ആണിക്കല്ലു കൂടിയാണെന്ന കാര്യം ഓർക്കേണ്ടതുണ്ട്.
പടിഞ്ഞാറ് പണ്ടു കാലത്ത് പ്രചാരത്തിലിരുന്ന കുട്ടിക്കളിയായ ‘റൗണ്ടേഴ്സ്’ എന്ന കായിക വിനോദത്തിന്റെ ആകർഷകമായ പിരിവു കളാണ് ബേസ്ബോളും ക്രിക്കറ്റും എന്ന് പറയപ്പെടുന്നത് ഇരു കളികൾക്കുമുള്ള സാമ്യം കൊണ്ടാണ്. വിശാലമായ കളിസ്ഥലം, ബാറ്റും ബോളും, രണ്ടു ടീമുകൾ, പതിനൊന്നു വീതം കളിക്കാർ, പന്തേറ്, ബാറ്റിങ്, ഫീൽഡിങ് അങ്ങനെ സാമ്യങ്ങൾ ഏറെ. അമേരിക്കക്കാർ ക്രിക്കറ്റിനെ കൈവിട്ട് ബേസ് ബോളിനെ വരിച്ചത് ചരിത്രവും.
അമേരിക്കൻ മേജർ ലീഗ് ബേസ്ബോളിന്റെ ഒരു വർഷത്തെ വരുമാനം 10.32 ബില്ല്യൺ ഡോളർ (84,600 കോടി രൂപ) ആണെന്നാണ് കണക്ക്. ഐസിസിയുടെ ലോകമെമ്പാടും നിന്നുള്ള വരുമാനമാകട്ടെ 285.87 മില്ല്യൺ ഡോളർ (4920 കോടി രൂപ) മാത്രം. ഇതിൽ 38.5 ശതമാനം ഇന്ത്യ ക്കുള്ള വിഹിതമാണ്. പിന്നെ ഒബാമയ്ക്ക് ക്രിക്കറ്റിൽ നിന്ന് എന്തുകിട്ടാൻ? അമേരിക്കയിൽ ബേസ്ബോളിന് ഒപ്പം പ്രചാരമുള്ള ബാസ്കറ്റ്ബോളിന്റെ (എൻബിഎ ലീഗ്) വാർഷിക വരുമാനം 10 ബില്ല്യൺ ഡോളർ (82,000കോടി രൂപ) ആണെന്നതും ഓർക്കുക.
ക്രിക്കറ്റ് അമേരിക്കൻ ഭൂഖണ്ഡത്തിന് സ്വീകാര്യമാവാതിരിക്കുന്നതിന് മറ്റു കാരണങ്ങൾ തേടി പോവേണ്ടതില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റിലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ അവസാനത്തെ രണ്ട് ട്വെന്റി 20 മത്സരങ്ങൾ ഫ്ലോറിഡയിൽ വെച്ചു നടത്തുവാനുള്ള തീരുമാനം ക്രിക്കറ്റിനെ അമേരിക്ക സ്വീകരിക്കുന്നെങ്കിൽ സ്വീകരിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നിരിക്കണം. ആദ്യ മത്സരത്തിൽ 9 വിക്കറ്റിന് ഇന്ത്യ ജയിക്കുന്നത് കാണാൻ പക്ഷേ ഇന്ത്യക്കാർ പോലും ഗാലറിയിൽ ഏറെ ഉണ്ടായിരുന്നില്ല.
