പറവൂർ
ഗോതുരുത്തിലെ ദുരന്തവാർത്ത കേട്ടാണ് നാടുണർന്നത്. കോരിച്ചൊരിയുന്ന മഴപോലെ സങ്കടം പെയ്തിറങ്ങി എല്ലാവരുടെയും ഉള്ളിൽ.
അപകടം നടന്നതറിഞ്ഞ ഉടൻ പൊലീസ്, അഗ്നി രക്ഷാസേനയുടെ സ്കൂബ സംഘം ഉൾപ്പെടെ സ്ഥലത്തെത്തി. ഒപ്പം നാട്ടുകാരും. കാറിലുണ്ടായ മൂന്നുപേർ രക്ഷപ്പെട്ടതിന്റെ ആശ്വാസം അധികം നീണ്ടില്ല. രക്ഷാപ്രവർത്തനത്തിനൊടുവിൽ ലഭിച്ചത് ചേതനയറ്റ അജ്മലിനെയും അദ്വൈതിനെയും.
കൂട്ടുകാരുടെ നിലവിളി ഹൃദയഭേദകമായിരുന്നു. അപകടത്തിന് കാരണമായി ആദ്യം പ്രചരിച്ചത് ഗൂഗിൾ മാപ്പ് ചതിച്ചതാണെന്നായിരുന്നു. പിന്നീട് വെള്ളക്കെട്ടാണെന്ന് കരുതി കാറെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നും. ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, ചേന്ദമംഗലം പഞ്ചായത്ത് അംഗങ്ങളായ ഷിപ്പി സെബാസ്റ്റ്യൻ, കെ ടി ഗ്ലിറ്റർ, ജോമി ജോസി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജലോത്സവങ്ങളിൽ ഗോതുരുത്തുപുത്രൻ ഇരുട്ടുകുത്തിവള്ളം തുഴയുന്ന കേരള പൊലീസ് ബോട്ട് ക്ലബ് ടീം അംഗങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ടായി.