ന്യൂഡൽഹി
കർഷകരുടെയും ഇതര ജനവിഭാഗങ്ങളുടെയും ജീവിതാവശ്യങ്ങൾ നേടിയെടുക്കാൻ നടത്തിയ സുദീർഘ പോരാട്ടങ്ങളുടെ കരുത്തുമായി സിപിഐ എം രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് കളത്തിൽ. കോർപറേറ്റ്–-വർഗീയ കൂട്ടുകെട്ടിന്റെ രാഷ്ട്രീയശക്തിയായ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് സിപിഐ എം ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കഴിഞ്ഞ അഞ്ചു വർഷം സിപിഐ എമ്മും അഖിലേന്ത്യ കിസാൻസഭയും നിരന്തര പ്രക്ഷോഭത്തിലായിരുന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് കോടി രൂപയുടെ ആശ്വാസമാണ് കർഷകർക്ക് നേടിയെടുക്കാനായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28 സീറ്റിൽ തനിച്ച് മത്സരിച്ച സിപിഐ എം രണ്ടിടത്ത് ജയിച്ചു. ഹനുമാൻഗഢ് ജില്ലയിലെ ഭദ്രയിൽ ബൽവാൻ പൂനിയയും ബിക്കാനീറിലെ ശ്രീദങ്കർഗഢിൽ ഗിരിധർലാൽ മഹിയയും. രണ്ട് സീറ്റിൽ രണ്ടാമതും അഞ്ചിടത്ത് മികച്ച വോട്ടുവിഹിതത്തോടെ മൂന്നാമതുമെത്തി. ജനക്ഷേമപ്രവർത്തനങ്ങൾ നടത്താൻ സർക്കാരിൽ സ്വാധീനം ചെലുത്താൻ വേണ്ട അംഗബലം 200 അംഗ നിയമസഭയിൽ സിപിഐ എമ്മിന് സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ. മോദിസർക്കാരിന്റെ മൂന്ന് കാർഷികനിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രക്ഷോഭത്തിലും രാജസ്ഥാനിലെ കർഷകർ പ്രധാന പങ്കുവഹിച്ചു. ഷാജഹാൻപുരിൽ ഒരു വർഷത്തിലേറെ സമരകേന്ദ്രം പ്രവർത്തിച്ചു. ജനകീയപ്രക്ഷോഭങ്ങൾ വഴി സംസ്ഥാനത്ത് സിപിഐ എമ്മിന്റെ സ്വാധീനം വർധിച്ചിട്ടുണ്ടെന്ന് പാർടി കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണൻ പറഞ്ഞു. വിവിധ മണ്ഡലങ്ങളിൽ പ്രവർത്തക കൺവൻഷനുകൾ ചേർന്നുവരികയാണ്. പാർടി പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, വിജൂ കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി അമ്രാറാം എന്നിവർ പങ്കെടുക്കുന്നു.