തൃശൂർ
ശരീരം തളർന്ന് വീൽചെയറിൽ താങ്ങിപ്പിടിച്ച് ഇരിക്കുമ്പോഴും പത്തുവയസുകാരി ജെന്നത്തിന്റെ കണ്ണുകൾ ഒന്നാം നമ്പർ കാറിലേക്കായിരുന്നു. മുഖ്യമന്ത്രിയെ ഒന്നു കാണണം. തന്റെ അവസ്ഥ അറിയിക്കണം. തൃശൂർ ലൂർദ് പള്ളിഹാളിലെ മന്ത്രിതല അവലോകനയോഗം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങുന്നതും കാത്ത് ജെന്നത്തും മാതാപിതാക്കളും ഹാളിന് പുറത്ത് നിന്നു. അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) പിടിപെട്ടാണ് ജെന്നത്ത് തളർന്നത്. പടിയൂർ നെടുമ്പുരയ്ക്കൽ ഷെഫീഖ്–- ജെസീറ ദമ്പതികളുടെ മകളും പെരിഞ്ഞനം ഗവ.യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. യോഗം ഉച്ചക്ക് പിരിഞ്ഞ സമയത്താണ് ജെന്നത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയത്. വീൽചെയറിൽ ഇരിക്കുന്ന ജെന്നത്തിനെ കണ്ടതോടെ മുഖ്യമന്ത്രി അവളുടെ അടുത്തെത്തി. ചികിത്സാ സഹായം വേണമെന്ന് ആവശ്യപ്പെട്ടു. ജെന്നത്തിന്റെ തലയിൽ കൈവച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. മകളുടെ തളർന്ന കൈവിരലുകൾ ഷെഫീഖ് മുഖ്യമന്ത്രിയുടെ കൈകളിൽ ചേർത്തു. ആത്മവിശ്വാസത്തിന്റെ നിറചിരി അവളുടെ ചുണ്ടിൽ വിടർന്നു.
ജീവൻരക്ഷാ മരുന്നായ റിസ്ഡി പ്ലാമിന് വർഷം 30 ലക്ഷംവരെ ചെലവുവരും. ഏഴ് വയസ്സുവരെയുള്ള കുട്ടികൾക്ക് സംസ്ഥാന സർക്കാർ സൗജന്യമായി മരുന്നു നൽകുന്നുണ്ട്. ജെന്നത്തിന് പത്തുവയസ്സായതിനാൽ സൗജന്യമായി ലഭിക്കില്ല. വീട്ടിലിരുന്ന് ഡിസൈൻ, പ്ലാൻ വര ജോലികൾ ചെയ്യുന്ന ഷെഫീഖിന്റെയും ജെസീറയുടെയും വരുമാനം മകളുടെ ചികിത്സയ്ക്ക് മതിയാകില്ല. ആരോഗ്യമന്ത്രി വീണാജോർജിനും നിവേദനം നൽകി. രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്യൂർ എസ്എംഎ ഇന്ത്യയുടെ സൗത്ത് ഇന്ത്യ കോ–-ഓർഡിനേറ്ററും നിവേദനം നൽകി.