പറവൂർ
ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തിറങ്ങിയതാണ് അബ്ദുൽ ഹഖ്. അപ്പോൾ കണ്ട കാഴ്ച ഇപ്പോഴും കൺമുന്നിലുണ്ട്. നടുക്കുന്ന കാഴ്ചയിൽ പതറിപ്പോയില്ല ഹഖ്. ഒപ്പമുണ്ടായിരുന്നവരെയും കൂട്ടി പുഴയിലേക്ക് കുതിച്ച് രക്ഷാപ്രവർത്തനം നടത്തി. മൂന്നുപേരെ മരണത്തിൽനിന്ന് കൈപിടിച്ചുയർത്തി.
‘‘ഞാൻ ഉറങ്ങാൻ കിടന്നതായിരുന്നു. 12.30ന് ഒരു ഫോൺ വന്നു. സംസാരിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത്. കാർ പുഴയുടെ ഭാഗത്തേക്ക് വേഗത്തിൽ പോകുകയായിരുന്നു. റോഡ് അവസാനിക്കുന്നിടത്തുനിന്ന് തിരിയുമെന്നാണ് വിചാരിച്ചത്. എന്നാൽ, അതുണ്ടായില്ല. നേരെ പുഴയിലേക്ക്’’–- അബ്ദുൾ ഹഖ് പറഞ്ഞു. ഉടൻ ഒപ്പമുള്ളവരെയും കൂട്ടി അവിടേക്ക് പാഞ്ഞു. കാറിൽ ഉണ്ടായിരുന്ന ഡോ. ഖാസിക്കും ജെസ്മോനും കരയുടെ അടുത്തേക്ക് നീന്തുന്നത് കണ്ടു. രണ്ടുപേരെയും വലിച്ച് കരയിലേക്ക് കയറ്റി. മൂന്നുപേർകൂടി കാറിലുണ്ടായിരുന്നുവെന്ന് അവരാണ് പറഞ്ഞത്.
നീന്തിച്ചെന്ന് തമന്നയെ കയർ കെട്ടി വലിച്ച് കരയോടടുപ്പിക്കുകയായിരുന്നുവെന്നും ഹഖ് പറഞ്ഞു. അദ്വൈതും അജ്മലും കാറിന്റെ മുൻവശത്തെ ഡോർ തുറന്നിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞായർ പുലർച്ചെ ഒന്നരയോടെയാണ് കാർ വീണ്ടെടുക്കാനായത്. മൂന്നരയോടെ അദ്വൈതിന്റെയും അജ്മലിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
മലപ്പുറം സ്വദേശിയായ അബ്ദുൾ ഹഖ്, വടക്കുംപുറത്ത് ട്രസ് വർക്കിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് കടൽവാതുരുത്ത് പുഴയ്ക്കുസമീപത്തുള്ള മുറിയിൽ മൂന്ന് സഹപ്രവർത്തകർക്കൊപ്പം താമസിക്കുന്നത്. സഹപ്രവർത്തകരായ സുരേഷ് എടവണ്ണപ്പാറ, ഷംനാദ്, സൽമാൻ കാവനൂർ എന്നിവരാണ് ഹഖിനൊപ്പം രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നത്.