ന്യൂഡൽഹി > ഡൽഹിയിൽ മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരായി നടന്ന റെയ്ഡുകളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അതിരാവിലെ നിരവധി പത്രപ്രവർത്തകരുടെയും, സ്റ്റാൻഡ് – അപ്പ് കോമഡിയൻമാരുടെയും, ശാസ്ത്രജ്ഞർ, സാംസ്കാരിക ചരിത്രകാരന്മാർ, നിരൂപകർ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. യുഎപിഎയുടെ പല വിഭാഗങ്ങളും ഉൾപ്പെടുത്തിയാണ് പൊലീസ് ക്രൂരത അരങ്ങേറിയത് – പിബി പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണിത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിവിധ മാധ്യമങ്ങളെ അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണ ഏജൻസികളെ മോദി സർക്കാർ വിന്യസിച്ചു. ബിബിസി, ന്യൂസ് ലോൺഡ്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, കസ്മീർ വാല, വയർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് നേരെയും കേന്ദ്ര ഏജൻസികളുടെ നടപടികളുണ്ടായി.
സത്യം പറയുന്ന മാധ്യമപ്രവർത്തകരെ അധികാരം ഉപയോഗിച്ച് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ലക്ഷ്യമിട്ട് പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ചിട്ടയായ ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്നേഹികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.