തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നവംബർ 14ന് ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. സഭാംഗങ്ങളെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ നിലവിലുള്ള കമ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കൽ 15 വരെ നടക്കും. മിനി എംസിഎഫ്, ആർആർഎഫ് സംവിധാനങ്ങളുടെ ഉറപ്പുവരുത്തൽ, ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്കരണവും അജൈവമാലിന്യങ്ങളുടെ ശേഖരണവും 100 ശതമാനമായെന്ന വിലയിരുത്തൽ, ഹരിത ഗ്രാമസഭകൾ, ആവശ്യമായ സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കൽ, മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം നൽകുന്ന ക്യാമ്പയിൻ എന്നിവ നവംബർ 15 മുതൽ 30 വരെ നടക്കും.
സാനിറ്ററി മാലിന്യസംസ്കരണ സംവിധാനം എല്ലാ നഗരസഭകളിലും ഉറപ്പാക്കൽ ഡിസംബർ ഒന്നുമുതൽ 10 വരെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കി പ്രഖ്യാപിക്കൽ 20 വരെയും ഹരിതകർമസേന ബ്രാൻഡിങ് 31 വരെയും നടക്കും. ഹരിതമിത്രം ആപ്ലിക്കേഷൻ 600 പഞ്ചായത്തിലും 65 മുനിസിപ്പാലിറ്റിയിലും നാല് കോർപറേഷനിലും സമ്പൂർണമാക്കൽ ജനുവരി ഒന്നുമുതൽ 10 വരെയാണ്. ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്കരണവും വാതിൽപ്പടി ശേഖരണവും വ്യാപാര സ്ഥാപനങ്ങളിലെ ശാസ്ത്രീയ മാലിന്യസംസ്കരണവും 100 ശതമാനം ഉറപ്പുവരുത്തലും വാർഡുകളുടെ വിലയിരുത്തൽ പ്രഖ്യാപനവും ജനുവരി 10 മുതൽ 20 വരെ നടക്കും. മാലിന്യമില്ലാത്ത പൊതുനിരത്തുകളും ഖരമാലിന്യമില്ലാത്ത ജലാശയങ്ങളും ഈ ഘട്ടത്തിലെ ലക്ഷ്യങ്ങളാണ്. മികച്ച സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള അനുമോദനം, മികച്ച തദ്ദേശസ്ഥാപനങ്ങളെ വിലയിരുത്തൽ എന്നിവയും ജനുവരിയിൽ നടക്കും.
2024 മാർച്ചോടെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂർണ ശുചിത്വപദവിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ വർഷം മാർച്ച് 15ന് മൂന്നു ഘട്ടമായുള്ള മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ആരംഭിച്ചത്. ഒന്നാം ഘട്ടത്തിലെ പൂർത്തിയാക്കാത്ത ലക്ഷ്യങ്ങളും രണ്ടാംഘട്ടത്തിലെ പ്രധാന ലക്ഷ്യമായ മാലിന്യസംസ്കരണത്തിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനങ്ങൾ ഊർജിതമാക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമിടുന്നത്.