കൊച്ചി> ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിൽ എംജി സർവകലാശാല രാജ്യത്ത് രണ്ടാമതെത്തിയത് സംസ്ഥാനത്തിന് അഭിമാനമെന്ന് മന്ത്രി ആർ ബിന്ദു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ഗവേഷണത്തിലും മികവു പുലർത്തി ഈ ഉയർച്ചക്ക് വഴിവെച്ച സർവ്വകലാശാലാ കാമ്പസ് സമൂഹത്തെ കേരളത്തിനാകെ വേണ്ടി അഭിനന്ദിക്കുന്നെന്നും സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സംസ്ഥാനസർക്കാരിന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും വീണ്ടും ഊർജ്ജവും കരുത്തും പിന്തുണയും പകരുന്ന ഈ കുതിപ്പിൽ അഭിമാനമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ടൈംസ് റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയാണ് എംജി ഇടം നേടുന്നത്. രാജ്യത്ത് ഒന്നാം സ്ഥാനം ബാംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്(ഐഐഎസ്സി). തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാല എന്നിവയ്ക്കൊപ്പമാണ് എംജി രണ്ടാം സ്ഥാനം പങ്കിട്ടത്. 2024ലേക്കുള്ള റാങ്കിങ്ങിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ എംജി 2022, 2023 വർഷങ്ങളിലെ റാങ്കിങ്ങിലും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ ടൈംസ് യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആഗോളതലത്തിൽ 77-ാം സ്ഥാനവും നേടിയിരുന്നു.
ഐഐഎസ്സി 201– 250 റാങ്ക് വിഭാഗത്തിലും രണ്ടാം സ്ഥാനത്തുള്ള എംജിയടക്കമുള്ള സർവകലാശാലകൾ 501- 600 റാങ്ക് വിഭാഗത്തിലുമാണ്. രാജ്യത്തെ 91 സർവകലാശാലകൾ ഉൾപ്പെട്ട പട്ടികയിൽ കേരളത്തിൽനിന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ഇടംനേടി. യുകെയിലെ ഓക്സ്ഫഡ് സർവകലാശാല തുടർച്ചയായ എട്ടാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല, മസാച്ചുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യുകെയിലെ ഹർവാഡ്, കേംബ്രിഡ്ജ് സർവകലാശാലകൾ എന്നിവയാണ് യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. 108 രാജ്യങ്ങളിലെ 1904 സർവകലാശാലകളാണ് ലിസ്റ്റിലുള്ളത്.
പുതിയ കാലത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക, ഗവേഷണ മേഖലകളിൽ നടത്തിയ മുന്നറ്റമാണ് റാങ്കിങ്ങിൽ സ്ഥാനം നിലനിർത്താൻ സഹായകമായതെന്ന് വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ പറഞ്ഞു.യുഎസ് ന്യൂസിന്റെ 2022– 23ലെ റാങ്കിങ്ങിൽ പോളിമർ സയൻസിൽ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട എംജി വികസ്വര രാജ്യങ്ങളിലെ സർവകലാശാലകളുടെ 2022ലെ ടൈംസ് റാങ്കിങ്ങിൽ 101-ാം സ്ഥാനവും ഗവേഷണ -സംരംഭകത്വ മേഖലകളിലെ മികവിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.