ഗിരിനിരകളിൽനിന്ന് താഴ്വാരങ്ങളിലേക്കുള്ള കുളിർക്കാറ്റിനെപ്പോഴും സുഗന്ധമായിരുന്നു. ഏലത്തിന്റെ ഗന്ധം. കാലചക്രം തിരിഞ്ഞപ്പോൾ ‘സുഗന്ധഗിരി’യുടെ സൗരഭ്യം പേരിൽ മാത്രമായി. ഏലക്കാടുകൾ കാപ്പിക്ക് വഴിമാറി. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുരധിവാസ പദ്ധതിയെന്ന് ഖ്യാതികേട്ട സുഗന്ധഗിരിയിലെ ഭൂമി തൊഴിലാളികളായിരുന്ന ഗോത്രവിഭാഗക്കാർക്ക് പതിച്ചുനൽകിയിട്ട് രണ്ട് പതിറ്റാണ്ടായി. ഏലത്തിന്റെ പെരുമ അവസാനിച്ചെങ്കിലും മലനിരകൾ ആരെയും മാടിവിളിക്കും.
പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാനനഗ്രാമം. കുത്തനെയുള്ള കയറ്റങ്ങളും താഴ്വരകളും. പതഞ്ഞൊഴുകുന്ന അരുവികളും പാറക്കെട്ടും പുൽമേടും. വളഞ്ഞുപുളഞ്ഞുള്ള പാതകളും മലനിരകളുടെ ഹരിതാഭയും മനംമയക്കുന്ന കാഴ്ചകളാണ്. എത്ര ആസ്വദിച്ചാലും മരിവരാത്ത സൗന്ദര്യം. വയനാടിന്റെ ചിറാപുഞ്ചിയെന്ന് പേരുകേട്ട ലക്കിടിയോട് ചേർന്നുള്ള ഗോത്രഗ്രാമം. വടവൃക്ഷങ്ങളും ആകാശം തൊടുന്ന മലനിരകളും സുഗന്ധഗിരിക്ക് കുടപിടിക്കുകയാണ്.
എഴുപതുകളിലെ
പുനരധിവാസം
എഴുപതുകളിൽ ആദിവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് 1500 ഹെക്ടർ നിക്ഷിപ്ത വനഭൂമി സർക്കാർ പട്ടികവർഗ വികസന വകുപ്പിന് കൈമാറി. ആദിവാസികളെ തൊഴിലാളികളാക്കി ഏലംകൃഷി ആരംഭിച്ചു. പിന്നീട് പ്രവർത്തനം തൊഴിലാളികൾ മെമ്പർമാരായ സഹകരണ സംഘത്തിന് കീഴിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആദിവാസികൾ സുഗന്ധഗിരിയിലേക്ക് എത്തി.
2003ൽ സംഘം പിരിച്ചുവിട്ട് തൊഴിലാളികൾക്ക് ഭൂമി പതിച്ചുനൽകി. സൊസൈറ്റി മെമ്പർമാരായിരുന്ന 356 പട്ടികവർഗ കുടുംബങ്ങൾക്ക് അഞ്ച് ഏക്കർ വീതവും മെമ്പർമാരല്ലാതിരുന്ന തൊഴിലാളികൾക്ക് രണ്ട് ഏക്കർ വീതവും ലഭിച്ചു. അഞ്ഞൂറോളം കുടുംബങ്ങൾ ഇപ്പോഴും സുഗന്ധഗിരിയിലുണ്ട്. ഏലം സ്വന്തംനിലയിൽ പരിചരിക്കാൻ കഴിയാതെ വന്നപ്പോൾ കാപ്പിവച്ചു. ഒപ്പം കുരുമുളക് കൃഷിയും ആരംഭിച്ചു. പതിറ്റാണ്ടുകൾ അവികസിതമായി നിന്നെങ്കിലും ഇപ്പോൾ വൈദ്യുതിയും റോഡുമുണ്ട്. റോഡുകൾ ഗതാഗത യോഗ്യമാക്കി. പാലങ്ങൾ നിർമിച്ചു. പ്രളയത്തിൽ തകർന്ന ഇടറോഡുകൾ പുനരുദ്ധരിച്ചു. കാപ്പി, കുരുമുളക് വികസന പദ്ധതികളും ഡയറി പ്രോജക്ടും സർക്കാർ നടപ്പാക്കി. ഇതോടെ മലയിറങ്ങാൻ തയ്യാറെടുത്തിരുന്ന കുടുംബങ്ങൾ തീരുമാനം മാറ്റി. വന്യമൃഗശല്യം ഉണ്ടെങ്കിലും കൃഷി പ്രധാന ഉപജീവനമാർഗമാക്കി ജീവിതം കരുപ്പിടിപ്പിക്കുകയാണിവർ.
ഏഴ് യൂണിറ്റുകളാണ് സുഗന്ധഗിരിക്കുണ്ടായിരുന്നത്. മലയോട് ചേർന്നുള്ള ഏഴാം യൂണിറ്റുകാർ മലയിറങ്ങി. ആറാം യൂണിറ്റുവരെ ആൾ താമസമുണ്ട്. ‘യാത്രാ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈ ഭൂമി വിട്ടുപോകാനാവില്ല. മറ്റൊരിടത്ത് സ്ഥലം വാങ്ങി ഇനി ജീവിതം തുടങ്ങാനാകില്ല. ഈ മണ്ണിൽ തന്നെ കഴിയണം’–- ആറാം നമ്പറിലെ കെ സുനിൽ പറഞ്ഞു.