കളിയല്ല, തപസ്സാണ്
‘ക്രിക്കറ്റ് കേവലമൊരു കളിയല്ല, വേനൽക്കാലസൂര്യനു താഴെ നിന്നുകൊണ്ടുള്ള തപസ്സാണ്’ എന്ന് പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്തൊരു കളിക്കാരൻ അഭിപ്രായപ്പെട്ടത് ക്രിക്കറ്റ് ഏടുകളിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ കളിക്കാരൻ ആരുമായിരിക്കാം. രഞ്ജിത് സിങ്ജിയോ, ഡബ്ലിയു ജി ഗ്രേസോ, ഡോൺ ബ്രാഡ്മാനോ, ഗാരി സോബേഴ്സോ, വിവിയൻ റിച്ചാർഡ്സോ, സുനിൽ ഗാവസ്കറോ, കപിൽദേവോ, സച്ചിൻ ടെണ്ടൂൽക്കറോ, സ്റ്റീവ് വോയോ, സനത് ജയസൂര്യയോ അങ്ങനെ ആരുമാകാം അത്. അടിമുടി അനിശ്ചിതത്വം നിറഞ്ഞ ഒരു കളിയെ ജീവശ്വാസമായി കണ്ട നൂറു കണക്കിന് കളിക്കാരിൽ ആരുടെയോ വാക്കുകളിൽ ക്രിക്കറ്റിന്റെ സ്വത്വം തുടിച്ചു നിൽക്കുന്നു.
ഇംഗ്ലണ്ട് സന്ദർശിച്ച 1932ലെ ഇന്ത്യൻ ക്രിക്കറ്റ് ടീം
ആ തലമുറയുടെ തുടക്കം അങ്ങ് പതിനെട്ടാം നൂറ്റാണ്ടിലാണ്. 1932ൽ സികെ നായിഡുവിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്രതലത്തിൽ ഇന്ത്യ കന്നി മത്സരത്തിനിറങ്ങുന്നതിന് കൃത്യം ഒൻപത് ദശകം മുൻപ് 1844ലാണ് ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.
അമേരിക്കയും കാനഡയുമായിരുന്നു ടീമുകൾ. ഡബ്ലിയു.ജി ഗ്രേസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം 1872ൽ അമേരിക്കയിലും കാനഡയിലുമായി നടത്തിയ പര്യടനത്തിൽ ന്യൂയോർക്ക്, ബോസ്റ്റൺ, ഫിലഡാൽഫിയ. ക്യൂബക്, മോൺട്രിയൽ, ഒട്ടാവ, ടൊറൊൻറോ എന്നിവിടങ്ങളിൽ കളിച്ചു. അമേരിക്ക പണം വിളയുന്ന ബേസ്ബോളിനെ ദേശീയ കായിക വിനോദമായി പ്രഖ്യാപിക്കുന്നത് ഏറെക്കഴിഞ്ഞാണ്.
സികെ നായിഡു
ക്രിക്കറ്റിലെ ആദ്യദൈവമായി വിശേഷിപ്പിക്കപ്പെടുന്നത് എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരനായി കരുതപ്പെടുന്ന ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ വില്ല്യം ഗിൽബർട്ട് ഗ്രേസ് എന്ന ഡബ്ലിയു ജി ഗ്രേസ് ആണ്. നീട്ടി വളർത്തിയ താടിയും ആറടി രണ്ടിഞ്ച് ഉയരവും ഉള്ള ഗ്രേസിനെ ചുറ്റിപ്പറ്റിയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ലോകക്രിക്കറ്റ്. ബ്രിസ്റ്റോളിൽ സമ്പന്ന കുടുംബത്തിൽ ജനനം.
അച്ഛൻ ഹെന്റി ഗ്രേസ് അറിയപ്പെടുന്ന ക്രിക്കറ്റർ. അമ്മ മാർത്ത ക്രിക്കറ്റ് സംഘാടക. ആകെ ഒൻപത് മക്കൾ. അഞ്ച് ആണും നാല് പെണ്ണും. ഒൻപതുപേരും ക്രിക്കറ്റ് കളിക്കാർ. ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ നായകൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 126 സെഞ്ചുറി അടക്കം 54,896 റൺസ്. 2809 വിക്കറ്റ്. ചാടിയും ഓടിയും കളം നിറഞ്ഞു നിന്ന ഫീൽഡർ. ക്രീസിൽ ക്രിക്കറ്റിന്റെ വിശ്വരൂപമായിരുന്നു ഗ്രേസ്.
