തിരുവനന്തപുരം
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ 272ൽ 202ഉം യുഡിഎഫ് നിയന്ത്രണത്തിലുള്ളതാണെന്ന് സഹകരണ രജിസ്ട്രാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ബിജെപിയുടെ സംസ്ഥാനത്തെ ശേഷിക്കനുസരിച്ച് അഴിമതിയിലും മുന്നിലാണ്. അവർ ഭരിക്കുന്ന ഏഴ് സംഘത്തിലും അഴിമതി കണ്ടെത്തി.
16,255 സംഘങ്ങളിൽ 272ൽ മാത്രമാണ് ക്രമക്കേട്. ഇവയിൽ പലതും വിവിധ മേഖലകളിലെ പ്രാഥമിക സഹകരണസംഘങ്ങളുമാണ്. ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നവ വളരെ തുച്ഛം. ക്രമക്കേട് കണ്ടെത്തിയതിൽ ബഹുഭൂരിപക്ഷവും യുഡിഎഫ് ഭരിക്കുന്നതാണെങ്കിലും അഴിമതി കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും വയനാട്ടിലുമടക്കം സഹകരണ തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാക്കളെല്ലാം പാർടിയുടെ നെടുംതൂണുകളാണ്.
അറുപത്തിമൂന്ന് സംഘം എൽഡിഎഫിന്റേതാണെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും തട്ടിപ്പുകാരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നതും നിക്ഷേപകരെ സംരക്ഷിച്ചതും ഈ സംഘങ്ങളിലാണ്. ഇഡിയും മാധ്യമങ്ങളും ചേർന്ന് സഹകരണമേഖലയ്ക്ക് പ്രഹരമേൽപ്പിക്കാൻ ഉപയോഗിക്കുന്ന കരുവന്നൂർ ബാങ്കിലും തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടിയാണ് സിപിഐ എമ്മും സർക്കാരും എടുത്തത്. ബാങ്ക് മികച്ചനിലയിൽ പ്രവർത്തിപ്പിക്കാനും നിക്ഷേപങ്ങൾ അതിവേഗത്തിൽ തിരിച്ചുനൽകാനും തുടങ്ങി.
മലപ്പുറത്തും (38) തിരുവനന്തപുരത്തുമാണ് (25) ഏറ്റവും കൂടുതൽ അഴിമതി സംഘങ്ങൾ യുഡിഎഫിനുള്ളത്. കൊല്ലം–- 16, പത്തനംതിട്ട–- 9, ആലപ്പുഴ–-14, കോട്ടയം–- 15, ഇടുക്കി–- ഏഴ്, എറണാകുളം–- 24, തൃശൂർ–- എട്ട്, പാലക്കാട്– -11, കോഴിക്കോട്–- ആറ്, വയനാട്–- നാല്, കണ്ണൂർ–- 19, കാസർകോട്–- ആറ് എന്നിങ്ങനെയാണ് യുഡിഎഫ് ക്രമക്കേട് നടത്തിയതായി സഹകരണവകുപ്പ് കണ്ടെത്തിയ സംഘങ്ങൾ.
ബിജെപി ഭരിക്കുന്ന ഊരൂട്ടമ്പലം ഹൗസിങ് സഹകരണസംഘം, ചിത്തിരതിരുനാൾ ഫാർമേഴ്സ് സഹകരണ സംഘം, ബാലരാമപുരം പഞ്ചായത്ത് റസിഡൻസ് വെൽഫെയർ സഹകരണ സംഘം, ആറാട്ടുപുഴ സർവീസ് സഹകരണ ബാങ്ക്, മുഗു സർവീസ് സഹകരണ ബാങ്ക്, കുമ്പള സർവീസ് സഹകരണ ബാങ്ക്, കുഡ്ലു സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും സഹകരണവകുപ്പ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.