സൗന്ദര്യ ഭൂമി
വൈത്തിരിയിൽനിന്ന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചാൽ സുഗന്ധഗിരി കോളിച്ചാലായി. ഇവിടെനിന്നാണ് മലയോര ഗ്രാമത്തിലേക്കുള്ള തുടക്കം. തിങ്ങിനിറഞ്ഞ വൻമരങ്ങൾക്കിടയിലൂടെയുള്ള ടാറിട്ട പാതയാണ്. നേരത്തെ തകർന്നുകിടന്ന റോഡ് നവീകരിച്ചതാണ്. നാല് കിലോമീറ്റർ എത്തിയാൽ വൃന്ദാവനായി. അങ്കണവാടിയും പിഎച്ച്സിയും ഗവ. എൽപി സ്കൂളും വായനശാലയും ഇവിടെയുണ്ട്. ഗ്രാമീണ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കവല. ആറാം നമ്പറിലേക്ക് വീണ്ടും ആറ് കിലോമീറ്റർ പോകണം. അംബയിൽ ടാറിട്ട പാത അവസാനിക്കും. പിന്നീട് കോൺക്രീറ്റ് റോഡാണ്. കുന്ന് ഇറങ്ങിയും പിന്നെ കയറിയും വളഞ്ഞുപുളഞ്ഞ് മുമ്പോട്ട് നീങ്ങണം. വഴിയിൽ സിനിമാ സെറ്റുകളും പാറക്കെട്ടുകളും കാപ്പിത്തോട്ടങ്ങളും കാണാം. ചെറുസസ്യങ്ങളും ഓർക്കിഡുകളും ഔഷധസസ്യങ്ങളുമെല്ലാമായി ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഓരോ ഇടവും. കുത്തനെയുള്ള കയറ്റം കയറി ആറാം നമ്പറിൽ എത്തുമ്പോഴേക്കും ആകാശംതൊടും. പിന്നീട് ജണ്ടകെട്ടി തിരിച്ച വനമായി. അതിനപ്പുറം തൂക്കുപാറയും കക്കയം വനമേഖലയുമാണ്. മറുഭാഗവും മലനിരകളാണ്. ഇതിനുനടുവിലായാണ് സുഗന്ധഗിരിയുടെ സൗന്ദര്യം.
അംബയെന്ന പറുദീസ
സുഗന്ധഗിരിയിലെ സ്വർഗമാണ് അംബ. വടവൃക്ഷങ്ങൾക്കിടയിലെ സൗന്ദര്യഭൂമി. വയനാടൻ മലനിരകളുടെ മനംമയക്കുന്ന കാഴ്ചകളുടെ കേന്ദ്രം. കാനനമധ്യത്തിൽ ഗ്രാമവിദ്യാലയവും. അംബ ഗവ. എൽപി സ്കൂൾ. വിദ്യാർഥികൾ കുറവാണെങ്കിലും നാടിന്റെ അക്ഷരവിശുദ്ധിയാണ്. പുനരധിവാസ പദ്ധതി പ്രൗഢിയോടെനിന്ന നാളുകളിൽ നൂറകണിക്കിന് വിദ്യാർഥികളുണ്ടായിരുന്നു. തോട്ടം പതിച്ചുനൽകിയതോടെ കുട്ടികളുടെ എണ്ണവും കുറഞ്ഞു. ഷൈനി ജോർജാണ് പ്രധാനാധ്യാപിക. മറ്റ് മൂന്ന് അധ്യാപകരുമുണ്ട്. ചെന്നായ കവല, കൂപ്പ് ഭാഗം, അംബ, ആറാം നമ്പർ എന്നിവിടങ്ങളിൽനിന്നാണ് കുട്ടികൾ എത്തുന്നത്.
വിനോദ സഞ്ചാരത്തിന്റെ
ഇടനാഴി
വയനാടൻ ടൂറിസത്തിന്റെ വരുംകാലത്തെ പ്രധാന ഇടമാകാനൊരുങ്ങുകയാണ് സുഗന്ധഗിരി. ആദിവാസി പൈതൃക ഗ്രാമമായ എൻ ഊരിനും പൂക്കോട് തടകാത്തിനും അരികിലായുള്ള ഇവിടെയാണ് സംസ്ഥാനത്തെ ആദ്യത്തെ പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം സ്ഥാപിക്കുന്നത്. 20 ഏക്കറിൽ യാഥാർഥ്യമാക്കുന്ന മ്യൂസിയത്തിന് മന്ത്രി കെ രാധാകൃഷ്ണൻ തറക്കല്ലിട്ടു. ഒരുവർഷംകൊണ്ട് ആദ്യഘട്ടം പൂർത്തിയാകും. ഇത് സുഗന്ധഗിരി ടൂറിസത്തിന്റെയും വാതിൽ തുറക്കും. ഉത്തരവാദിത്വ ടൂറിസത്തിന്റെ വയനാട്ടിലെ ഏറ്റവും പ്രധാന കേന്ദ്രമായി മാറ്റാനാകും. അത്രയധികം ചാരുതകളാണ് ഈ മണ്ണ് കാത്തുവച്ചിരിക്കുന്നത്.