ആധുനിക ക്രിക്കറ്റിന്റെ ആരംഭം കുറിച്ച ഇംഗ്ലണ്ട് പ്രവിശ്യ (കൗണ്ടി) ക്രിക്കറ്റിൽ സെന്റർ ബെറിയിൽ കെന്റിനെതിരെ എംസിസി നേടിയ 546 റൺസിന്റെ കൂറ്റൻ സ്കോറിൽ 344 റൺസും ഗ്രേസിന്റെ ബാറ്റിൽ നിന്നായിരുന്നു. ട്രിപ്പിൾ സെഞ്ചുറിയുടെ ഗരിമയിൽ പിന്നീട് ഓവലിൽ ഗ്ലൌസസ്റ്ററിനെതിരെ കളിക്കാനിറങ്ങിയ ഗ്രേസ്, നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി.
താരതമ്യേന അപ്രശസ്തനായ ജെം ഷാ ആയിരുന്നു ബൗളർ. പക്ഷേ ഗ്രേസ് ക്രീസ് വിട്ടു പോയില്ല. ഗാലറികളിലേക്ക് കണ്ണയച്ച് ജെം ഷായുടെ മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ട് ഗ്രേസ് ഉറക്കെ പറഞ്ഞു:
“ഇവർ വന്നിരിക്കുന്നത് എന്റെ ബാറ്റിങ് കാണാനാണ്, താങ്കളുടെ ബൗളിങ് കാണാനല്ല.”
ഡബ്ലിയു ജി ഗ്രേസ്
ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ വിക്കറ്റിനു മുകളിൽ ബെയിൽ എടുത്തുവെച്ച് ഗ്രേസ് അടുത്ത പന്തിനായി ഗാർഡ് എടുത്തു. അമ്പയർമാരോ സംഘാടകരോ അതിനെ എതിർത്തില്ല. ഗ്രേസ് എന്താവും പറഞ്ഞിരിക്കുക എന്നറിയാതെ തന്നെ ഗാലറികൾ ഇളകി മറിഞ്ഞു. അവർ ഗ്രേസ്… ഗ്രേസ്… എന്ന് അലറി വിളിച്ചു. അടുത്ത പന്ത് ഗാലറിയിലേക്ക് പായിച്ചുകൊണ്ടുള്ള ബാറ്റിംഗ് അവസാനിച്ചത് സെഞ്ചുറിയും കടന്ന് 176 റൺസിലാണ്. ആ ഒരൊറ്റ മാസം ഗ്രേസ് നേടിയത് മറ്റ് മൂന്ന് സെഞ്ചു റികളടക്കം 1000 റൺസായിരുന്നു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ സർവ്വകാല റിക്കാർഡ്. അതായിരുന്നു ഡബ്ലിയു ജി ഗ്രേസ്.
വെറുമൊരു കൗതുകത്തിനു വേണ്ടി ഇക്കഴിഞ്ഞ സെപ്തംബർ പതിനേഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാകപ്പ് ഫൈന ലിൽ ശ്രീലങ്കയുടെ ഇന്നിംഗ്സിന്റെ നാലാം ഓവറിനെ ഗ്രേസ് ചരിതവുമായി ഒന്നു ബന്ധപ്പെടുത്തി നോക്കിയാലോ? പേസർ മുഹമ്മദ് സിറാജിന്റെ മാന്ത്രിക സ്പെല്ലിലെ ആദ്യപന്തിൽ നിസാങ്ക(2) പുറത്ത്.
ശ്രീലങ്കക്കെരിരെയുള്ള വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സിറാജ്
മൂന്നാമത്തെ പന്തിൽ സമരവിക്രമ(0). നാലാമത്തെ പന്തിൽ അസലങ്കയും(0) ആറാമത്തെ പന്തിൽ ധനഞ്ജയയും(4) പവലിയനിലേക്ക്. ആറു പന്തിൽ നാലു വിക്കറ്റുകൾ. കുറഞ്ഞപക്ഷം സമര വിക്രമയും അസലങ്കയും ഗ്രേസിനെപ്പോലെ ബെയിൽസ് തിരികെവെച്ച്, സിറാജിനെയൊന്നു വിരട്ടി കളി തുടർന്നിരുന്നുവെങ്കിലോ? സങ്കൽപ്പികമാണ് ചോദ്യമെങ്കിലും ആരായിരുന്നു ഗ്രേസ് എന്നു വിലയിരുത്തുന്നതിന് അത് സഹായകമാവും.
