തിരുവനന്തപുരം> എം എസ് സ്വാമിനാഥൻ ആറു പതിറ്റാണ്ടിലധികം കാർഷികരംഗത്തെ പ്രതിഭാസമായി നിലകൊണ്ടു. ഭക്ഷ്യക്കമ്മി നേരിടുന്ന ഇറക്കുമതി രാജ്യമെന്ന നിലയിൽനിന്ന് ഇന്ത്യ ധാന്യശേഖര സൂക്ഷിപ്പുള്ള സ്വാശ്രയ രാഷ്ട്രമായ ഘട്ടംകൂടിയാണത്. പിന്നിൽ നിരവധി ഘടകങ്ങളും കൂട്ടായ പ്രയത്നങ്ങളും ഉണ്ടെങ്കിലും പരിവർത്തനത്തിന്റെ ബഹുമതി ഹരിതവിപ്ലവത്തിനും ശിൽപി സ്വാമിനാഥനുമാണ്. ഉയർന്ന ഉൽപാദനം നൽകുന്ന വിത്തിനങ്ങളും രാസവള പ്രയോഗവും ജലസേചനവും ഉപയോഗിച്ചുള്ള ഹരിതവിപ്ലവ സങ്കേതങ്ങൾ നടപ്പാക്കിയതിനു പിന്നിലെ മുഖ്യചാലകശക്തി.
അതേസമയം, കർഷകരുടെയും കർഷക തൊഴിലാളികളുടെയും ശാസ്ത്രജ്ഞരുടെയും കൃഷിസഹായ സേവനങ്ങളുടെയും പ്രയത്നം, കൃഷിയിലും ഗ്രാമീണ വികസനത്തിലും സർക്കാർ നൽകിയ ഇളവുകളും നിക്ഷേപങ്ങളും എന്നിവ ഇല്ലായിരുന്നെങ്കിൽ തന്റെ സംഭാവന ഒന്നുമല്ലാതാകുമായിരുന്നുവെന്ന് അദ്ദേഹം മനസിലാക്കി. സ്വാമിനാഥന്റെ കാർഷിക ഗവേഷണം വ്യക്തിപരമായ പ്രചോദനത്തിൽനിന്നു തുടങ്ങിയതാണ്. 1943ലെ ബംഗാൾ ക്ഷാമത്തിൽ 30 ലക്ഷം പേർ മരിച്ചതും രാജ്യം കടുത്ത ധാന്യകമ്മിയിൽ അകപ്പെട്ടതുമാണ് പ്രേരണ. അത് മറികടക്കണമെന്ന ത്വര ഭാവിപ്രവർത്തനം രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ രീതികളുമായി അഭിപ്രായവ്യത്യാസം പുലർത്തിയവരും ആ മനഃസ്ഥിതി അംഗീകരിച്ചു.
അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമുള്ളയുംമൊത്ത്.
ജനക്ഷേമത്തിനുള്ള ശക്തമായ ഉപകരണമെന്ന നിലയിൽ ജൈവ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് അദ്ദേഹം കരുതി. അങ്ങനെ നിർമിക്കുന്ന ഉൽപന്നങ്ങൾ അപകടസാധ്യതയില്ലാത്തതാണെന്ന് ഉറപ്പിക്കുംവിധമാണ് മെച്ചങ്ങളും അപകടങ്ങളും വിലയിരുത്തേണ്ടതെന്നും വ്യക്തമാക്കി. കാര്യക്ഷമമായ സ്വതന്ത്ര ഏജൻസികളെക്കൊണ്ട് പരിശോധിപ്പിച്ച്, സംശയം ബാക്കിവെക്കാതെ ജൈവസുരക്ഷിതത്വം സംബന്ധിച്ച ഉത്ക്കണ്ഠ സംബോധന ചെയ്യണമെന്നും കാർഷിക ബിസിനസിന്റെ കൈയിൽ ഏൽപ്പിക്കരുതെന്നും ഊന്നി. ജൈവസാങ്കേതികവിദ്യയുടെ കാര്യത്തിൽ സ്വയംസർടിഫിക്കറ്റ് സമ്പ്രദായത്തിനെതിരുമായിരുന്നു.
