ന്യൂയോർക്ക്
ക്യാനഡയില് ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ ഭീഷണി ഉയരുന്നുവെന്നും ഇന്ത്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന ശക്തികൾക്ക് ക്യാനഡ വലിയ സഹായം നൽകുന്നുവെന്നും തുറന്നടിച്ച് വിദേശമന്ത്രി എസ് ജയ്ശങ്കർ. കോൺസുലേറ്റുകൾ ആക്രമിക്കപ്പെടുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി ഇടപെടുംവിധമുള്ള പരാമർശങ്ങളും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാകുന്നുവെന്നും ന്യൂയോർക്കിലെ പൊതുപരിപാടിയില് ജയ്ശങ്കർ പറഞ്ഞു.
ക്യാനഡ നൽകുന്ന ഏത് തെളിവിലും വിവരത്തിലും അന്വേഷണം നടത്താൻ ഇന്ത്യ തയ്യാറാണ്. മറ്റു രാജ്യങ്ങളിൽ അക്രമം നടത്തുന്നത് ഇന്ത്യൻ നയമല്ല. ഭീകരവാദ ശക്തികൾക്കെതിരെ ജസ്റ്റിൻ ട്രൂഡോ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ല–- ജയ്ശങ്കർ പറഞ്ഞു.
അതിനിടെ, ക്യാനഡയിൽ പാർലമെന്റ് സ്പീക്കർ ആന്റണി റോട്ട രാജിവച്ചു. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലറുടെ നാസി സേനയുടെ ഭാഗമായി ജൂതവംശഹത്യയിൽ പങ്കെടുത്ത ഉക്രയ്ൻ സൈനികനെ ആദരിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായതോടെയാണ് രാജി.