സ്ലെഡ്ജിംഗ് സിക്സർ
1986ലാണ് സംഭവം. നായകൻ, ക്രിക്കറ്റിന്റെ വിളഭൂമിയായ കരീബിയൻ മണ്ണിൽനിന്ന് ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയ സർ വിവിയൻ റിച്ചാർഡ്
വിവിയൻ റിച്ചാർഡ്സ്
സ് എന്ന ബാറ്റിങ് മാന്ത്രികൻ. പ്രതിനായകൻ ഇംഗ്ലണ്ടിനു വേണ്ടി അന്ന് രണ്ട് ടെസ്റ്റിൽ മാത്രം കളിച്ച ഗ്രെഗ് തോമസ് എന്ന പേസ് ബൗളർ. ഇംഗ്ലീഷ് കൗണ്ടിയിൽ സോമർസെറ്റും ഗ്ലാമോർഗനും തമ്മിലുള്ള മത്സരമാണ് വേദി.
ഇംഗ്ലണ്ടിനെതിരെ സെന്റ്ജോൺസ് ടെസ്റ്റിൽ ടെസ്റ്റ്ക്രിക്കറ്റിലെ ഏറ്റം വേഗതയേറിയ സെഞ്ചുറി (56 പന്തിൽ) നേടിയതിനു ശേഷമുള്ള വരവാണ് റിച്ചാർഡ്സിന്റേത്.
1979 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 92 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് തുടർച്ചയായി രണ്ടാം തവണ കിരീടം നേടുമ്പോൾ ലോർഡ്സിന്റെ ഗാലറിയിൽ പതിനെട്ടു കാരനായ ഗ്രെഗ് കണ്ണീരൊഴുക്കി ഇരിക്കുന്നുണ്ടായിരുന്നു.
അന്ന് മനസ്സിൽ കുറിച്ചിട്ടതാണ് ഏതെങ്കിലും തരത്തിലുള്ള ഒരു പകരം വീട്ടൽ. അവസരം ഇപ്പോൾ കൈയെത്തും ദൂരത്ത്. ‘ഇയാൻ ബോതമിന്റെ സ്ലെഡ്ജീഗ്’ ആരാധകനായ ഗ്രെഗ് കിട്ടിയ അവസരം പാഴാക്കിയില്ല.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ 286 റൺസിൽ 138 ഉം റിച്ചാർഡ്സിന്റേത് ആയിരുന്നല്ലോ. ബാറ്ററെ വാക്കുകളിലൂടെയും ആംഗ്യങ്ങളിലൂടെയും പ്രകോപിപ്പിച്ച് ശ്രദ്ധതിരിപ്പിക്കുന്ന വൻതാരങ്ങളുടെ അടവ് പുതു മുഖമായ ഗ്രെഗ് ശരിക്കും നടപ്പിലാക്കുക തന്നെ ചെയ്തു.കൃത്യമായ ലെംഗ്തിൽ തുടർച്ചയായി എറിഞ്ഞ പന്തുകളിൽ നിന്ന് റൺസ് നേടാനാ കാതെ വിഷമിച്ച വിവിയന്റെ അടുത്തേക്ക് ചെന്ന് തുറിച്ചു നോക്കി ക്കൊണ്ട് ക്രിക്കറ്റ്പന്തിനെ പരിചയപ്പെട്ടുകൊള്ളൂ എന്ന മട്ടിൽ ഗ്രെഗ് ഉറക്കെ പറഞ്ഞു:
ഗ്രെഗ് തോമസ്
“ഏയ്, ചുവപ്പാണ് നിറം, ഉരുണ്ടിരിക്കും, ഏകദേശീ അഞ്ച് ഔൺസ് ഭാരമുണ്ടാവും. ഞാനെറിഞ്ഞു തരാം. അടിക്കാമെങ്കിൽ അടിച്ച് പരത്തിയ്ക്കോ…”
ശാപവാക്കുകളായാണ് സ്ലെഡ്ജിംഗ് ഏതു ബാറ്റർക്കും അനുഭവപ്പെടുക. വിവിയൻ അപ്പോൾ പ്രതികരിച്ചില്ല. അടുത്ത പന്ത് ബൗണ്ടറിക്കു മുകളിലൂടെ ഉയർത്തി തൊട്ടടുത്തുള്ള കനാലിലേക്ക് തള്ളിക്കൊണ്ട് വിവിയൻ ഗ്രെഗിനോട് പറഞ്ഞു:
“അത് ഇങ്ങനെയിരിക്കുമെന്ന് ഇപ്പോൾ മനസ്സിലായല്ലോ? പോയി നോക്ക്.”