അത്തരം പരിശോധനയ്ക്കും വിലയിരുത്തലിനുമായി മൂന്നു സ്വതന്ത്ര സംവിധാനമുള്ള അമേരിക്കൻ മാതൃക എടുത്തുകാട്ടി. പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജൻസി, മനുഷ്യാരോഗ്യത്തിനുമേലുള്ള ഫലം പരിശോധിക്കുന്ന ഫുഡ് ആൻഡ് ഡ്രഗ് ഏജൻസി, കൃഷിയിലെ പ്രത്യാഘാതം പഠിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ എന്നീ തലങ്ങളാണത്. വിനാശം വരുത്തുന്ന കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്താനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുമുള്ള സംവിധാനം ഉറപ്പാക്കാനും ആവശ്യപ്പെട്ടു. വ്യാപക രാസവള പ്രയോഗവും ഏകവിള കൃഷി സമ്പ്രദായവും മറ്റ് ഹരിതവിപ്ലവ സങ്കേതങ്ങളുമുണ്ടാക്കിയ വിനാശത്തെക്കുറിച്ചുള്ള പഠനത്തിൽനിന്നാണ് ഈ നിലപാട്.
അതേസമയം, ഹരിതവിപ്ലവം പ്രത്യേക സാഹചര്യത്തിൽ ധാന്യകമ്മിയും ഇറക്കുമതി ആശ്രിതത്വവും മറികടക്കാൻ സഹായിച്ചുവെന്നും വിലയിരുത്തി. ജൈവസാങ്കേതികവിദ്യയോടും മൊൺസാന്റോ പോലുള്ള കൃഷിബിസിനസിനോടുമുള്ള സമീപനത്തിലെ പ്രധാന വ്യതിരിക്തത, നമ്മുടേതുപോലുള്ള രാജ്യങ്ങളിലെ കാർഷികോൽപ്പാദനത്തിനുമേൽ സംഭവിക്കുന്ന ജൈവേതര ഘടകങ്ങളിലെ ഊന്നലാണ്. അതിനാൽ, സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഉപ്പുകലരൽ, വരൾച്ച, പ്രളയം, കാലാവസ്ഥയെ അതിജീവിക്കുന്ന വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കൽ എന്നിവയിൽ ശ്രദ്ധ പുലർത്തി. മൊൺസാന്റോ പോലുള്ളവയുടെ ഊന്നലാകട്ടെ ജൈവകീടങ്ങളുടെയും ഫംഗൽ ആക്രമണങ്ങളുടെയും മേലാണ്. മഴ ആശ്രയിച്ച് കൃഷിയിറക്കുന്ന പാവപ്പെട്ടവരുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ, സാങ്കേതികവിദ്യയും കൃഷി ബിസിനസിന്റെ പ്രയോഗവും വേർതിരിക്കേണ്ടത് അവശ്യമാണെന്ന് മനസ്സിലാക്കി. ബിടി വഴുതിന ധൃതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ടു. കാർഷിക വ്യവസായികൾക്കും ജൈവസാങ്കേതിക വിദഗ്ധർക്കും എല്ലാമറിയാം ജനങ്ങൾക്ക് ഒന്നുമറിയില്ല എന്ന നിലപാട് ശരിയല്ലെന്നും പറഞ്ഞു. വിത്തുബില്ലുമായി ബന്ധപ്പെട്ട് സ്വാമിനാഥനുമായി ചർച്ച നടത്താൻ അവസരമുണ്ടായി. പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടു. എന്റെ ശരിയായ വാദം സമ്മതിച്ചുതന്നു.
