തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും. ഓരോ വാർഡിൽനിന്നും കുറഞ്ഞത് 200 പേർ പങ്കെടുക്കുന്ന യജ്ഞത്തിൽ നഗരപ്രദേശങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കുക.
2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്കാണ് തിങ്കൾ തുടക്കമാകുക. സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി ഞായറാഴ്ച നാടാകെ ശുചീകരണം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ 23,000 ഇടങ്ങൾ മാലിന്യമുക്തമാക്കും.
വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്കരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ 10 വരെ തുടരും. വ്യാപാര-സ്വകാര്യ സ്ഥാപനങ്ങളിൽ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ 10 മുതൽ 20 വരെ നടക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്കരണ രംഗത്തെ വിടവ് വിലയിരുത്തൽ, ചിക്കൻ കട്ടിങ് കേന്ദ്രങ്ങൾ 100 ശതമാനം ചിക്കൻ റെൻഡറിങ് ഏജൻസികളുമായി കരാർ വച്ചുവെന്ന് ഉറപ്പാക്കൽ, മാലിന്യക്കൂനകളുടെ സമ്പൂർണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്യൽ തുടങ്ങിയവയും ഒക്ടോബറിൽ പൂർത്തിയാക്കും.
ഇന്നുമുതൽ എല്ലാ പരിപാടികളിലും മാലിന്യമുക്തം നവകേരളം പ്രതിജ്ഞ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി മുതൽ എല്ലാ ഔദ്യോഗിക പരിപാടികളും മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലി ആരംഭിക്കും. ഞായർ എറണാകുളം ജനറൽ ആശുപത്രി ക്യാൻസർ ബ്ലോക്ക് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലി തുടക്കം കുറിക്കും.
മാലിന്യങ്ങളും പാഴ്വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സംസ്കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ്വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണമായും സഹകരിക്കും. മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.