കൊച്ചി> വയനാട് പുല്പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില് മുഖ്യപ്രതിയും കോണ്ഗ്രസ് നേതാവുമായ സജീവന് കൊല്ലപ്പള്ളി 30 വരെ ഇ ഡി കസ്റ്റഡിയില് തുടരും. കഴിഞ്ഞ ദിവസമാണ് സജീവന്റെ അറസ്റ്റുണ്ടായത്. സഹകരണവകുപ്പാണ് ബാങ്കില് തട്ടിപ്പ് കണ്ടെത്തിയതും നടപടി തുടങ്ങിയതും. ഇതേ സംഭവത്തില് വിജിലന്സ് കോടതിയും നടപടി ആരംഭിച്ചിരുന്നു.
വായ്പാ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. കേസില് മുന്പ് വിജിലന്സ് അറസ്റ്റ് ചെയ്ത മുന് കെപിസിസി ഭാരവാഹി കെ കെ എബ്രഹാമിന്റെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവന് കൊല്ലപ്പള്ളി.
കേസില് ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികള്. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകള് അനുവദിച്ച് കോടികള് തട്ടിയ കേസില് കോണ്ഗ്രസ് നേതാവും കെപിസിസി മുന് ഭാരവാഹിയുമായ കെ കെ എബ്രഹാമാണ് ഒന്നാം പ്രതി.