കൊച്ചി> എലത്തൂർ ട്രെയിൻതീവയ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ എൻഐഎ കുറ്റപത്രം സമർപിച്ചു. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസിൽ ഷാരൂഖ് മാത്രമാണ് പ്രതിയെന്ന് എൻഐഎ വ്യക്തമാക്കി ജിഹാദി പ്രവർത്തനമാണ് നടത്തിയതെന്നും കേരളം തെരഞ്ഞെടുത്തത് തിരിച്ചറിയപ്പെടാതിരിക്കാനാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൃത്യം നടത്തി തിരിച്ചെത്തിയ ശേഷം സാധാരണനിലയിൽ ജീവിതം നയിക്കാനാണ് ഷാരൂഖ് പദ്ധതിയിട്ടിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്. ഇന്ത്യൻശിക്ഷാ നിയമം, യുഎപിഎ, പൊതുമുതൽ നശീകരണ നിരോധന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ആലപ്പുഴ– കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിലാണ് പ്രതി തീയിട്ടത്. സംഭവത്തിൽ കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. കണ്ണൂർ മട്ടന്നൂർ പാലോട്ട് പള്ളി ബദ്രിയ മൻസിലിലെ റഹ്മത്ത് (45), സഹോദരിയുടെ മകൾ ചാലിയം കുന്നുമ്മൽ വീട്ടിൽ സഹ്റ ബത്തൂൽ (രണ്ട്), മട്ടന്നൂർ കൊടോളിപുറം പുതിയപുര കൊട്ടാരത്തിൽ വീട്ടിൽ കെ പി നൗഫീഖ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
കേരള പൊലീസും കേരള– മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്തമായ നീക്കത്തിലൂടെ സംഭവം നടന്ന് മൂന്നാം ദിവസമാണ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് ഷാരൂഖ് പിടിയിലായിലാവുന്നത്.