തിരുവനന്തപുരം
കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ‘കേരളീയം’ പരിപാടി എല്ലാ വർഷവും നടത്തും. ഓരോ വർഷവും അതതു വർഷത്തെ അടയാളപ്പെടുത്തുംവിധമാകും സംഘാടനം. ആദ്യ പതിപ്പ് കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴുവരെ തലസ്ഥാന നഗരിയിലാണ്. നാട് കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രശ്നങ്ങളും മുന്നോട്ടുള്ള സാധ്യതകളും സംവാദ വിഷയങ്ങളാകും. തനതു വിഭവങ്ങളെയും സാംസ്കാരിക പൈതൃകത്തെയും കാർഷിക- വ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും പ്രദർശനങ്ങൾ വിളിച്ചറിയിക്കും.
സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും സാങ്കേതികവിദ്യാ രംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കും. ലോക വൈജ്ഞാനിക രംഗത്തുനിന്ന് പുതിയ ആശയങ്ങൾ സ്വാംശീകരിക്കാനും പരിപാടി സഹായിക്കും.
വിപുല വ്യാപാരമേളകൾ
വൈകുന്നേരങ്ങളിൽ പ്രധാന നിരത്തുകളിലെ കലാപരിപാടികളും പ്രദർശനങ്ങളും കാഴ്ചയുടെ വലിയലോകം തുറക്കും. ഓരോ വിഭാഗത്തിലും പ്രത്യേക വ്യാപാരമേളകളൊരുക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ആദിവാസിമേഖലയുടെ ഉൽപ്പന്നങ്ങൾ, വനിതാ സംരംഭങ്ങൾ, പരമ്പരാഗത, സഹകരണ മേഖല എന്നിങ്ങനെയാകും മേളകൾ. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതിലടങ്ങിയിരിക്കുന്ന പരമ്പരാഗത, പ്രാക്തന കലാരൂപങ്ങളും ആസ്വദിക്കാൻ അവസരമുണ്ടാകും.