സ്ലെഡ്ജിംഗിന്റെ മറ്റൊരു രൂപമായി കണക്കാക്കാം 1932ലെ ആഷസ് സീരീസിലെ ‘ബോഡിലൈൻ’ ബൗളിംഗിനെ. വാക്കുകൾക്കു പകരം കൈകൊണ്ട് നേരിട്ടുള്ള പ്രഹരം. ബ്രാഡ്മാനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇംഗ്ലണ്ടിന്റെ ഹാരോൾഡ് ലാർവുഡിന്റെ അതിവേഗതയിലുള്ള ഷോർട് പിച്ഡ് പന്തുകൾ ലെഗ്സ്റ്റംപിൽ പതിച്ച് കുത്തിത്തിരിഞ്ഞ് ബ്രാഡ്മാന്റെ ശരീരത്തെ ലക്ഷ്യമാക്കി പാഞ്ഞപ്പോൾ ക്രിക്കറ്റിന്റെ ഹീനമായ മുഖമാണ് കായികപ്രേമികൾ കണ്ടത്.
സ്ലെഡ്ജിംഗ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ലാർവുഡിന്റെ ബൗളിംഗ് തലേന്ന് രാത്രിയിൽ ഇംഗ്ലണ്ട് നായകൻ ഡഗ്ലസ് ജാർഡൈന്റെ തലയിലുദിച്ച ആശയമായിരുന്നു. ബ്രാഡ്മാനെ തളയ്ക്കാൻ ടീം മാനേജ്മെന്റ് അനുവാദവും നൽകി. വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ ജാർഡൈൻ അതേപ്പറ്റി സൂചന നൽകുകയും ചെയ്തിരുന്നു:
ബ്രാഡ്മാൻ
“ആറായിരം മൈൽ സഞ്ചരിച്ച് ഞാനെത്തിയിരിക്കുന്നത് ഓസ്ട്രേലിയയിൽ സുഹൃത്തുക്കളെ സമ്പാദിക്കാനല്ല, ആഷസ് ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോകാനാണ്.”
കളിയ്ക്കിടെ കളിക്കാരുടെ ലോഞ്ചിലിരുന്ന് ഓസ്ട്രേലിയൻ നായകൻ ബിൽ വുഡ്ഫുൾ ഇങ്ങനെ പ്രതികരിച്ചു:
“രണ്ടു ടീമുകളാണ് ഗ്രൗണ്ടിൽ. ഒന്ന് ക്രിക്കറ്റ് കളിക്കുന്നു, മറ്റേത് ബോഡിലൈനും.”
ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ആഫ്രിക്കൻ വൻകരയിൽ ലോക ക്രിക്കറ്റിൽ ശക്തരായി വളർന്ന സിംബാബ് വേയുടെ മുൻ പ്രസിഡന്റ് റോബർട് മുഗാബേ ‘മാന്യന്മാരുടെ’ രാജ്യമാക്കി തന്റെ രാജ്യത്തെ മാറ്റാൻ ക്രിക്കറ്റിനെ കൂട്ടുപിടിച്ചുകൊണ്ട് ഒരിക്കൽ പറഞ്ഞതിനെ അസ്ഥാനത്താ ക്കുന്നതാണ് മുൻകണ്ട കാഴ്ചകൾ:
“ക്രിക്കറ്റ് ജനങ്ങളെ പരിഷ്കൃതരാക്കുന്നു, നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു. എന്റെ രാജ്യത്ത് എല്ലാവരും ക്രിക്കറ്റ് കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ നമ്മുടേത് മാന്യന്മാരുടെ രാഷ്ട്രമാകട്ടെ.”
സ്വന്തം നാട്ടുകാരായ ക്രിക്കറ്റർമാർ പോലും മുഗാബേക്ക് ഒപ്പം നിന്നില്ലെന്നത് ചരിത്രം. വർണ്ണ വർഗ്ഗ വിവേചനങ്ങളാൽ കുപ്രസിദ്ധി നേടിയ മുഗാബേയെ ധിക്കരിക്കണം എന്നതുകൊണ്ടായിരുന്നില്ല അത്. കളിക്കളത്തിലെ മാന്യത മറന്നവർ ആ സംഘത്തിലുമുണ്ടായിരുന്നു. ഓർക്കുന്നില്ലേ ഈയിടെ അന്തരിച്ച ഹീത്ത് സ്ട്രീക്കിന്റെയും, കെവിൻ കരൻ, ഡങ്കൻ ഫ്ലെച്ചർ, പോൾ സ്ട്രാങ് തുടങ്ങിയവരുടെയും പന്തെറിയലിനു ശേഷമുള്ള മുഖഭാവങ്ങൾ!
ഒരു പഴമ്പുരാണം
ക്രിക്കറ്റ് ബാറ്റിന്റെ ഇപ്പോൾ നിലവിലുള്ള വീതിയായ നാലേ കാൽ ഇഞ്ച് പ്രാബല്യത്തിൽ വന്നത് 1771ൽ ഈ കായിക വിനോദം വളർച്ചയുടെ നിർണായക ദശയിലെത്തിയ ഹംബിൾഡൻ കാലഘട്ടത്തിലാണ്. ഈ നിയമം നടപ്പിലായതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. ജോൺ നൈറന്റെ ‘ദ യങ് ക്രിക്കറ്റേഴ്സ് ട്യൂട്ടർ’, ഹെൻറി ഫ്രെഡിന്റെ ‘ദ ഹംബിൾ ഡൻമെൻ’ എന്നീ പുസ്തകങ്ങളിൽ അന്നു നിലവിലിരുന്ന ക്രിക്കറ്റ് കളിയെ പ്പറ്റിയും നിയമങ്ങളെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
തോമസ് ബ്രെറ്റ് വീതി കൂടിയ ബാറ്റുമായി
ഹാംപ്ഷയറിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് ഹംബിൾഡൻ. ഏതാണ്ട് 30 വർഷത്തോളം ഈ ചെറിയ ഗ്രാമം ഇംഗ്ലണ്ടിലെ പ്രശസ്തരായ ഒട്ടേറെ ക്രിക്കറ്റർമാർക്ക് ആതിഥ്യമരുളി. ലിറ്റിൽ ഹംബിൾഡനും ഓൾ ഇംഗ്ലണ്ട് ടീമും തമ്മിലുള്ള കളികൾ കാണാൻ ഗ്രാമം മുഴുവൻ ഒഴുകി യെത്തുമായിരുന്നു. തോൽവി പോലും ആഘോഷമാക്കുന്ന ഗ്രാമീണർ.
