തൃശൂർ
പുത്തൂർ സഹകരണ ബാങ്കിൽ 40 ലക്ഷം രൂപയുടെ സ്ഥിരനിക്ഷപമുണ്ട് രാജേഷിന്. എന്നാൽ ചികിൽസയ്ക്ക് സുമനസുകൾ കനിയണം. മരത്തിൽനിന്ന് വീണ് പരിക്കേറ്റ് കിടപ്പിലാണ് രാജേഷ്. കോൺഗ്രസ് ഭരണത്തിലെ കൊള്ളയിൽ തകർന്ന ബാങ്കിൽനിന്ന് ചികിത്സാവശ്യത്തിന് പോലും പണം പിൻവലിക്കാനാവുന്നില്ല. പണത്തിനായി കയറിയിറങ്ങി മനംനൊന്ത് രാജേഷിന്റെ അച്ഛൻ ശിവരാമൻ നായർ മരിച്ചു, താമസിയാതെ അമ്മയും. കോൺഗ്രസ് പ്രതിസ്ഥാനത്ത് ആയതിനാൽ മാധ്യമങ്ങളും ഈ ദുരന്തം മറച്ചുവയ്ക്കുന്നു.
കൈന്നൂർ അവണൂർ ശിവരാമൻ നായർ വെട്ടുകാട്ടുള്ള തന്റെ ഭൂമി വിറ്റ് ലഭിച്ച 40 ലക്ഷംരൂപ 2010 ലാണ് പുത്തൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. കോൺഗ്രസ് ഭരണസമിതി നടത്തിയ ബാങ്ക് തകർന്നു. ശിവരാമൻ നായർ നിരവധി തവണ ബാങ്കിൽ കയറിയിറങ്ങി. സഹകരണ മന്ത്രിയായിരുന്ന സി എൻ ബാലകൃഷ്ണൻ, എംഎൽഎയായിരുന്ന എം പി വിൻസന്റ് എന്നിവരുൾപ്പടെയുള്ള നേതാക്കളോട് പരാതിപ്പെട്ടിട്ടും നിക്ഷേപം തിരികെ കിട്ടിയില്ല. 13 വർഷമായി മുതലും പലിശയും ലഭിച്ചില്ല. 2016ൽ ശിവരാമൻ നായർ മരിച്ചു. പിന്നീട് ഭാര്യ ഗിരിജയും മരിച്ചു.
സ്വർണപണിക്കാരനായ രാജേഷ് ജൂൺ 23നാണ് മാവിൽ നിന്ന് വീണ് ശരീരം തളർന്നത്. വിദഗ്ധ ചികിത്സക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. 15 ദിവസം കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. മൂന്നുമാസം ആശുപത്രിയിൽ കിടന്നു. ചികിത്സക്ക് വൻ തുക ചെലവായി. സുമനസുകളുടെ സഹായത്തോടെയാണ് ബില്ലടക്കാനായത്. ഇപ്പോഴും ചലനശേഷിയും സംസാരശേഷിയും പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല. രാജേഷിന്റെ ഭാര്യ ശ്രീദേവിക്കും അസുഖങ്ങളുണ്ട്. ആശുപത്രി വിട്ടതോടെ ശ്രീദേവിയുടെ നന്തിപുലത്തെ വീട്ടിലാണ് കഴിയുന്നത്. ഫിസിയോ തെറാപ്പിയുൾപ്പടെ ചികിത്സയിലൂടെ ജീവിതം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. പക്ഷെ പണമില്ല. തട്ടിപ്പിനെതിരെ രാജേഷിന്റെ കുടുംബം ബാങ്ക് പ്രസിഡന്റായിരുന്ന സുരേഷ് കാക്കനാട് ഉൾപ്പടെയുള്ള ഭരണസമിതിക്കെതിരെ ഹൈക്കോടതിയിലും വിജിലൻസിലും നൽകിയ കേസ് തുടരുകയാണ്.
അഴിമതിയെ തുടർന്ന് സർക്കാർ കോൺഗ്രസ് ഭരണസമിതി പിരിച്ചുവിട്ടു. പുതുതായി അധികാരത്തിലെത്തിയ എൽഡിഎഫ് ഭരണസമിതി വായ്പാ കുടിശികകൾ ഈടാക്കിയും പുതിയ നിക്ഷേപങ്ങൾ സ്വീകരിച്ചും ചെറിയ തോതിൽ പണം തിരിച്ചുകൊടുക്കുന്നുണ്ട്. പക്ഷെ പഴയ കേസുകൾ തടസമാവുകയാണ്.