ന്യൂഡൽഹി
ഉത്തർപ്രദേശിലെ ത്സാൻസി നവോദയ സ്കൂളിൽ ജമ്മു കശ്മീരിലെ വിദ്യാർഥികൾക്കുനേരെ കൈയേറ്റശ്രമം ഉണ്ടായതോടെ ഇവരെ തിരിച്ചയച്ചു. നാട്ടുകാരായ ചില വിദ്യാർഥികൾ രംഗത്തെത്തിയതോടെയാണ് നടപടി. ത്സാൻസിയിൽനിന്നുള്ള 20 വിദ്യാർഥികൾ ജമ്മു കശ്മീരിലെ രജൗരി നവോദയ സ്കൂളിലും ജമ്മു കശ്മീരിലെ 18 വിദ്യാർഥികൾ ത്സാൻസിയിലെ നവോദയയിലും പഠിച്ചിരുന്നു. ത്സാൻസിയിലെ വിദ്യാർഥികൾക്കുനേരെ ജമ്മു കശ്മീരിൽ കൈയേറ്റമുണ്ടായതായി അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് ത്സാൻസി നവോദയ സ്കൂളിലെ ഹോസ്റ്റലിൽ സംഘർഷമുണ്ടായത്.
വ്യാഴം വൈകിട്ട് നാട്ടുകാരായ ചില വിദ്യാർഥികൾ ഹോസ്റ്റലിൽ ഇരച്ചുകയറി. അധികൃതരും പൊലീസും ഇടപെട്ട് സാഹചര്യം ശാന്തമാക്കിയെങ്കിലും വെള്ളിയാഴ്ച രാവിലെ കൂടുതൽ വിദ്യാർഥികൾ സംഘടിച്ച് സ്കൂളിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വെള്ളിയാഴ്ചതന്നെ ജമ്മു കശ്മീരിൽനിന്നുള്ള വിദ്യാർഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയച്ചു. അതേസമയം, രജൗരിയിൽ യുപിയിലെ വിദ്യാർഥികൾക്കുനേരെ ആക്രമണമുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ എസ് കെ ജെയിൻ അറിയിച്ചു.