ചാൻറസ് രാജകുമാരൻ, നോർതിങ്ഡൻ പ്രഭു, വിൻചിൽസി പ്രഭു, റിച്ച്മണ്ട് രാജകുമാരൻ, ഡാൻലി പ്രഭു തുടങ്ങിയവർ ആധ്യക്ഷ്യം വഹിച്ച ഹംബിൾഡൻ ക്ലബ്ബിന്റെ സുവർണ്ണ കാലത്താണ് പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ കളിക്കാരായ ജോൺ സ്മോൾ, വില്ല്യം ബാർബർ, റിച്ചാർഡ് നൈരൺ, തോമസ് ബ്രെറ്റ് തുടങ്ങിയവർ ക്രിക്കറ്റ് എന്ന പുത്തൻ കളിയുടെ പ്രശസ്തി യൂറോപ്പിന് പുറത്തെത്തിച്ചത്.
സ്റ്റംപിന്റെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചത് ഹംബിൾഡൻ മത്സരങ്ങളിലാണ്. ക്രിക്കറ്റ്ബാറ്റിന്റെ നീളത്തിനും വീതിക്കും കൃത്യമായ അളവുകളുണ്ടായിരുന്നില്ല. ഒരു കളിക്ക് തോമസ് ബ്രെറ്റ് എത്തിയത് സ്വയം നിർമ്മിച്ച ബാറ്റുമായിട്ടാണ്. സ്റ്റംപുകൾക്കു മുന്നിൽ ബാറ്റു കുത്തിനിർത്തി അങ്ങനെ നിന്നാൽ മതി, ഒരൊറ്റ പന്തും വിക്കറ്റിൽ കൊള്ളാതെ തടുത്തു കൊള്ളും.
അത്രയ്ക്ക് വീതിയായിരുന്നു ആ ബാറ്റിന്. ബൗളർമാർ കിണഞ്ഞു ശ്രമിച്ചിട്ടും ബ്രെറ്റിനെ പുറത്താക്കാൻ കഴിഞ്ഞില്ല. സഹികെട്ട ബൗളർമാർ ഇടവേളയിൽ ബ്രെറ്റിന്റെ ബാറ്റ് കത്തികൊണ്ട് വെട്ടിയൊതുക്കി. വീതി കുറഞ്ഞ ബാറ്റുമായി കളി തുടർന്ന ബ്രെറ്റ് ആദ്യ പന്തിൽ തന്നെ ക്ളീൻ ബൗൾഡ്. ആ ബാറ്റിന്റെ വീതി നാലേകാൽ ഇഞ്ച് ആയിരുന്നു. അന്നു തന്നെ ബാറ്റിന്റെ വീതി നിജപ്പെടുത്തിക്കൊണ്ടുള്ള നിയമവും നിലവിൽ വന്നു.
മാറ്റങ്ങളിലൂടെ വളർച്ച
ലോകത്ത് മറ്റൊരു കായിക വിനോദത്തിനും ഇത്രയേറെ പരിവർത്തനങ്ങൾക്ക് വിധേയമാകേണ്ടി വന്നിട്ടില്ല. കാലാകാലങ്ങളിൽ നിയമങ്ങളിൽ ഉണ്ടായിട്ടുള്ള ഭേദഗതികൾ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, വോളിബോൾ, നീന്തൽ, ടെന്നീസ് തുടങ്ങിയവയിലൊക്കെ മാറ്റങ്ങൾ വരുത്തി യിട്ടുണ്ട്. പക്ഷേ അവ കളിയുടെ മൊത്തം ഘടനെയെ സാരമായ വിധത്തിൽ ബാധിച്ചിരുന്നില്ല. ക്രിക്കറ്റിൽ മറിച്ചാണ് സംഭവിച്ചത്. നിയമങ്ങളൊന്നുമി ല്ലാതെ തുടങ്ങിയ ഒരു കളി.