തന്റെ ആദ്യനിലപാട് വ്യത്യസ്തമായിരുന്നെങ്കിലും കിസാൻസഭ തയ്യാറാക്കിയ വിത്തുബിൽ ഭേദഗതികളുടെ യുക്തി അംഗീകരിക്കാനുള്ള വിശാലതയ്ക്ക് മുന്നിൽ ഞാൻ വിനയംപൂണ്ടു. അവ പാർലമെന്റിൽ അവതരിപ്പിക്കാമെന്നും ചർച്ചക്ക് യത്നിക്കാമെന്നുമുള്ള ഉറപ്പ്, വിവിധ പാർടികൾ ബില്ലിന്റെ കാര്യത്തിൽ സമാന നിലപാടെടുക്കുന്നതിൽ പ്രതിഫലിച്ചു. വിഭിന്ന നിലപാടുകളെ ഒരേസമയം പിന്തുണക്കുകയെന്ന നിലയിൽ അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ചിലതിൽ വസ്തുത കാണാം. ആ സംഭാവന വിലയിരുത്തുമ്പോൾ, വിധിപറയേണ്ടത്, ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങൾക്കൊപ്പം നിലകൊണ്ടോയെന്ന് പരിശോധിച്ചാണ്. വിമർശം സ്വീകരിക്കാൻ വിനയമുണ്ടായോ, തെറ്റുപറ്റുമ്പോൾ തിരുത്താനുള്ള നടപടി കൈക്കൊണ്ടോ എന്നും വിലയിരുത്തിയാണ്. രണ്ടുനിലയിലും പ്രോത്സാഹജനകമാണ്.
നവലിബറൽ കാലത്ത് സ്വാമിനാഥന്റെ നിലപാട് പതിനായിരക്കണക്കിന് പട്ടിണിക്കാരെ പരിഗണിച്ചു. കൃഷിയിൽനിന്നും ഗ്രാമീണ വികസനത്തിൽനിന്നും പിൻവാങ്ങിയ ഭരണകൂട നയങ്ങൾക്ക് എതിരുമായി. ഭക്ഷ്യസുരക്ഷാ പ്രശ്നം സംബോധന ചെയ്യുന്നതിൽ സ്ഥിരോത്സാഹം പുലർത്തി. ഗവേഷണഫലം ജനോപകാരപ്രദമായി പകരാനും സാങ്കേതികവിദ്യ കൈമാറാനുള്ള പൊതുസേവന സംവിധാനങ്ങൾക്കും പിന്തുണ നൽകി. പൊതുവിതരണ സംവിധാനം പരിമിതപ്പെടുത്തുന്നതിനെതിരെ നിലകൊണ്ടു. വിത്തുൽപാദനത്തിന് നിയന്ത്രണത്തോടും പരിശോധനാ മാർഗം ഉറപ്പാക്കിയും സ്വകാര്യമേഖലയെ അനുവദിക്കുന്ന നിലപാടെടുത്തപ്പോഴും പൊതുമേഖലയുടെ സജീവ പങ്കാളിത്തത്തിന് വാദിച്ചു.
