ഹാങ്ചൗ
വെടിയൊച്ച നിലച്ചതിനുപിന്നാലെ ട്രാക്കിലും ഫീൽഡിലും ഇന്ത്യയുടെ കുതിപ്പ്. ഏഷ്യൻ ഗെയിംസിൽ ഞായറാഴ്ച നേടിയത് മൂന്ന് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും. അതിൽ രണ്ട് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും അത്ലറ്റിക്സിലാണ്. ഇന്ത്യ 53 മെഡലുമായി നാലംസ്ഥാനത്ത് തുടർന്നു.
ഷൂട്ടിങ് അവസാനിച്ചപ്പോൾ ഇന്ത്യക്ക് ഏഴ് സ്വർണമടക്കം 22 മെഡൽകിട്ടി. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽസിങ് ടൂർ 20.36 മീറ്റർ എറിഞ്ഞ് സ്വർണം നിലനിർത്തി. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെ തകർപ്പൻ ഫിനിഷോടെ പൊന്നണിഞ്ഞു.
ലോങ്ജമ്പിൽ മലയാളിതാരം എം ശ്രീശങ്കർ 8.19 മീറ്റർ ചാടി വെള്ളി കരസ്ഥമാക്കി. പാലക്കാട്ടുകാരന്റെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണ്. 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജിയുടെ വെള്ളി നാടകീയമായിരുന്നു.
ആദ്യം ചൈനീസ് താരത്തിനൊപ്പം ഫൗൾ സ്റ്റാർട്ടിന്റെ പേരിൽ പുറത്താക്കപ്പെടുകയും പിന്നീട് മത്സരിക്കാൻ അനുവദിക്കുകയുമായിരുന്നു. മൂന്നാമതായി ഫിനിഷ് ചെയ്ത ജ്യോതിയെ ചൈനീസ് താരം അയോഗ്യയാക്കപ്പെട്ടതോടെ വെള്ളിയിലേക്ക് ഉയർത്തി. പുരുഷന്മാരുടെ 1500 മീറ്ററിൽ അജയ്കുമാർ സരോജ്, വനിതകളിൽ ഹർമിലൻ ബെയ്ൻസ് എന്നിവർക്കും വെള്ളിയുണ്ട്. വനിതകളുടെ ഹെപ്റ്റാത്ലണിൽ നന്ദിനി അഗസറ, ഡിസ്കസ്ത്രോയിൽ സീമ പുണിയ എന്നിവർക്കൊപ്പം പുരുഷന്മാരുടെ 1500 മീറ്ററിൽ കോഴിക്കോട്ടുകാരൻ ജിൻസൺ ജോൺസണും വെങ്കലം കിട്ടി.
വനിതകളുടെ ഗോൾഫിൽ അദിതി അശോക് വെള്ളി കരസ്ഥമാക്കി.
ഗെയിംസ് ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. പുരുഷന്മാരുടെ ബാഡ്മിന്റണിൽ ഫൈനലിൽ തോറ്റതോടെ ടീമിന് വെള്ളിയാണ്.