നിയമങ്ങൾ ഒന്നൊന്നായി ഏർപ്പെടുത്തിയപ്പോഴാകട്ടെ അതിസങ്കീർണ്ണമായി മാറി ഘടന. രണ്ടിനു പകരം മൂന്നു സ്റ്റംപുകൾ, വിക്കറ്റിന്റെ ഉയരം, പന്തിന്റെ ചുറ്റളവ്, ബെയിലിന്റെ വലുപ്പം, പിച്ചിന്റെ വീതിയും നീളവും, ബാറ്റിന്റെ വലുപ്പവും ഭാരവും, കളിക്കാരുടെ സ്ഥാനങ്ങൾ, ബൗളിഗ് രീതികൾ, ബാറ്ററുടെ പുറത്താകൽ ഒക്കെ കാലാകാലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
ക്രിക്കറ്റ് ബാറ്റ് കാലങ്ങളിലൂടെ
ഓരോ മാറ്റവും ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കളിയുടെ ദൈർഘ്യത്തിന്റെ കാര്യത്തിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടായി.
കുറെ ഏറുകൾ എന്നതിൽ നിന്ന്, ആറ് ഏറുകൾ അടങ്ങിയ ‘ഓവർ’ നിലവിൽ വന്നതോടെയാണ് നിശ്ചിത ഓവറുകളിലായി ത്രിദിന മത്സരങ്ങളുടെ തുടക്കം. കളിയുടെ ആകർഷണീയത ‘ജയ’ത്തിന്റെ അടിസ്ഥാനത്തിലാണെന്ന കണ്ടെത്തൽ നാല് ഇന്നിംഗ്സുകൾ അടങ്ങുന്ന കളിയ്ക്ക് രൂപം നല്കുന്നതിന് പ്രേരകമായി.
മൂന്നു ദിവസത്തിനുള്ളിൽ ഫലം കണ്ടെത്താനാവാഞ്ഞതോടെ നാല് ദിവസം ദീർഘിക്കുന്ന ‘ടെസ്റ്റ്’ മത്സരങ്ങൾ നിലവിൽ വന്നു. ടെസ്റ്റ് മത്സ രങ്ങൾ പിന്നീട് അഞ്ചു ദിവസങ്ങളായി വർദ്ധിപ്പിച്ചു.
എന്നിട്ടും പലപ്പോഴും ഫലം കാണാൻ കഴിയാതെ വന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ആകർഷണീയത നഷ്ടപ്പെടുത്തുന്നുവെന്ന് കണ്ടതോടെയാണ് ആധുനിക ക്രിക്കറ്റിന്റെ പ്രകാശ മാനമുഖമായ ‘ഏകദിന നിയന്ത്രിത ഓവർ’ മത്സരങ്ങൾ തുടങ്ങുന്നത്.
കാണി കൾ ആവേശത്തോടെ സ്വീകരിച്ച ‘ഇൻസ്റ്റൻറ് ക്രിക്കറ്റി’നും ആകർഷണീയത നഷ്ടപ്പെടുന്നുവെന്ന തോന്നൽ
ഏഷ്യാകപ്പ് കിരീട നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ
‘വെരി ഇൻസ്റ്റന്റ് ’ ആയ ട്വന്റി 20 യുടെ പിറവിയിലേക്ക് നയിച്ചു. ട്വന്റി 20 ഒരു കൊടുങ്കാറ്റ് ആയിരുന്നു. അതാഞ്ഞു വീശിയപ്പോൾ നിലംപതിച്ചത് ക്രിക്കറ്റിന്റെ പ്രാഥമികവും സൗന്ദര്യപരവുമായ ഘടകങ്ങളാണ്. ഇനി, ട്വന്റി 20 ക്കും അപ്പുറത്തായി മറ്റൊരു ക്രിക്കറ്റ് രൂപം?
സംശയിക്കേണ്ട, കോർപറേറ്റുകളുടെ വാണിജ്യ താൽപ്പര്യങ്ങൾ പുതിയ പുതിയ ക്രിക്കറ്റ് രൂപങ്ങൾ നമ്മൾക്കു മുന്നിൽ എത്തിച്ചു കൊണ്ടേയിരിക്കും. ആശങ്ക മനസ്സിൽ സൂക്ഷിച്ചു കൊണ്ടുതന്നെ ബാറ്റും ബോളും തമ്മിലുള്ള അടുത്ത ലോകമഹായുദ്ധത്തിനായി കണ്ണുനടാം, കാതോർക്കാം.