കർഷകർക്കുള്ള ദേശീയ കമീഷൻ അധ്യക്ഷനെന്ന നിലയിൽ സ്വാമിനാഥന്റെ ശുപാർശ വിലപ്പെട്ടത്. അടിസ്ഥാന വില ഉറപ്പുവരുത്തൽ, താങ്ങുവില നിജപ്പെടുത്തൽ, പലിശനിരക്ക് നാല് ശതമാനത്തിൽ കൂടുതലാകാതെ കാർഷികവായ്പ എല്ലാവർക്കും ഉറപ്പാക്കൽ, അനിശ്ചിതത്വം നിറഞ്ഞ ലോകകമ്പോളത്തിൽ വില നിയന്ത്രണഫണ്ട് എന്നിവ ശ്രദ്ധേയം. കൃഷി കൂടുതൽ നഷ്ടത്തിലാവുന്നതും കടക്കെണിയിൽ കുടുങ്ങുന്ന കർഷകരുടെ എണ്ണം ഏറുന്നതും തിരിച്ചറിഞ്ഞ അദ്ദേഹം കൂടുതൽ പൊതുനിക്ഷേപത്തിനും സർക്കാർ പിന്തുണയ്ക്കും ആഹ്വാനംചെയ്തു. കാർഷികോൽപാദനം ഉയർത്താൻ നിലകൊണ്ടു. വിളയും കന്നുകാലി വളർത്തലും ഏകീകരിച്ച് വരുമാനം വർധിപ്പിക്കൽ, വൈവിധ്യവൽക്കരണത്തിലൂടെ തൊഴിലവസരം സൃഷ്ടിക്കൽ എന്നിവയ്ക്കും ആവശ്യപ്പെട്ടു. അവ ഭക്ഷ്യോൽപാദന ലക്ഷ്യം കൈവരിക്കാനും, ദാരിദ്ര്യവും ഗ്രാമീണ തൊഴിലില്ലായ്മയും പരിഹരിക്കാനും അവശ്യമാണെന്നും കരുതി.
ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള കഴിവിനെക്കാൾ ജനസംഖ്യാ വർധന വേഗത്തിലാണെന്നും മനസിലാക്കി. കുറഞ്ഞ വാങ്ങൽശേഷി ഉപഭോഗം വർധിപ്പിക്കുന്നില്ലെന്നും കണ്ടു. ആ വാക്കുകളിൽ, ഗ്രാമീണ കാർഷിക‐കാർഷികേതര മേഖലകളിൽ കുറഞ്ഞ തൊഴിലവസരത്തിന്റെ ഫലമായുള്ള തൊഴിൽ‐ജീവിതാവസരത്തിന്റെ ചുരുങ്ങൽ, കുടുംബ തലത്തിൽ ഭക്ഷ്യക്ഷാമത്തിലേക്കു നയിക്കുന്നു. നവലിബറൽനയങ്ങൾക്കെതിരെ ശക്തമായ വിധിയെഴുത്താണത്. ഹരിതവിപ്ലവത്തിന്റെ കാര്യത്തിൽ തളർച്ച അനുഭവപ്പെട്ടിട്ടുണ്ടെന്ന് സ്വാമിനാഥൻ തിരിച്ചറിഞ്ഞു. ധാന്യോൽപാദന വളർച്ചാനിരക്കിലുണ്ടായ കുറവ് കാരണമാണത്.
രാസവളങ്ങളുടെ അമിതോപയോഗവും ഏകവിള കൃഷിയും ഗുരുതര പ്രശ്നം സൃഷ്ടിച്ചുവെന്നും സമ്മതിച്ചു. കാർഷിക‐പാരിസ്ഥിതിക സമീകരണം മുന്നോട്ടുവച്ച് ഏകവിള സമ്പ്രദായത്തോടുള്ള ആശ്രിതത്വത്തിൽനിന്ന് പുറത്തുവരാനും വൈവിധ്യവൽക്കരണത്തിനും ആഹ്വാനം ചെയ്തു. ഹരിതവിപ്ലവവുമായി അഭേദ്യമായി ബന്ധപ്പെട്ട വ്യക്തി, അത്തരം നിഗമനത്തിലെത്തുകയെന്നത് സത്യം അംഗീകരിക്കാനും പുതിയത് സ്വീകരിക്കാനുമുള്ള കഴിവിന്റെ തെളിവാണ്. അഭിപ്രായവ്യത്യാസം നിലനിൽക്കെ, സ്വാമിനാഥന്റെ സമീപകാല നിലപാട് ആവശ്യങ്ങൾക്ക് രൂപംകൊടുക്കുന്നതിൽ കർഷകപ്രസ്ഥാനങ്ങളെ സഹായിച്ചു. ഭരണവർഗ നയങ്ങൾക്കെതിരായ പോരാട്ടത്തിന്റെ മൂർച്ചകൂട്ടാനും അത് ഉപകാരപ്പെട്ടു.