ഹാങ്ചൗ
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ മലയാളി താരങ്ങൾക്ക് വെള്ളിയും വെങ്കലവും. പുരുഷന്മാരുടെ ലോങ്ജമ്പിൽ എം ശ്രീശങ്കർ 8.19 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. മൂന്ന് സെന്റീമീറ്റർ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്. 1500 മീറ്റർ ഓട്ടത്തിൽ കോഴിക്കോട്ടുകാരൻ ജിൻസൺ ജോൺസൺ വെങ്കലം നേടി. കഴിഞ്ഞതവണ ജക്കാർത്തയിൽ സ്വർണമായിരുന്നു. ഇത്തവണ മൂന്ന് മിനിറ്റ് 39.74 സെക്കൻഡിലാണ് മൂന്നാംസ്ഥാനം. ഇന്ത്യയുടെ അജയ്കുമാർ സരോജിനാണ് വെള്ളി.
ലോങ്ജമ്പ് ഫൈനലിൽ നാലാമത്തെ ചാട്ടത്തിലാണ് പാലക്കാട്ടുകാരനായ ശ്രീശങ്കർ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കിയത്. ആദ്യചാട്ടം ഫൗളായിരുന്നു. രണ്ടാമത്തേത് 7.87 മീറ്റർ, തുടർന്ന് 8.01 മീറ്റർ ചാടി. അഞ്ചാമത്തെ ചാട്ടം ഫൗളായി. അവസാനത്തേതിൽ കുതിക്കാൻ ശ്രമിച്ചെങ്കിലും എട്ട് മീറ്ററിൽ ഒതുങ്ങി. |
കഴിഞ്ഞതവണ ജക്കാർത്ത ഗെയിംസിൽ 7.95 മീറ്റർ ചാടി ആറാംസ്ഥാനമായിരുന്നു. തുടർന്ന് ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലും തിളങ്ങാനായില്ല. ഇത്തവണ ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടിയെങ്കിലും ഏഷ്യൻ ഗെയിംസിനുവേണ്ടി ഒഴിവാക്കിയിരുന്നു. മുൻ ട്രിപ്പിൾജമ്പ് താരവും അച്ഛനുമായ എസ് മുരളിയുടെ കീഴിലാണ് പരിശീലനം.
ചൈനയുടെ ജിയാനൻ വാങ് ആദ്യചാട്ടത്തിൽ സ്വർണദൂരം കണ്ടെത്തി. കഴിഞ്ഞതവണയും ചൈനക്കാരനായിരുന്നു സ്വർണം. യുഹാവോ ഷി 8.10 മീറ്ററുമായി വെങ്കലത്തിൽ ഒതുങ്ങി. അത് മറികടക്കാൻ ആർക്കുമായില്ല. ദേശീയ റെക്കോഡുകാരൻ ജെസ്വിൻ ആൽഡ്രിൻ 7.76 മീറ്ററോടെ എട്ടാംസ്ഥാനത്തായി.
ജിൻസൺ ജോൺസണ് കഴിഞ്ഞ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്റിൽ വെള്ളിയുമായിരുന്നു. ഇത്തവണ ഖത്തറിന്റെ മുഹമ്മദ് അൽഗർനി മൂന്ന് മിനിറ്റ് 38.36 സെക്കൻഡിൽ ഒന്നാമതെത്തി. ഉത്തർപ്രദേശിൽനിന്നുള്ള അജയ്കുമാർ സരോജ് മൂന്ന് മിനിറ്റ് 38.94 സെക്കൻഡിലാണ് വെള്ളി കരസ്ഥമാക്കിയത്. ജിൻസൺ മൂന്ന് മിനിറ്റും 39.74 സെക്കൻഡുമെടുത്ത് മൂന്നാമതായി.