ന്യൂഡൽഹി
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ക്യാനഡ പ്രധാനമന്ത്രിയുടെ ആരോപണം തള്ളിക്കളയാനാകില്ലെന്ന് രാജ്യത്തെ പരമോന്നത സിഖ് സംഘടനയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി). ആരോപണങ്ങളുടെ സത്യാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്ന് എസ്ജിപിസി എക്സിക്യൂട്ടീവ് യോഗം പ്രമേയം പാസാക്കി.
ട്രൂഡോയുടെ വെളിപ്പെടുത്തലിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയതിനു പുറമെ പ്രശ്നം കേന്ദ്ര സർക്കാർ ഉത്തരവാദിത്വമില്ലാതെയാണ് കൈകാര്യം ചെയ്തതെന്ന രൂക്ഷവിമർശവും സമിതിക്കുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ വിഷയം ഒത്തുതീർപ്പാക്കുന്നത് മനുഷ്യാവകാശങ്ങളോടുള്ള അനീതിയാണ്.
സിഖുകാർക്കും പഞ്ചാബിനുമെതിരെ മുഖ്യധാരാ ടിവി ചാനലുകളും വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും നടത്തുന്ന കുപ്രചാരണങ്ങളെ എസ്ജിപിസി അപലപിച്ചു. നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിഖുകാരെ താറടിക്കുന്ന മാധ്യമങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ശക്തമായ നടപടിയെടുക്കണം.
ഖലിസ്ഥാൻ അനുകൂലികൾ ക്യാനഡയിലെ ഹിന്ദുക്കൾക്കെതിരെ നടത്തിയ വിദ്വേഷ പ്രചാരണത്തെ തള്ളിയ എസ്ജിപിസി തലവൻ ഹർജീന്ദർ സിങ് ധാമി പ്രശ്നം മുതലെടുത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
അതേസമയം, പ്രധാനന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ എസ്ജിപിസിയുടെ പ്രഥമ വനിതാ അധ്യക്ഷയായിരുന്ന ബിബി ജാഗിർ കൗർ രംഗത്തുവന്നു. ഇന്ത്യ മോദിയുടേത് മാത്രമല്ലെന്നും സിഖുകാരെ ഖലിസ്ഥാനികളാക്കി മുദ്രകുത്തുന്നത് ആശങ്കാജനകമാണെന്നും അവർ പറഞ്ഞു.