ന്യൂഡൽഹി
പോക്സോ നിയമ പ്രകാരം ശാരീരികബന്ധത്തിന് അനുമതി നൽകാവുന്ന കുറഞ്ഞ പ്രായം 18ൽനിന്നും 16 ആക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് നിയമകമീഷൻ റിപ്പോർട്ട്. കേന്ദ്ര നിയമമന്ത്രാലയത്തിന് സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ സമ്മതം നൽകാവുന്ന നിയമപരമായ പ്രായം കുറയ്ക്കണമെന്ന ആവശ്യത്തെ നിയമകമീഷൻ ശക്തമായി എതിർത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇത്തരം കേസുകളിൽ പ്രതികളെ ശിക്ഷിക്കണോ വേണ്ടയോയെന്ന കാര്യം ജഡ്ജിമാരുടെ വിവേചനാധികാരത്തിന് വിടണമെന്നാണ് നിയമകമീഷൻ ശുപാർശ. ഇരുഭാഗത്തുനിന്നും സമ്മതമുണ്ടായിരുന്നോ, പങ്കാളികൾക്കിടയിൽ സ്നേഹബന്ധം ഉണ്ടായിരുന്നോ, മൗനസമ്മതം ഉണ്ടോ തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്ത് ജഡ്ജിമാർക്ക് അന്തിമനിഗമനങ്ങളിൽ എത്തിച്ചേരാമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.